Search This Blog

1180. മഹാവീര്യർ

🔹 " മഹാവീര്യർ ''

Gnr :-  Political Satire / Fantasy 
Lang :- മലയാളം

ഒരുപാട് കാലങ്ങൾക്ക് ശേഷം നിവിൻ പോളിയുടേതായ് തീയേറ്ററിൽ എത്തിയ ചിത്രമാണ് മഹാവീര്യർ... നല്ല ട്രെയിലറും പ്രതീക്ഷ ഉണ്ടായിരുന്ന സംവിധായകൻ - നായകൻ കോംമ്പോയും കൂടാതെ ഓൺലൈൻ ചാനലുകളിലെ ഇൻറർവ്യൂസും കണ്ട് സാമാന്യം പ്രതീക്ഷ വെച്ച് തന്നെയാണ് തിയറ്ററിൽ എത്തിയത്. 

എന്ത് ഊള പടമാണിത്? പാതി പോലും വേവാത്ത കച്ചറ പടം. ഒറിജിനൽ കഥയെ
വികലമായി സ്ക്രീനിൽ എത്തിച്ച ഈ തൊലിച്ച പടം കണ്ടു പ്രത്യേകിച്ച് ഒരു വികാരവും വരുന്നില്ല... 
നിവിൻ പോളി എന്തു മാങ്ങാത്തൊലിയാണ് ഇതിൽ കാണിച്ചു വച്ചേക്കുന്നത്, ഇതിലെ കോർട്ട് സീൻ കണ്ടാൽ
ഹെൻ്റമ്മോ... ലോജിക് എന്നൊരു സാധനം എവിടേയും കാണാനില്ല,
തനി ബാലെ നാടകം...

My Rating - .5/5

ഇങ്ങനൊരു റിവ്യൂ കണ്ട് സിനിമയ്ക്ക് കയറിയ എന്നെ സംബന്ധിച്ച് 'മഹാവീര്യർ'
 നല്ലൊരനുഭവം നൽകിയ തരക്കേടില്ലാത്ത ചിത്രമായാണ് അനുഭവപ്പെടുത്തിയത്.. ഇരുത്തി ചിന്തിച്ചപ്പോൾ അതിലേറെ ഇഷ്ടപ്പെട്ടൊരു ചിത്രം.

ഈ സിനിമയ്ക്ക് ആധാരമായ M മുകുന്ദന്റെ കഥ വായിച്ചിട്ടില്ല, സിനിമയെ അതുമായി താരതമ്യം ചെയ്യാനും ഇല്ല... മുന്നിലെത്തിയ രണ്ടര മണിക്കൂർ മഹാവീര്യർ എന്ന ഈ സിനിമ കഥയിലെ ആക്ഷേപഹാസ്യം കൊണ്ടും നിവിൻ പോളി, ലാലു അലക്സ്, ലാൽ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങി ഒരുപറ്റം അഭിനേതാക്കളുടെ രസിപ്പിക്കുന്ന പ്രകടനം കൊണ്ടും പല ജോണറുകളും വൃത്തിയിൽ മിക്സ് ചെയ്ത രീതി കൊണ്ടും
എല്ലാത്തിനുമുപരി സിനിമ ചിന്തിപ്പിക്കുന്ന , കൺവെ ചെയ്യാൻ ശ്രമിച്ച കഥാപശ്ചാത്തലവും കഥയും മുൻ മാതൃകകളില്ലാതെ മലയാളത്തിലെ വേറിട്ടൊരു തിയേറ്ററനുഭവം നൽകുന്നതുകൊണ്ടും  മഹാവീര്യർ എന്ന ഈ സിനിമ സ്ക്രീനിൽ  മികച്ചൊരനുഭവമാണ് .

തീർത്തും വ്യത്യസ്തമായ ഒരു പൊളിറ്റിക്കൽ സറ്റെയർ എന്ന നിലയ്ക്ക്, ആദ്യാവസാനം ചിരിയും ചിന്തയും ഒരുപോലെ നൽകുന്ന ഒരു സിനിമ എന്ന നിലയ്ക്ക്, ടെക്നിക്കലി സൗണ്ടായ തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ സാധിക്കുന്ന ഒരു സിനിമ എന്ന നിലയ്ക്ക്
മഹാവീര്യർ ആദ്യാവസാനം ആസ്വദിച്ച സിനിമയാണ്.

കഥയിലേക്ക് വരുമ്പോൾ, വിഗ്രഹമോഷണം ആരോപിച്ച് അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ആ കേസിന്റെ വിചാരണയുമാണ് ആദ്യപകുതി പങ്കുവെക്കുന്നത്, തുടർന്ന് സിനിമ ഫാന്റസി മൂഡിൽ രാജഭരണ കാലത്തെ കൂടി ഉൾപ്പെടുത്തി വ്യത്യസ്തമായൊരു കഥയാണ് പങ്കുവെക്കുന്നത്.

ഭരണ വ്യവസ്ഥ സാധാരണ ജനങ്ങളോട് കാണിക്കുന്ന, ഇന്നാട്ടിലെ അടിസ്ഥാന വർഗ്ഗത്തിനോട് കാണിക്കുന്ന അവഗണനയും ക്രൂരതകളും എന്നും ചർച്ച ചെയ്യപ്പെടുന്ന കാര്യം തന്നെയാണ്... രാജാവും മന്ത്രിയും ഭടന്മാരും പോരാളികളും സ്തുതിപാട്ടുകാരുമൊക്കെ കാലം മാറിയപ്പോൾ മറ്റു പേരുകളിൽ ഇന്നും ഇവിടെ നമുക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്, അവരുടെ പ്രവർത്തികൾ മുൻപത്തേക്കാൾ ക്രൂരമായി നിലനിൽക്കുന്നുമുണ്ട്.. 
കാലാകാലങ്ങളിലെ ഈ നശിച്ച ചിന്താഗതികളോട് ഏർപ്പാടുകളോട് ഇവിടുത്തെ ജനം അഡ്ജസ്റ്റ് ചെയ്യപ്പെട്ടു എന്ന് തന്നെ ഉറപ്പിച്ചു പറയാം, കൊന്നാലും തിന്നാലും നിയമങ്ങളെ പർച്ചേസ് ചെയ്യപ്പെട്ടാലും ഇവിടെ ഇതൊക്കെ സാധാരണമായെന്ന് മറ്റൊരുതരത്തിൽ ഉറപ്പിച്ച് തന്നെ പറയാം, ആയിരക്കണക്കിന് ഉദാഹരണങ്ങളും നിരത്താം. എന്നാൽ ഈ വേദനകൾക്കെല്ലാം മുന്നിൽ 
ഒരാശ്വാസം ലഭിച്ചാൽ അതുവഴി പ്രത്യാശയുടെ സന്തോഷത്തിന്റെ കണ്ണീര് വന്നേക്കാം,
പക്ഷേ ഈ നാട്ടിലെ നിയമങ്ങൾക്കും ഭരണങ്ങൾക്കും ഭരണാധികാരികൾക്കും അതിനു സാധിച്ചെന്നു വരില്ല.

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും സിനിമാട്ടോഗ്രാഫിയും അടക്കം ടെക്നിക്കലി ചിത്രം മുൻപ് പറഞ്ഞതുപോലെ മികച്ചതെന്നു പറയുമ്പോൾ സിനിമയുടെ പോരായ്മ കൂടി നോക്കാം,
സിനിമ ആദ്യപകുതിയിൽ കാണിക്കുന്ന കേസും അതിൻറെ വിചാരണയും പാതിവഴിയിൽ നിർത്തിയാണ് പുതിയൊരു കഥ ആരംഭിക്കുന്നത്, അതുവരെ കണ്ട കഥ പാടെ മാറുമ്പോൾ നല്ലൊരവസാനം നൽകാമായിരുന്നു, കൂടാതെ ഈ സിനിമ കുറെ കൂടി നല്ലൊരു ടെയ്ൽ എന്റ് അർഹിച്ചിരുന്നു. രണ്ടാം പകുതിയിൽ നിവിൻ വെറുമൊരു കാഴ്ചക്കാരൻ ആകുമ്പോൾ അതുവരെ ഉണ്ടായിരുന്ന പേസ് നഷ്ടപ്പെടുന്നതും ആക്ഷേപഹാസ്യം എന്നതിലെ ഹാസ്യം നഷ്ടപ്പെടുന്നതും ചെറുതല്ലാത്ത നിരാശ നൽകുന്നുണ്ട്..

ചിന്തിക്കുമ്പോൾ എന്ത് മനോഹരമാണ് മഹാവീര്യർ, ഈ സിനിമ അർഹിക്കുന്ന പ്രേക്ഷക സമൂഹത്തിലേക്ക് അധികം വൈകാതെ എത്തുകയും തുടർന്ന് ഹിമാലയൻ ചർച്ചകൾ സംഭവിക്കുകയും ചെയ്യും, എന്നാൽ നല്ലൊരു സിനിമ നൽകുന്ന തീയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ധൈര്യമായി തിയേറ്ററിൽ ചെന്ന് പടം കാണാം. 

ഇത് എല്ലാവരുടെയും കപ്പിലെ കാപ്പിയാണെന്ന് പറയുന്നില്ല, പക്ഷേ ഇത്തരം കാപ്പികൾ ഒരുവട്ടമെങ്കിലും കുടിച്ചു നോക്കണം... ഒരുപോലെ മധുരവും എരിവും നൽകുന്ന ആസ്വദിച്ച് കുടിച്ചാൽ സ്വാദ് വർദ്ധിപ്പിക്കുന്ന കാപ്പികൾ ഇടയ്ക്കെങ്കിലും കുടിക്കുന്നത് നല്ലതാണ്.

My Rating - 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " തല്ലുമാല (😀) ''

No comments: