1178. കടുവ
🔹 " കടുവ ''
Gnr :- Action
Lang :- മലയാളം
ഏറെ നാളുകൾക്ക് ശേഷമാണ് ഒരഭിപ്രായവുമായി എത്തുന്നത്, അതിനു പ്രധാന കാരണം ഈയിടെ കണ്ട അവലക്ഷണം കെട്ട , നാണംകെട്ട ചില സിനിമകളാണ്... അവ നൽകിയ മെന്റൽ ട്രോമ മറ്റു സിനിമകളുടെ ആസ്വാദനത്തെ പോലും ബാധിച്ചിട്ടുമുണ്ട്... കാത്തിരുന്ന കടുവ എന്നെ തൃപ്തിപ്പെടുത്തിയ ചിത്രമാണ്, പോരായ്മകൾ എണ്ണി പറയേണ്ട ജോണറല്ലാത്തതുകൊണ്ട് പ്രഥമലക്ഷ്യമായ 'എൻ്റർടൈനിംങ്' പൂർണ്ണതയിൽ നൽകുന്ന ഈ ചിത്രം പാസ്മാർക്ക് നേടി കയ്യടി വാങ്ങുന്നു.
My Rating - 3.5/5
ഒരു നാടൻ അടി പടം എന്ന പരസ്യവാചകം, മാസ് മസാല ട്രെയിലറും അത് ശരി വെച്ച പോസ്റ്ററുകളും, തീയറ്ററിലെ അടി വാങ്ങി പൊത്തിലായ സംവിധായകനും അത്രയ്ക്കങ്ങ് പ്രിയപ്പെട്ടവനല്ലാത്ത എഴുത്തുകാരനും, പിന്നെ യാതൊരു വിജയ ഗ്യാരണ്ടിയും ഇല്ലാത്ത പൃഥ്വിരാജിന്റെ ഈ ജോണറും....
റിലീസിന് മുന്നേ പറഞ്ഞതുപോലെ ഒരു താന്തോന്നി ലെവൽ കിട്ടിയാൽ പോലും ആശ്വാസം നൽകുമായിരുന്ന ഈ ചിത്രം നല്ല മേക്കിങ്ങിലും ഫൈറ്റ് കൊറിയോഗ്രാഫിയിലും രണ്ടര മണിക്കൂർ പൃഥ്വിരാജ് ഷോയാണ് തിയേറ്ററിൽ നൽകുന്നത്.
താരതമ്യപ്പെടുത്തുന്ന മറുഭാഷ ഭീമന്മാരുടെ ബഡ്ജറ്റിന്റെ നാലൊന്നും പോലും ചെലവില്ലാതെ മലയാളത്തിന്റെ പരിമിതിയിൽ ഈ ചിത്രം ചെയ്തിറങ്ങുമ്പോൾ പുലിമുരുകന് ശേഷം ആസ്വദിച്ച് കണ്ട ഒരു ആക്ഷൻ മസാല ചിത്രം കൂടിയാണ് കടുവ. റോക്കി ഭായ് ലെവൽ പ്രതീക്ഷിച്ചു പോകുന്നവർക്ക് ആമസോൺ പ്രൈമിൽ KGF ഒന്നൂടെ കാണാം.
പള്ളിക്ക് സമ്മാനം കൊടുത്ത ഒരു പിയാനോ വരുത്തിവെക്കുന്ന പ്രശ്നങ്ങളും അതിലൂടെ ഉണ്ടാകുന്ന രണ്ടു പേരുടെ വഴക്കും മെയിൽ ഈഗോസും പഴയ ഷാജി കൈലാസ് ടെമ്പ്ലേറ്റിൽ എന്തിന് ഷോട്ടുകളിൽ പോലും ഷാജി ടച്ച് വർഷങ്ങൾക്കുശേഷം തിയറ്ററിൽ ആസ്വദിപ്പിക്കുന്ന ചിത്രമാണ് കടുവ. സിനിമയുടെ ഏറ്റവും മികച്ച വശം പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. കാരണം ഇതുപോലൊരു കഥാപാത്രം അതിൻറെ പൂർണ്ണതയുള്ള സ്വാഗിൽ മലയാളത്തിലെ ത്രിമൂർത്തികൾക്ക് ശേഷം കെട്ടിലും മട്ടിലും ആദ്യവസാനം കയ്യടി നേടി അവതരിപ്പിക്കാൻ മലയാളത്തിൽ ഇന്ന് മറ്റാരുമില്ല എന്ന സത്യവും കടുവ പോലുള്ള ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.
സിനിമയുടെ പോരായ്മകളിലേക്ക് വരാം.
ലൈറ്റിംഗ് , സ്ക്രീനിൽ നിന്ന് കണ്ണിലേക്ക് അടിക്കുന്ന ഒരു ടോർച്ച് പോലെ എല്ലാ ഫ്രെയിമിലും കുത്തിക്കയറ്റിയ ലൈറ്റിംഗ് പരമ ബോറാണ്, ആസ്വാദനത്തിൽ നല്ല രീതിയിൽ അത് ബാധിക്കുന്നുമുണ്ട്.
കൂടാതെ ഒരു പാലാക്കാരൻ അച്ചായൻ കഥാപാത്രമൊന്നും വിവേക് ഒബ്റോയിയെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് എല്ലാവർക്കും മനസ്സിലാകും, അത് സ്ക്രീനിലും കാണാം. എന്നിരുന്നാൽ പോലും ടിയാൻ തന്നാലാവുന്നത് ചെയ്തു വച്ചിട്ടുണ്ട്,
ജേക്സ് ബിജോയ് ഒരുക്കിയ മ്യൂസിക് ഡിപ്പാർട്ട്മെൻറ് സിനിമയുടെ മോശം വശമായൊന്നും എനിക്ക് തോന്നിയിട്ടില്ല, എന്നാൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നേൽ കുറെ കൂടി നല്ല ഔട്ട്പുട്ട് നൽകാൻ സാധിച്ചേനെ.
കടുവ എന്നെ ഒത്തിരി ഇഷ്ടപ്പെടുത്തിയ ചിത്രമാണ്, തിയേറ്ററിൽ മാത്രം ഇഷ്ട്ടം സമ്പാദിക്കാൻ കെൽപ്പുള്ള ചിത്രം... പ്രതീക്ഷയുടെ വലിയ ഭാരമില്ലാതെ ഒരു എൻ്റർടൈനർ കാണാൻ ടിക്കറ്റെടുത്താൽ നിരാശപ്പെടുത്താത്ത ചിത്രമായിരിക്കും കടുവ.
My Rating - 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ഉടൽ
No comments: