Search This Blog

PAY / DONATE FOR WAYANAD | Yadu EZr

ഇന്നേക്ക് അഞ്ചുദിവസം മുൻപൊരു രാത്രിയിൽ ഭക്ഷണവും കഴിച്ചുറങ്ങാൻ കിടന്ന ഒരുപാട് ജീവനുകൾ പിന്നീട് കണ്ണു തുറന്നിട്ടില്ല...  
 ഈ ദുരന്ത വാർത്തയറിയുന്നത് പുഴയിലെ വെള്ളം മുറ്റത്തെത്തി കണ്ടതും എടുത്തതും സുരക്ഷിതമാക്കി പുരയൊഴിഞ്ഞ് അരയ്ക്കറ്റം വെള്ളത്തിൽ മറ്റൊരിടം അന്വേഷിച്ച് പോകുംവഴിയ്ക്കാണ്... അപ്പോഴതിന്റെ തീവ്രതയറിയാത്തതു കൊണ്ട്തന്നെ 'ഇനിയപ്പോഴാ വെള്ളവും കൂടിയാകുമ്പോൾ മുറ്റത്തെ വെള്ളം കാലൂന്നി കടന്ന് റൂമെത്തും' എന്നുറപ്പിച്ചു നെടുവീർപ്പിട്ട് ചളിയും കുണ്ടും തോടും കടന്ന് കരപിടിച്ചു...

 കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിന് ബാക്കിയാക്കാൻ സാധിച്ച സർവ്വശൂന്യമായ് പോയ ഒരുപറ്റം മനുഷ്യന്മാരെ ചാനലിലും സോഷ്യൽ മീഡിയയിലും കാണുന്നത് ഒന്നര പകലിനിപ്പുറം വിച്ഛേദിക്കപ്പെട്ട വൈദ്യുതി വന്നതിനുശേഷമാണ്... മരണം 300 കടന്നെന്ന്.... നേരത്തെ പറഞ്ഞ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നവരെ മലവെള്ളത്തിന്റെ ഊക്കിൽ പാതിയും മുറിപാതിയുമായി കിലോമീറ്ററുകൾക്കപ്പുറം ചാലിയാറിൽ നിന്ന് കിട്ടുന്നത്ര...
ഒരു നാട് മുഴുവൻ മണ്ണിലടിയിലായതിന് കേരളം ഒന്നാകെ സഹായം കൊണ്ട് പൊതിയുന്നത്രേ... സർക്കാർ സംവിധാനങ്ങളും എന്തെങ്കിലും ചെയ്യാൻ കഴിയുന്നവരും അഹോരാത്രം ആ മണ്ണിലേക്ക് ഇറങ്ങുന്നത്രേ...
അതിലും എടുത്തുപറയേണ്ട രാഷ്ട്രീയവും മതവും തലയ്ക്കുപിടിച്ച ശവംതീനികൾ പോസ്റ്റായും പോസ്റ്ററായും അഴിഞ്ഞാറാടുന്നുണ്ടത്രേ...
25 വാട്ടിന്റെ തരക്കേടില്ലാത്ത വേഗതയിൽ കയറുന്ന ചാർജിന്റെ ഊക്കിന്റെ പുറത്താണ് ഫോണിങ്ങനെ നോട്ടിഫിക്കേഷൻ തന്നുകൊണ്ടിരിക്കുന്നത്...

ഇതും നമ്മളതിജീവിക്കും.
കേട്ട് തഴമ്പിച്ചതൊരിക്കൽ കൂടി ഹാഷ്ടാഗിട്ട പോസ്റ്റുകളിൽ ഒരുമ കണ്ടെത്തി പെയ്യുന്ന മഴയിലും ഏറുന്ന വെള്ളത്തിലും വയനാടിനായ് പ്രാർത്ഥിച്ചു.

മഴയുടെ കനം കുറഞ്ഞു, ചളിയിൽ കുതിർന്ന വീടും പറമ്പും, വെള്ളം ബാക്കിയാക്കിയ അളിഞ്ഞ ദുർഗന്ധവും ഒരാഴ്ചയ്ക്കിപ്പുറം ഇന്നും പഴയപടിയായിട്ടില്ല... പക്ഷേ മുൻപത്തെ പോലെ ഇത്തവണ ഇതൊരു പ്രയാസമായി അനുഭവപ്പെടുന്നില്ല... 
വയനാട്ടിൽ മലവെള്ളം കൊണ്ടുപോയ മുന്നൂറിലധികം ജീവൻ നഷ്ടപ്പെട്ട ആളുകളുടേയും ഒന്നുമില്ലാതായ് പോയ അവിടുത്തെ മറ്റുള്ളവരുടേയും ദുഃഖത്തിനു മുകളിൽ നമ്മൾ അനുഭവിക്കുന്നത് എന്തെങ്കിലുമാണെന്ന ചിന്ത എനിക്കില്ല.

സൈന്യവും ഫയർഫോഴ്സും മറ്റു ഫോഴ്സുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മീഡിയയും
മുതൽ രക്ഷാപ്രവർത്തനത്തിൽ ഭാഗമായ മനുഷ്യനും മൃഗങ്ങളുമായ എല്ലാ ജീവജാലങ്ങൾക്കും സല്യൂട്ട്👏🤝

അതിജീവനത്തിന്, തിരിച്ചുപിടിക്കലിന് നഷ്ടപ്പെട്ട വീട്ടിലെ ഒരംഗം പോലെ ഈ നാട് മുഴുവൻ ഒപ്പമുണ്ടാകും. 
Pay/Donate For Wayanad 
Yadu EZr

No comments: