Search This Blog

Thoughts on കൂടെ

🔹606. കൂടെ
#കനവുപോൽ_കൂടെ_ആരോ

Gnr :-  FeelGood
Lang :- മലയാളം 2018

"ജെനി ,ജോഷ്വാ, സോഫിയ" 
ബന്ധങ്ങളുടെ തീഷ്ണതയിൽ കൂടെ കൂട്ടുന്ന കൂടെ...
അത്രപെട്ടെന്ന് മനസ്സിൽ നിന്ന് പടിയിറക്കാൻ സാധിക്കാത്ത എന്തോ ഒന്ന് പരിധിക്കപ്പുറം തുളച്ച് കയറിയ ദൃശ്യമികവ്.

"My Rating :- 5/5"
                  

                                      -Yadu EZr

കനവുപോൽ കൂടെ ആരോ എന്ന ടാഗ് ലൈനിൽ അഞ്ജലി മേനോൻ ഒരുക്കിയ പൃഥ്വിരാജ് ചിത്രമാണ് കൂടെ. 2014 ൽ ഇറങ്ങിയ ഹാപ്പി ജേർണി എന്ന മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പാണ് കൂടെ.ഹാപ്പി ജേർണിയിലെ നായകൻ അതുൽ കുൽക്കർണിയും കൂടെ നസ്രിയ, പാർവതി, രഞ്ജിത്ത്, ദേവൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.
ഫാന്റസി ഫീൽഗുഡ് ഡ്രാമയായ ഈ ചിത്രം ജോഷ്വാ - ജെന്നി എന്നിവരുടെ കഥയാണ് പറയുന്നത്.  

പഠനത്തിലും സ്പോർട്സിലും മികവ് പുലർത്തിയിരുന്ന ജോഷ്വായ്ക്ക് തന്റെ 15 ആം  വയസ്സിൽ വീട്ടിലേക്ക് പുതിയൊരു അനിയത്തിക്കുട്ടിയെ ലഭിക്കുന്നു, ജോഷ്വാ അവളെ ജെനി എന്ന് വിളിക്കുന്നു, പക്ഷേ ജന്മനാ രോഗബാധിതയായ ജെനിയ്ക്ക് ചികിത്സാ ചിലവിനായ് ജോഷ്വായ്ക്ക് പഠനവും ഇഷ്ട്ടങ്ങളും ഉപേക്ഷിച്ച്‌ ചെറുപ്രായത്തിൽ തന്നെ കടൽ കടക്കേണ്ട അവസ്ഥയായിരുന്നു.
ഈ അവസ്ഥ കുടുംബത്തോടുള്ള സ്നേഹമോ അതോ കടമയോ എന്ന് ചോദിച്ചാൽ ജോഷ്വായ്ക്ക് മറുപടി ഇല്ലായിരുന്നു.
കാരണം അവന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം അവർക്ക് വേണ്ടി ത്യജിച്ച ജോഷ്വാ ഇന്ന് ക്ഷീണിതനാണ്,
ആർക്ക് വേണ്ടിയാണോ അസ്ഥിത്വം നഷ്ട്ടപ്പെടുത്തിയത് അവരുടെ മരണവാർത്തയിൽ മരവിച്ച അവന് കണ്ണുനീരില്ലായിരുന്നു.
ആ മരവിപ്പിൽ തുടങ്ങിയ കാഴ്ച്ച
അവസാനിക്കുന്നത് വരെ
മാനുഷികമൂല്ല്യങ്ങളുടെ തീവ്രത  
മനസ്സിനെ സ്വാധീനിപ്പിച്ച് ചിലപ്പോഴെല്ലാം മനസ്സിനെ കുത്തിനോവിച്ചും കടന്ന് പോയ മികച്ച സൃഷ്ട്ടിയാണ് എനിക്ക് ഈ ചിത്രം.

ഇഹ്... ഇഹ്... ഇഹ്... എന്നും പറഞ്ഞ് പൃഥ്വിരാജിനെ കളിയാക്കുന്നവർ കൂടെ കാണുക. തന്റെ 100ആമത് ചിത്രത്തിൽ ആ നടൻ അമ്പരപ്പിച്ചു, വിസ്മയിപ്പിച്ചു.
അത്രമേൽ ഹൃദ്യമായ് ജോഷ്വാ എന്ന അന്തർമുഖനായ, ബാല്യം നഷ്ട്ടപ്പെട്ട, ജീവിതം വിരസമായ, ക്ഷീണിതനായ യുവാവിനെ പൃഥ്വി പകർന്നാടി. തുടക്കം മുതൽ പടം തീരുന്നത് വരെ പല അവസ്ഥകളും മാറ്റങ്ങളും ആ നടൻ ജീവിച്ചു കാണിച്ചു.

നസ്രിയയുടെ തിരിച്ച് വരവ് എന്നതിനേക്കാൻ ഈ ചിത്രം തിരഞ്ഞെടുത്തതിനോടും ചെയ്ത് വിജയിപ്പിച്ചതിനോടും ആ നടിയോട് ബഹുമാനം മാത്രം.
ജെനി എന്ന വേഷവും അവളുടെ ഓരോ ഡയലോഗും ക്യൂട്ട്നെസ്സും എല്ലാം നസ്രിയയിൽ ഭദ്രമായിരുന്നു.
പാർവ്വതിയും ഭാവാഭിനയത്താൽ സോഫിയയെ അടയാളപ്പെടുത്തി.
കൂടാതെ ഇഷ്ട്ട സംവിധായകൻ രഞ്ജിത്ത് ജോഷ്വായുടെ അച്ഛനായ് മികച്ച പ്രകടനം നടത്തി.

ലിറ്റിൽ സ്വയമ്പ് എന്ന ചായാഗ്രഹകന്റെ മാസ്റ്റർക്രാഫ്റ്റ്. വിഷ്വാൽ ഭംഗിയും കഥാഗതിയും ചേർന്നപ്പോൾ കാഴ്ച്ചക്കാരന്റെ ഉള്ളം തുറന്ന് കൂടെ കൂട്ടുന്നതായ് ഈ കൂടെ.
ഫീൽഗുഡ് കൊറിയൻ ചിത്രങ്ങളെ ഓർമ്മിപ്പിച്ച ഫ്രെയിംസ് അത്തരം ചിത്രങ്ങളുടെ ആരാധകനായ എന്നെ ഇഷ്ട്ടപ്പെടുത്തി.
കൂട്ടിന് സുന്ദരമായ സംഗീതവും ഒഴുക്ക് അടയാളപ്പെടുത്തിയ എഡിറ്റിംഗും.

കുടുംബത്തിന് വേണ്ടി ജീവിച്ച് ജീവിയ്ക്കാൻ മറന്ന് നശിച്ചവനല്ല കഥാനായകൻ, മറിച്ച് ഇഷ്ട്ടങ്ങളെല്ലാം കൺമുൻപിൻ അകന്ന് പോകുന്നത് കണ്ട് മരവിച്ച് പോകുന്ന ശരിയ്ക്കും തെറ്റിനും മധ്യത്തിൽ നിൽക്കുന്നവനാണ് ജോഷ്വാ. അവൻ കണക്കു പറയുന്നതും പരാതി പറയുന്നതും ഈ ശരി തെറ്റുകളിലൂടെയാണ്.

ജോഷ്വ വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുബോൾ  റൂമിൽ സ്വിച്ച് ഇടുന്ന രംഗമുണ്ട്.
ഇത് കണ്ട് ഓടി വന്ന രഞ്ജിത്തിന്റെ അച്ഛൻ വേഷം ആ സമയത്തുള്ള പ്രകടനവും വല്ലാത്തൊരു ഫീൽ നൽകി. കൂടാതെ ജോഷ്വായുടെ മരവിപ്പ് പിന്നീട് ഉള്ളം തുറന്ന പൊട്ടികരച്ചിലാകുന്നത് തനിക്ക് നഷ്ട്ടപ്പെട്ടതിന്റെ ആഴം തിരിച്ചറിയുമ്പോഴാണ്.
(അതൊരുപക്ഷേ മറ്റൊരു തരത്തിൽ എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതിനാലാകാം).

ചിരിയും നൊമ്പരവും ബാക്കിയാക്കി ജെനി കൂടെ കൂടുമ്പോൾ സ്ലോ പോയിസണിൽ അഞ്ജലി നൽകിയ ഈ അനുഭൂതി എന്നെ ഇഷ്ട്ടപ്പെടുത്തി.
രക്ഷാധികാരി ബൈജുവിന് ശേഷം സമീപക്കാലത്തേ എല്ലാം തികഞ്ഞ കാഴ്ച്ച ഈ ചിത്രം സമ്മാനിച്ചു.

Last worD

ഈ ലോകത്ത് നിന്ന് വിട്ടുപോകുബോൾ നമ്മളെ സ്നേഹിച്ചവർ പിന്നീട് നമ്മളെ മറന്നേക്കുമോ? എന്നത് ഒരുപാട് കാലത്തേ ചോദ്യമായിരുന്നു!
അതിന് കൂടെയിലൂടെ അഞ്ജലി നൽകിയ ഉത്തരത്തിന്,
രണ്ടാമതൊരു വട്ടം കൂടി കൂടെ കാണാൻ പോകും. അനിയത്തിയുമൊപ്പമിരുന്ന് കണ്ട് തീർക്കും. ജോഷ്വായുടെ മനസ്സുപോൽ നഷ്ട്ടപ്പെട്ട തന്നെ കണ്ടെത്താനുള്ള അവസാനമാർഗ്ഗം പോലെ കൂടെ വീണ്ടും കണ്ടിരിക്കും.

"My Rating :- 5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr?

next 》》 The Admiral (korean)

1 comment: