Search This Blog

1323. പണി

🔹1323. പണി

Gnr.      :- ACTION 
Lang.   :- മലയാളം
ഈ വർഷം മലയാളത്തിൽ വന്ന നൂറിലധികം സിനിമകളിൽ പതിനഞ്ചിൽ താഴെ സിനിമകളാണ് വിജയം കണ്ടവ.... 
അതിൽ തന്നെ ഒന്നിലധികം തവണ കാണാൻ തോന്നിപ്പിക്കുന്നതും ക്വാളിറ്റിയുള്ളതും ഒരു കൈയിലെ അഞ്ചു വിരലുകളിൽ തന്നെ ഒതുക്കാവുന്നവയാകും....

ആഴ്ച തികക്കാതെ പെട്ടിയിലേക്ക് മടങ്ങുന്ന അബദ്ധനിർമ്മിതികളുടെ ഘോഷയാത്ര ഒരന്ത്യമില്ലാതെ കാലങ്ങളായി ഇവിടെ അരങ്ങേറുന്നുണ്ട്... സിനിമയുടെ മാറ്റം നാറ്റമായി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പഴഞ്ചുവയുടെ ചവർപ്പുള്ള സൃഷ്ട്ടികൾ.... 
അവിടേയ്ക്കാണ്,
 നൂറ്റൊന്നാവർത്തിച്ച ഒരു പ്രമേയത്തെ പൊടിതട്ടി ജോജു തന്റെ ഗ്യാരേജിലെ കാറുകളിൽ കയറ്റി തൃശ്ശൂരിലെത്തിച്ച് വീണ്ടുമൊരു ഗുണ്ടാ കഥ പറയുന്നത്.... പണിയുടെ അഭിപ്രായത്തിലേക്ക് വരാം.

നടനും നിർമാതാവുമായ ജോജു ജോർജ് ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പണി... എഴുത്തിൽ ഒരു പുതുമയില്ലെങ്കിലും പണി ഏശുന്നത് അവതരണത്തിലാണ്...

ആൾക്കൂട്ട ആരവ ജോഷി സിനിമകളെ ഓർമ്മിപ്പിക്കുന്ന അവതരണവും തുടക്കം മുതൽ ചോർന്നുപോകാത്ത ഒരു 'ഹൈ' ഫീലും അതിനെ അറ്റത്തെത്തിച്ചു കയ്യടിപ്പിക്കുന്ന അവസാനവും ഒക്കെയായി പണി എന്നെ തൃപ്തിപ്പെടുത്തിയ സിനിമാനുഭവമാണ്.
 
കഥയിലേക്ക് വരുമ്പോൾ, കോളേജ്മേറ്റ്സായ നാല് പേരാണ് പ്രധാന കഥാപാത്രങ്ങൾ....
മംഗലത്ത് ഗിരി, ഡേവി, കുരുവിള , സജി....

 അല്ലറ ചില്ലറ ഗുണ്ടാ സെറ്റപ്പുകളും പണികളും ഒക്കെയായി തൃശ്ശൂരിൽ വളർന്ന് ഇന്നിപ്പോൾ ഒരു കുടുംബമായി അവര് വലിയ സെറ്റപ്പിൽ ജീവിച്ചു പോരുകയാണ്... അണ്ടർവേൾഡ് എന്നൊക്കെ പറയുന്നത് പോലെ തൃശ്ശൂരിലെ ക്രൈം കൺട്രോൾ ചെയ്യുന്ന  സെറ്റപ്പ് ഗഡീസാണ് ഈ മംഗലത്ത് ഗിരിയും ടീമും.... 
തൃശ്ശൂര് ലോക്ക് ചെയ്യാൻ പറഞ്ഞാൽ പൂട്ടിക്കെട്ടി താക്കോൽ വീട്ടിലെത്തിക്കുന്ന ഒരു ഗുണ്ടാപടയും അവർക്കുണ്ട്...

അങ്ങനെയിരിക്കെ തൃശ്ശൂരിൽ വലിയൊരു കൊലപാതകം സംഭവിക്കുന്നു....
അതിലെ പ്രതികൾ ആളറിയാതെ ഗിരിയുമായി മുട്ടുന്നു..  തുടർന്ന് ഗിരിയും ടീമും ആ പിള്ളേരും തമ്മിലുള്ള പണിയും മറുപണിയുമാണ് പണി എന്ന ചിത്രം പറയുന്നത്.

സാഗർ സൂര്യയുടെ കഥാപാത്രവും പുള്ളിയുടെ പെർഫോമൻസും ഗംഭീരമായിരുന്നു... ഡോൺ സെബാസ്റ്റ്യൻ എന്ന കൊടൂര വില്ലൻ കഥാപാത്രം ഇഞ്ചിഞ്ചായ് നരകിച്ച് ചാകണമെന്ന തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുന്നിടത്ത് സാഗർ അത്രമേൽ വിജയിക്കുന്നുണ്ട്... കൂടാതെ ചിത്രത്തിൽ നായകനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം  ബോബി കുര്യൻ അവതരിപ്പിച്ച വാറൻറ് ഡേവി എന്ന കഥാപാത്രമാണ്... പുള്ളിയുടെ ആദ്യ രംഗം മുതൽ ആ കഥാപാത്രത്തെ അവസാനിപ്പിക്കുന്നതുവരെ ഒരു ഇരുത്തം വന്ന അഭിനേതാവിന്റെ പൂർണ്ണമായ പ്രകടനം കാണാമായിരുന്നു... 

ഇരുവരെയും കൂടാതെ ജുനൈസ്, സുജിത് ശങ്കർ , അഭിനയ, പ്രശാന്ത് അലക്സാണ്ടർ അടക്കമുള്ള  പേരറിയുന്നതും അറിയാത്തതുമായ മറ്റ് അഭിനേതാക്കളും കൊള്ളാമായിരുന്നു... (അഭയ ഹിരൺ മണിയുടെ കഥാപാത്രം കൊഞ്ചം ഓവറായോ എന്നൊരു ഡൗട്ട് അവശേഷിപ്പിച്ചിട്ടുണ്ട്.)

വേണു, ജിൻ്റോ ജോർജ് എന്നിവരുടെ സിനിമാട്ടോഗ്രാഫിയും മനു ആൻറണിയുടെ എഡിറ്റിംങും നല്ല സൗണ്ട് മിക്സിംങ്ങിനും പണിയുടെ ഗ്രാഫ് ഉയർത്താൻ സാധിച്ചിട്ടുണ്ട്... 

ഒന്നുരണ്ട് ഇന്റിമേറ്റ് സീനും റേപ്പും കുത്തും കൊലയും അടക്കം കുറച്ച് ചോരക്കളിയും രണ്ടരമണിക്കൂറിൽ സ്ക്രീനിൽ വന്നു പോകുന്നുണ്ട്... അതൊക്കെ രസിക്കാൻ പറ്റുന്നവർക്ക് ടിക്കറ്റെടുക്കാം...
ഈ ജോണർ സിനിമകളുടെ ഒരു ആരാധകൻ എന്ന നിലയ്ക്ക് ഇത്തരം സിനിമകൾ വലിയ സ്ക്രീൻ തന്നെ കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട്... ജോജു ജോർജ് എന്ന സംവിധായകൻ കൂടുതൽ സിനിമകളിലൂടെ ഇവിടെ നിലനിൽക്കട്ടെ.

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - ബോഗെയ്ൻവില്ല

No comments: