Search This Blog

1255. മഞ്ഞുമ്മൽ ബോയ്സ്

🔹1255. മഞ്ഞുമ്മൽ ബോയ്സ്

Gnr :-   Survival Drama
Lang :-  മലയാളം

മലയാളത്തിൽ ഇന്നോളം വന്നതിൽ ഏറ്റവും മികച്ച സർവ്വൈവൽ ത്രില്ലർ അല്ലെങ്കിൽ സർവ്വൈവൽ ഡ്രാമ എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന ഒരു സിനിമ ഇന്ന് തിയേറ്ററിൽ കണ്ടു,

കണ്ണും മനസ്സും ഒരു പോലെ നിറയ്ക്കുന്ന കാഴ്ച... 'മഞ്ഞുമ്മൽ ബോയ്സ്'.

സിനിമ എന്ന ശബ്ദ-ദൃശ്യ മീഡിയത്തെ ഇന്നിന്റെ ടെക്നിക്കൽ മികവിനറ്റം പോലെ കഥയാവശ്യപ്പെടുന്ന സകലതും ചേർത്തൊരുക്കി 'ചിദംബരം' ജാനെ മാന് ശേഷം ഈ രണ്ടാമൂഴത്തിൽ മലയാളത്തിനഭിമാനത്തോടെ മുന്നോട്ട് വെക്കാവുന്നൊരു ഗംഭീര കാഴ്ച തന്നെ ഒരുക്കിവെച്ചിട്ടുണ്ട്.
കഥയ്ക്കൊപ്പം പ്രേക്ഷകനെ ഇമോഷണലി ഹുക്ക് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളും അതിനെ പിൻപറ്റിവരുന്ന ബാക്കിയും ആകെ തുകയെ അത്രമേൽ മികച്ചതാക്കുന്നുണ്ട്... മനസ്സ് നിറഞ്ഞ കാഴ്ച്ചയാക്കുന്നുണ്ട്.

MY RATING : 4.5/5

സർവ്വൈവൽ ഡ്രാമ ഴോണറിലൊരു കഥയുമായി പ്രേക്ഷകനു മുന്നിലെത്തുമ്പോൾ സിനിമയിൽ ഡീഫാൾട്ടായി കടന്നു കൂടുന്ന ഒരുപറ്റം ക്ലീഷേകളെ മുഴപ്പില്ലാതെ പറഞ്ഞെടുക്കാനും ചവർപ്പില്ലാതെ ദഹിപ്പിക്കാനും സാധിക്കുന്നിടത്ത് സിനിമ ആദ്യ വിജയം കൈവരിക്കുന്നു..

മഞ്ഞുമ്മൽ ബോയ്സ് കൊച്ചി മുതൽ കൊടൈക്കനാൽ വരെയുള്ള ഒരു യാത്രയുടെ കഥയാണ്, അവിടെ സംഭവിക്കുന്ന ഒരു അപകടത്തെ മുൻനിർത്തി പറയുന്ന കഥയാണ്... ആ ട്രാജഡിയിൽ നിന്ന് സർവ്വൈവ് ചെയ്യാൻ ശ്രമിക്കുന്ന കഥയാണ്, എല്ലാത്തിനുമുപരി ഇതൊരു നടന്ന കഥയാണ്...
ആ ഒരു പ്രെഡിക്റ്റബിലിറ്റി ഈ ഴോണറിനൊപ്പം സിനിമയിലുമുണ്ടെങ്കിലും അതെവിടേയും പോരായ്മയാകുന്നില്ല.

പെർഫോമൻസുകളിലൂടെ പറഞ്ഞു തുടങ്ങാം...
ഏറെക്കാലത്തിനുശേഷം സ്ക്രീനിൽ കഥാപാത്രമായി ജീവിച്ച സൗബിനും ഭാസിയും മഞ്ഞുമ്മലിനെ ഇന്ന് കാണുന്ന മികവിലെത്തിച്ചതിലെ കാരണക്കാരാണ്... രണ്ടുപേരും അത്രയും കിടുവായിരുന്നു സ്ക്രിനിലുടനീളം.
ഇരുവരെയും കൂടാതെ സലിം കുമാറിന്റെ മകനും ലാൽ ജൂനിയറും ദീപക് പറമ്പോലും ബാലു വർഗീസും ഗണപതിയും തുടങ്ങി ബോയ്സിലെ ടീം അംഗങ്ങളെല്ലാം തന്നെ ഗംഭീരമായിരുന്നു...
സിനിമയിൽ കൈയ്യടി നേടുന്ന മറ്റൊരാളാണ് ഗാലിദ് റഹ്മാൻ... "അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ, തല്ലുമാല"  എന്നീ സിനിമകളുടെ സംവിധായകനാണ് പുള്ളി. എന്തോ പടത്തിൽ ഖാലിദിൻ്റെ ഡ്രെവർ കഥാപാത്രത്തെ വല്ലാതെ ഇഷ്ടപ്പെട്ടു.

മഞ്ഞുമ്മൽ ബോയ്സ് ഇന്നു മലയാളത്തിലെ ഒരുപറ്റം മികച്ച ടെക്നീഷ്യൻമാരുടെ സംഗമമാണ്,  സൗണ്ട് ഡിപ്പാർട്ട്മെന്റിലെ സുഷിന്റെ മാജിക്കും അജയൻ ചാലിശ്ശേരിയുടെ ആർട്ടും ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രാഫിയും വിവേക് ഹർഷന്റെ എഡിറ്റിങ്ങും മുതൽ അണിയറയിലെ പേരുകൾ എല്ലാം മികവാണ് പടത്തിലുടനീളം നൽകിയിട്ടുള്ളത്.

തുടരെത്തുടരെ മികച്ച സിനിമകളുമായി മോളിവുഡ് വല്ലാത്തൊരു പ്രതീക്ഷ നൽകുന്നുണ്ട്... ചിദംബരത്തെ പോലുള്ള സംവിധായകർ ഉറപ്പായും നാളത്തെ പ്രതീക്ഷയാണ്... അത്രമേൽ ഗംഭീരമായ ഒരു സിനിമാനുഭവമാണ് എനിക്ക് ''മഞ്ഞുമ്മൽ ബോയ്സ്" തിയേറ്ററിൽ അനുഭവപ്പെട്ടത്...
#ManjummalBoys

സ്പോയിലറുകൾ ഉൾപ്പെടുത്താത്ത റിവ്യൂ ആണ്, കൂടുതൽ അറിയാതെ തന്നെ തിയേറ്ററിൽ സിനിമ കാണാൻ ശ്രമിക്കുക... ഇത്തരം സിനിമകൾ നല്ലൊരു തിയേറ്റർ കാഴ്ച്ച അർഹിക്കുന്നുണ്ട്... എൻറെ കാഴ്ചയെ ശബ്ദം കൊണ്ടും വിഷ്വലു കൊണ്ടും പൂർണതയിലെത്തിക്കാൻ ഞാൻ തിരഞ്ഞെടുത്ത @MukkamPEECEE തിയേറ്ററിന് സാധിച്ചിട്ടുണ്ട്... 

manjummal boys

MY RATING : 4.5/5


ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - അന്വേഷിപ്പിൻ കണ്ടെത്തും

No comments: