Search This Blog

thoughts

വെറുമൊരു സിനിമ എന്ന രീതിയിൽ മാലിക് എല്ലാ മേഖലയും  ഗംഭീരമായിട്ടുണ്ട്. 
എൻറെ അഭിപ്രായത്തിൽ ഇതിലെ ഓരോരുത്തരുടെയും കരിയർ ബെസ്റ്റ് തന്നെയാണിത്....

എന്നിരുന്നാൽ കൂടി ഈ സിനിമ തിയേറ്റർ റിലീസ് ചെയ്തിരുന്നെങ്കിൽ ഉറപ്പായും പരാജയപ്പെട്ടേനെ, എന്നാൽ ഇവിടെ ഉണരുന്ന ചർച്ചകളിൽ കൂടുതലും ബീമാപള്ളി വെടിവെപ്പിനെ സംബന്ധിച്ചായതുകൊണ്ട് അതിനെക്കുറിച്ചുള്ള എൻറെ അഭിപ്രായം പറയാം.

ഈ സിനിമ കാണുന്നതിനു മുൻപേ ബീമാപള്ളി വെടിവെപ്പും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വായിച്ചു മനസ്സിലാക്കിയ ആളാണ് ഞാൻ, അതുകൊണ്ടുതന്നെ പത്തു വർഷം മുൻപത്തെ ചരിത്രം യാതൊരു നീതിയും പുലർത്താതെ ഇങ്ങനെ വളച്ചൊടിച്ചതിൽ തീരാത്ത നിരാശയുണ്ട്. 
വെടികൊണ്ട് മരണപ്പെട്ടവരെ, പോലീസിൻറെ ക്രൂരതകൾ അനുഭവിച്ചവരെ, 
ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഇന്നും ഉള്ളുപൊള്ളി ജീവിക്കുന്നവരെ 
മുഖത്തു നോക്കി കൊഞ്ഞനം കുത്തിയ ഈ തിരക്കഥ മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം വലിച്ചു കെട്ടിയ ഒന്നു കൂടിയാണ്.
(മെക്സിക്കൻ അപാരത, കാലാപാനി മോഡൽ വെള്ളപൂശലിനപ്പുറം രാഷ്ട്രീയപരമായി കാണിച്ച നീതികേട് സിനിമയുടെ തിരക്കഥയിൽ ഉടനീളം ഉണ്ട്. )

-ബീമപള്ളി വെടിവെപ്പ് നടക്കുമ്പോൾ അധികാരത്തിലുള്ള സർക്കാർ,
ആദ്യന്തര മന്ത്രി,
ഇവർ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പാർട്ടി, നരനായാട്ട് അഴിച്ചുവിട്ട സേന, അവർക്ക് പറയാനുണ്ടായിരുന്ന അവരുടെ ഭാഗം
- ഇവയില്ലാതെ ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച് ഒരു തിരക്കഥ 
അത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.
എന്നാൽ മഹേഷിൻ്റെ തിരക്കഥയിൽ ഇവർ ഇല്ല എന്ന് മാത്രമല്ല നീതീകരിക്കാനാവാത്ത ഈ ക്രൂരത മുസ്ലിം പശ്ചാത്തലത്തിലുള്ള മുസ്ലിം ലീഗിനോട് സാദൃശ്യം തോന്നിക്കുന്ന ഒരു സർക്കാരിൻറെ തലയിൽ കെട്ടിവച്ചത് ശുദ്ധ പോക്രിത്തരമാണ് വൃത്തികേടാണ്...

(അതിപ്പോൾ സംവിധായകൻറെ കലാസൃഷ്ടിയാണ്, അവകാശമാണ് എന്നെല്ലാം പറഞ്ഞാലും 
ആ കലാപത്തിൽ 
ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും വേദന തിന്നുന്നവർ ബീമാപള്ളിയിൽ ഉണ്ടെന്ന യാഥാർത്ഥ്യം എങ്കിലും തിരിച്ചറിയണം, 

ചതിയൻ ചന്തുവിനെ നല്ലവനാക്കി ഐതിഹ്യം മാറ്റിയ ചരിത്രം പോലെയല്ല ഇന്നും നിഗൂഢതകൾ ഉള്ള ചർച്ചചെയ്യപ്പെടുന്ന ഒരു കലാപം വെള്ള പൂശുന്നത്)

മാലിക് എന്ന സിനിമ ക്വാളിറ്റിയിലും പ്രകടനത്തിലും എന്നെ ഏറെ തൃപ്തിപ്പെടുത്തിയ ഒന്നാണ്. 
അതിലെ രാഷ്ട്രീയം, പശ്ചാത്തലം, തിരക്കഥയിൽ കാണിച്ച നീതികേട്
ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല ഇതൊന്നും അനുവദിച്ചു കൊടുക്കാനും പറ്റില്ല,
കാരണം നാളെ
ഇന്ത്യൻ ചരിത്രത്തിലെ ഓരോ കാര്യങ്ങളും ഇതുപോലെ തിരിച്ചെഴുതിയാൽ അതിന്മേൽ പോലും കലാപങ്ങൾ ഉണ്ടായേക്കാം.
@YaduEZr

No comments: