Search This Blog

1254. ഭ്രമയുഗം

🔹1253. ഭ്രമയുഗം

Gnr :-  Period Horror Drama
Lang :-  മലയാളം


മാധവൻകുട്ടി എന്ന ആദ്യ കഥാപാത്രം മുതൽ ദാ, കൊടുമൺ പോറ്റി വരെ സ്വയം മിനുക്കിയും പുതുക്കിയും ഉള്ളിലാവാഹിച്ചും മമ്മൂട്ടി നടത്തുന്ന പ്രകടന വെല്ലുവിളിയുടെ അമ്പത്തൊന്നാണ്ടുകളിൽ കാണാത്തതെന്തെല്ലാം ഇനിയും ഒളിച്ചിരിക്കുന്നുണ്ടാകും.... ഇന്ത്യൻ സിനിമയുടെ മുഖം എന്ന് തന്നെ അഭിമാനത്തോടെ വിശേഷിപ്പിക്കാനും അതിനാക്കം കൂട്ടാനും പ്രതിഭയുടെ താളം തൊട്ട എത്രയെത്ര കഥാപാത്രങ്ങൾ ഇനിയും ഉണ്ടാകും... 
മമ്മൂട്ടിയിലെ പ്രതിഭയുടെ തീരാത്ത ഉറവയുടെ തേച്ചു മിനുക്കലിന് കാണിയാകാൻ കിട്ടുന്ന ഇതുപോലുള്ള അവസരങ്ങൾ ഒരു സിനിമ പ്രേമി എന്ന നിലയിൽ അനുഗ്രഹമാണ്.

ഭ്രമയുഗം - കണ്ടിരിക്കേണ്ട ഇന്ത്യൻ സിനിമകളിൽ മലയാളത്തിന്റെ മറുപടിയാണ്. തുംമ്പാഡ് പോലുള്ള സൃഷ്ടികളിൽ മനം നിറഞ്ഞു കയ്യടിച്ച അതുപോലൊന്ന് ആഗ്രഹിച്ച നമുക്കുമുന്നിൽ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന മലയാളത്തിൻറെ പേരിലവതരിപ്പിക്കാവുന്ന  തീയറ്റർ കാഴ്ച ഉറപ്പിക്കേണ്ടുന്ന അതിഗംഭീര സിനിമ..

ഭൂതകാലം എന്ന മികച്ച സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ മമ്മൂട്ടിയെ വെച്ചൊരു പ്രോജക്ട് ചെയ്യുന്നു എന്നത് തന്നെയായിരുന്നു ഭ്രമയുഗത്തിൻ്റെ പ്രതീക്ഷയും USPയും. ഇന്ന് പടം കണ്ടു തീർത്തപ്പോൾ രാഹുൽ സദാശിവൻ എന്ന  മേക്കറിനോട് വല്ലാത്തൊരു ബഹുമാനം തോന്നി... തനിക്ക് കിട്ടിയ അവസരം അത്രമേൽ പുള്ളി ഉപയോഗപ്പെടുത്തിയതിൻ്റെ ഔട്ട്പുട്ടാണ് ഭ്രമയുഗം.

കഥയെ കുറിച്ച് പറയുന്നില്ല, മണികണ്ഠൻ ആചാരി, അർജുൻ അശോക് എന്നിവരെ കാണിച്ചു തുടങ്ങുന്ന സിനിമ രണ്ടേക്കാൽ മണിക്കൂറിനപ്പുറം ഒറ്റ കൈയിലെ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ വെച്ച് സ്ക്രീനിൽ നൽകുന്ന എക്സ്പീരിയൻസ് കണ്ടറിയുക എന്നത് തന്നെയാണ് പറയേണ്ടത്.

പെർഫോമൻസുകൾക്കൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ആർട്ട് വർക്കിന്റെ കാര്യം, 
വരിക്കാശ്ശേരി മനയെ പടത്തിന് അനുയോജ്യമായ തരത്തിൽ കാടും കോട്ടയും ഉള്ളറകളും ഒക്കെയായി ഒരുക്കിയെടുത്ത ആർട്ട് ഡിപ്പാർട്ട്മെൻറ് സിനിമയുടെ ആകെ തുകയ്ക്ക് നൽകിയ സംഭാവന നിറഞ്ഞ കൈയ്യടി അർഹിക്കുന്നുണ്ട്.

സ്ക്രീനിൽ പെയ്യുന്ന മഴയെ തിയേറ്റർ വിട്ടാലും മാനത്തന്വേഷിച്ച് പോകുന്ന തരത്തിൽ അത്രമേൽ ഗംഭീരമായ സൗണ്ട് ഡിസൈനിങ്ങും  പടം ഡിമാൻഡ് ചെയ്യുന്ന ടെക്നിക്കലി സൗണ്ടായ വിഷ്വൽ ഔട്ട്പുട്ടും മികവിന്റെ കോളത്തിൽ തന്നെ എഴുതിവെക്കേണ്ടവയാണ്.

സിനിമയുടെ അടുത്ത ലെയറിൽ പറയുന്ന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ കാഴ്ചയിൽ മുളച്ചു നിൽക്കാതെ എന്നാൽ അവയുടെ വീര്യം ഒട്ടുംചൊരാതെ ആദ്യവസാനം സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്...

റേറ്റിങ്ങിലെ അര പോയ വഴി, ഒരുപക്ഷേ ആദ്യപകുതിയിലെ മെല്ലെ പോക്ക് കൊണ്ടാകാം... എന്നാൽ അത് മീറ്റ് ചെയ്യുന്നത് രണ്ടാം പകുതിയുടെ വേഗത വെച്ചാണെങ്കിൽ രണ്ടാം പകുതിക്കും ക്ലൈമാക്സിനും അത്ര വേഗത വേണ്ടതാനും...
ഇവയൊന്നും കാഴ്ചയെ ബാധിക്കുന്ന കാര്യങ്ങളല്ലാതാകുന്നത്  പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നത് കൊണ്ടാണ്, ഭ്രമയുഗം ഈയടുത്തകാലത്ത് തിയേറ്ററിൽ കണ്ട ഏറ്റവും മികച്ച സിനിമയാണ്... ഏതുതരത്തിൽ നോക്കിയാലും ഒരു സിനിമ പ്രേമി നിർബന്ധമായും തീയറ്ററിൽ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്...

 MY RATING : 4.5/5

നടനെന്ന നിലയിൽ മമ്മൂട്ടിക്ക് മാത്രം പിന്തുടരാനാവുന്ന ഒരുപാട് ദൂരങ്ങളുണ്ടെന്ന് മുൻപെവിടെയോ വായിച്ചൊരോർമ്മയുണ്ട്....
അതെ, കൊടുമൺ പോറ്റിയിൽ നിന്ന് ടർബോ ജോസിലേക്ക് അടിമുടി മാറി ഒരഭിനേതാവ് നടത്തുന്ന അഴിഞ്ഞാട്ടത്തിന് ആ ദൂരത്തിനെ താണ്ടാൻ ഇന്ന് മമ്മൂട്ടിയെ ഉള്ളൂ.
#Bramayugam

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - തുണ്ട്

No comments: