1188. റോഷാക്ക്
🔹 " റോഷാക്ക് ''
Gnr :- MYSTERY
Lang :- മലയാളം
തിരഞ്ഞെടുപ്പുകളിൽ മമ്മൂക്ക കാത്തുസൂക്ഷിക്കുന്ന വൈവിധ്യം, കയ്യടിക്കേണ്ട ആ വസ്തുത ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന
മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ് റോഷാക്ക്.
My Rating - 4/5
ഒരു കാട്ടിൽ വെച്ച് തന്റെ കാർ ആക്സിഡന്റ് ആവുകയും അതേത്തുടർന്ന് ഓർമ്മ നഷ്ടപ്പെടുകയും ഓർമ്മ തിരിച്ചുകിട്ടുമ്പോൾ അതുവരെ കാറിൽ ഉണ്ടായിരുന്ന ഭാര്യയെ കാണുന്നില്ല എന്ന സത്യം മനസ്സിലാക്കി അയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ
പരാതിപ്പെടുന്നു, പോലീസും നാട്ടുകാരും ഒരുപാട് തിരഞ്ഞിട്ടും ഭാര്യയുടെ ഒരു ചെരിപ്പ് അല്ലാതെ മറ്റൊന്നും തന്നെ ലഭിക്കുന്നില്ല, ദിവസങ്ങൾ കഴിയുമ്പോൾ പോലീസും നാട്ടുകാരും അന്വേഷണം മതിയാക്കുമ്പോഴും അയാൾ അവളെ തേടി ആ നാട്ടിൽ തന്നെ തങ്ങുകയും തുടർന്ന് അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമ പറയുന്നത്.
'കെട്ടിയോളാണെന്റെ മാലാഖ' എന്ന നല്ല സിനിമയുടെ സംവിധായകൻ രണ്ടാമതൊരു ചിത്രമായെത്തുമ്പോൾ അതൊരു മമ്മൂക്ക ചിത്രമാകുമ്പോൾ സാധാരണഗതിയിൽ പ്രതീക്ഷിക്കുന്നതെന്തോ,
ഔട്ട്പുട്ടിൽ അതിനും ഒരുപാട് മുകളിൽ കെട്ടിലും മട്ടിലും പൂർണ്ണതയിൽ ഒരുക്കിയ മലയാളത്തിലെ ഒന്നാന്തരം സിനിമകളിലൊന്നാണ് റോഷാക്ക്,
ടൈറ്റിലും പോസ്റ്ററുകളും സിനിമയെ അടുപ്പിച്ചപ്പോൾ പിന്നാലെ വന്ന ട്രെയിലർ വല്ലാതെ പ്രതീക്ഷ നൽകിയിരുന്നു.. ആ പ്രതീക്ഷയോട് പരിപൂർണ്ണതയിൽ നീതി പുലർത്തിയ
മലയാള സിനിമയെന്നും പറഞ്ഞ് എവിടേയും കാണിക്കാവുന്ന ക്വാളിറ്റി പ്രൊഡക്റ്റാണ് തിയേറ്ററിൽ റോഷാക്ക് ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് എനിക്ക് നൽകിയത്.
തന്റെ പ്രിയ പത്നിയെ കൊന്നവരോടുള്ള പ്രതികാരം എന്ന പറഞ്ഞുപഴകിയ തീം മലയാള സിനിമ ഇതിനോടകം കാക്കത്തൊള്ളായിരം വട്ടം സ്ക്രീനിൽ കണ്ടിട്ടുണ്ടാവും. ഉദാഹരിക്കാനില്ലാത്ത വിധം പുതുമയുടെ കുപ്പിയിൽ ആ പഴകിയ തീമിനെ വെച്ചു നിറച്ച് തയ്യാറാക്കിയെടുത്ത 'റോഷാക്ക്' എഴുത്തിൽ രൂപം കൊടുത്ത കഥാപശ്ചാത്തലത്തിലേക്ക് പ്രേക്ഷകന് ഒപ്പം ചേരാൻ സാധിച്ചാൽ സിനിമ നൽകുന്ന മൂഡും എൻഗേജ്മെൻ്റും അത്രമേൽ ഭീകരമാണ് മനോഹരമാണ്.
മമ്മൂട്ടിയുടെ ഗംഭീര പെർഫോമൻസ്, അയാൾ ഇക്കാലത്തും അടിമുടി അപ്ഡേറ്റഡായ് സ്ക്രീനിൽ നിറയുന്ന കാഴ്ച മനസ്സു നിറയ്ക്കുന്നത് തന്നെയാണ്. മമ്മൂട്ടിയല്ലാതെ മറ്റാർക്കും പൂർണ്ണതയിൽ ചെയ്തു ഫലിപ്പിക്കാൻ പറ്റാത്ത എടുപ്പിലും നടപ്പിലും ടൈലർഫിറ്റ് ക്യാരക്ടറിനെ അതിമനോഹരമാക്കുന്ന ഗംഭീര സിനിമാനുഭവം കൂടിയാണ് റോഷാക്ക്.
തന്റെ ആദ്യ നിർമ്മാണ സംരംഭം വിജയ സാധ്യതയില്ലാത്ത പരീക്ഷണ സ്വഭാവമുള്ള ഒരു സിനിമയിലൂടെയാണെന്നുള്ളതും മമ്മൂക്കയിലെ നല്ല പ്രൊജക്ടുകളുടെ ഭാഗമാകാൻ ആർത്തിയോടെ സമീപിക്കുന്ന അഭിനേതാവിനെ കാണിച്ചു തരുന്നുണ്ട്.
ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ എന്നിവരുടെ പെർഫോമൻസും മിഥുൻ മുകുന്ദൻറെ ടോപ്നോച്ച് സൗണ്ട് ഡിപ്പാർട്ട്മെൻ്റും നിമിഷ് രവിയുടെ കിണ്ണം കാച്ചിയ ഫ്രെയിംസും ഗ്രേ ഷെയ്ഡിലുള്ള കളറിംങ്ങും സമീർ അബ്ദുൽ എഴുതിയ കഥയെ നിസ്സാം ബഷീർ അടിമുടി ഗംഭീരമാക്കിയിട്ടുണ്ട്.
സിനിമയുടെ പോരായ്മകളിലേക്ക് കണ്ണോടിക്കുമ്പോൾ, സ്പോയിലറുകൾ ഉണ്ടാകും!
ഭാര്യയെ കൊന്നവരോടുള്ള പ്രതികാരം, അതിനായി എത്തുന്ന നായകൻ.. അയാൾ ഉണ്ടാക്കുന്ന ഒരു ആക്സിഡൻറ് സ്റ്റോറി... ഒപ്പം പറയുന്ന ഭാര്യയുടെ മിസ്സിംഗ്.
പോലീസും നാട്ടുകാരും ആവുംവിധം അന്വേഷിക്കുമ്പോഴും കഥ നടക്കുന്നത് ഉട്ടോപ്യയിലാണെന്ന പോലെ ജഗദീഷൊഴികെ മറ്റാരും അന്വേഷിച്ചിറങ്ങുന്നില്ല എന്നത് കാഴ്ചയിൽ മുഴച്ചു നിൽക്കുന്ന ഒന്നാണ്....
കാരണം ലൂക്ക് ആ നാട്ടിലെത്തി മരണങ്ങളും പ്രശ്നങ്ങളും സംഭവിക്കുമ്പോഴും അത് ദിലീപിൻറെ കുടുംബമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നു എന്നതും ലൂക്കും ദിലീപും ഒരുപോലെ മറ്റൊരു രാജ്യവുമായി കണക്ട് ആകുന്നു എന്നതും പ്രഥമ ദൃഷ്ട്യ അന്വേഷണത്തിന് പോകേണ്ടതാണ്....
കൂടാതെ കഥ നടക്കുന്നത് ഇക്കാലത്താണെന്ന് പ്രത്യേകം പറയുന്നതുകൊണ്ട് ഒരാളുടെ ഐഡന്റിറ്റി, മിസ്സിംഗ് തുടങ്ങിയവ നസീറിന്റെ കാലത്തെ അന്വേഷണം പോലെ യാതൊരു സാധ്യതകളും പ്രയോജനപ്പെടുത്താതെ കാണിക്കുന്നതും കാഴ്ചയെ നേരിയ തോതിലെങ്കിലും ബാധിക്കുന്നുണ്ട്.
ഗ്രേസ് ആൻറണി - മമ്മൂട്ടി ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ കഥയ്ക്ക് അത്രമേൽ അത്യാവശ്യമായ ഘടകമായിരുന്നു, വെറുമൊരു ഡയലോഗിൽ അതൊരുക്കിയ രീതിയും ആ രംഗങ്ങളും വല്ലാതെ മോശമായാണ് തോന്നിയത്. കൂടാതെ രണ്ടാം പകുതിയുടെ ആദ്യഭാഗങ്ങളിൽ കഥയിൽ വരുന്ന ലാഗ് കാഴ്ചയെ ബാധിക്കുന്നില്ലെങ്കിലും വേണമെങ്കിൽ നോട്ടീസ് ചെയ്യാവുന്ന പോരായ്മയാണ്.
ഒരു ക്ലീഷേ കഥയെ മുൻ മാതൃകകളില്ലാത്ത വിധം പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ബ്രില്യൻൻ്റ് പെർഫോമൻസിൽ ഒരു ഇൻറർനാഷണൽ അപ്പ്രോച്ച് ആദ്യാവസാനം അടിമുടി നിലനിർത്തിയ നിർബന്ധമായും തീയറ്റർ കാഴ്ച അർഹിക്കുന്ന സിനിമയാണ്
റോഷാക്ക്, സിനിമ നൽകുന്ന മിസ്റ്ററി മൂഡും 'അസ്ഥിവാരം തോണ്ടുക' എന്ന രീതിയിലുള്ള റിവഞ്ചും തീയറ്റർ എക്സ്പീരിയൻസിൽ നല്ലൊരനുഭവമാകും എന്നത് തീർച്ച.
#അഭിനന്ദനങ്ങൾ @Mammoottykampany
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " #ഈശോ ''
No comments: