1222. പാച്ചുവും അത്ഭുതവിളക്കും
🔹പാച്ചുവും അത്ഭുതവിളക്കും
Gnr :- FEELGOOD DRAMA
Lang :- മലയാളം
എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു സിനിമയും ചെയ്യാനാകില്ല എന്നുറപ്പാണ്...
എന്നാൽ പുട്ട് പോലെ പീരയിട്ട് തള്ളി തീയറ്ററിൽ എത്തുമ്പോൾ പപ്പടം കണക്കിന് പൊടിയുന്ന മജ്ജയും എല്ലുമില്ലാത്ത പകുതിപോലും വേവത്താത്ത കലയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കാൻ ഇറങ്ങുന്ന വലിയൊരു സംഘത്തിൻറെ കൂട്ടഅടിയിൽ കൊട്ടകയിൽ പിറക്കുന്ന പാഴ് പടപ്പുകൾ മറ്റേത് വർഷത്തേക്കാളും ഈ വർഷം കൂടുതലാണ്....
ഇക്കണ്ടനാലു മാസങ്ങളിൽ നിരത്തിപൊട്ടിച്ച ഗുണ്ടുകളുടെ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയില്ലാത്ത, യോഗ്യതയില്ലാത്ത ഒരു സിനിമ, അതാണ് പാച്ചുവും അത്ഭുതവിളക്കും...
🪄 Story with Strong Spoilers
കഥാനായകൻ പ്രശാന്ത് (പാച്ചു) മുംബൈയിൽ ആയുർവേദ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്... 34 വയസ്സുള്ള പാച്ചു ആ പ്രായത്തിലുള്ള അവിവാഹിതരായ സാധാരണക്കാരുടെ പ്രതിനിധിയാണ്... മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള പാച്ചുവിന്റെ യാത്രയും ശേഷം തിരിച്ചുള്ള ട്രെയിൻ യാത്രയും ആ യാത്ര പാച്ചുവിനെ മറ്റൊരു ഇടത്തേക്ക് എത്തിക്കുന്നതും അതിലൂടെ പറയുന്ന കാര്യങ്ങളുമാണ് സിനിമ രണ്ടേമുക്കാൽ മണിക്കൂറിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്.
കാണുന്നവന്റെ കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന കാറ്റഗറി സിനിമകളാണ് ഫീൽഗുഡ് ഡ്രാമകൾ, കഥാപാത്രങ്ങൾ എല്ലാവരും നന്മയിൽ ഗോപാലന്മാരാണെന്നും പേരിനുപോലും ഒരു മർഡർ കം റേപ്പ് സീനില്ലെന്നും എന്തിന് കൊടുത്ത കാശ് മുതലാക്കാൻ ഒരഐറ്റം ഡാൻസ് പോലും തിരുകി കയറ്റിയില്ലെന്നുമൊക്കെ പരാതി പറയാമെങ്കിലും ഈ സിനിമയുടെ ജോണർ ഒരു ഫീൽ ഗുഡ് ഡ്രാമ ആയതുകൊണ്ട് ഈ കഥയിൽ അതിന്റെ ഇമോഷൻ എത്രത്തോളം ഫീൽ ചെയ്തു എന്നതുമാത്രമാണ് കാഴ്ചയിൽ ഞാൻ കാര്യമാക്കുന്നത്...
അതിൽ പാച്ചുവും അത്ഭുതവിളക്കും വിജയമാണ്.
ഞാൻ പ്രകാശനിൽ നിന്ന് പെർഫോമൻസിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാത്ത ഫഹദിന്റെ പാച്ചു പുള്ളിയുടെ കയ്യിൽ ഭദ്രമായിരുന്നു.... എവിടെയും പാളിപ്പോകാതെ പാച്ചുവായി ആദ്യവസാനം നിറഞ്ഞു നിൽക്കുന്നുണ്ട് ഫഹദ്...
കൂടാതെ ഹംസദ്ദ്വനി എന്ന നായിക കഥാപാത്രവും ലൈല എന്ന ഉമ്മയും ട്രെയിനിൽ വച്ച് പരിചയപ്പെടുന്ന പയ്യനും അടക്കം പെർഫോമൻസിൽ എല്ലാവരും ഒരുപോലെ മികച്ചതായിരുന്നു... എന്നിരുന്നാൽ കൂടി എടുത്തു പറയേണ്ടത് വിനീതിന്റെ റോളിനെ കുറിച്ചാണ്.. എന്തൊരു വൃത്തിയായിട്ടാണ് പുള്ളി ആ കഥാപാത്രത്തെ ഗംഭീരമാക്കിയത്, എവിടെയും ഒരു പോരായ്മയും പറയാനില്ലാത്ത വിനീതിന്റെ പെർഫോമൻസ് ഈ സിനിമ നൽകിയ നല്ലൊരൊർമ്മയാണ്.
അഖിൽ സത്യൻ തൻറെ ആദ്യ സംവിധാനസംരംഭം കാഴ്ചയിൽ മികച്ചതാക്കിയിട്ടുണ്ട്.. രസിപ്പിക്കുന്ന കഥ പറയുന്ന ആദ്യപകുതിയും ആ കഥയെ പാടെ മാറ്റി പുതിയൊരിടത്ത് കൂടുതൽ മെച്ചപ്പെട്ട കഥാസന്ദർഭങ്ങളും കാഴ്ചകളുമാക്കി നല്ലൊരവസാനം കൂടി നൽകുന്ന പാച്ചുവിന്റെ കഥ എഴുത്തിലും എടുപ്പിലും ഒരുപോലെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്...
കഥയിൽ വന്നു പോകുന്ന പാട്ടുകൾ, രണ്ടേ മുക്കാൽ മണിക്കൂറിനെ പെർഫെക്റ്റ് പാക്ക് ആക്കുന്ന എഡിറ്റിങ്ങും കാഴ്ചയെ മനോഹരമാക്കുന്ന കളറിംങ്ങും സ്കോറും സിനിമയുടെ ഫൈനൽ വെർഡിക്റ്റിന് നല്ലൊരഴക് നൽകുന്നു.
മുംബൈ - കേരളം - ഗോവ എന്നിങ്ങനെ പലകുറി മലയാള പടങ്ങളിൽ കഥാപരിസരമായ ലൊക്കേഷനുകൾ ഇപ്പടത്തിലെത്തുമ്പോൾ ക്ലീഷേ വിഷ്വലുകളിൽ നിന്ന് മാറി നടക്കാനും അതുവഴി തൃപ്തിപ്പെടുത്താനും കൂട്ടി സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ഒറ്റവാക്കിൽ പറയുമ്പോൾ, രസമുള്ള സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും... രസത്തിന്റെ ചരട് എവിടേയും മുറിഞ്ഞു പോകാതെ ഇടയ്ക്ക് എപ്പോഴോ താളം തെറ്റിയെന്ന് തോന്നിയപ്പോൾ അതിന്റെ വിരസത മനസ്സിലെത്തുന്നതിന്റെ തൊട്ടുമുൻപ് വീണ്ടും ട്രാക്കിൽ കയറി വന്ദേഭാരതാകാനും കയ്യടി നേടാനും സിനിമയ്ക്ക് സാധിച്ചു, ട്രെയിലർ പോലും കാണാതെ യാതൊരു പ്രതീക്ഷയും സിനിമയ്ക്ക് മുകളിൽ വെക്കാതെ സമയം കിട്ടിയ മെച്ചത്തിൽ ടിക്കറ്റ് എടുത്തതാണ്, ഒരുപാട് ഇഷ്ടപ്പെട്ടു, ഒരു വട്ടം കണ്ടു മറന്നു.
" My Rating - 3.5/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " PS-2 ''
No comments: