Search This Blog

1335. ശരിപോദാ ശനിവാരം

🔹1335.  ശരിപോദാ ശനിവാരം

Gnr.      :- Action 
Lang.   :- തെലുഗു
"Brochevarevarura , Ante Sundaraniki" എന്നീ സിനിമകൾക്ക് ശേഷം വിവേക് ആത്രേയ സംവിധാനം ചെയ്ത് ഈ വർഷം തിയേറ്ററിൽ എത്തിയ മാസ് മസാല ചിത്രമാണ് Saripodhaa Sanivaaram. ഈ സിനിമയുടെ തമിഴ് വേർഷന്റെ പേര് 'സൂര്യാസ് സാറ്റർഡേ' എന്നാണ് , കാരണം ഭൂരിഭാഗം പേർക്കും ഈ പേരായിരിക്കും അറിയുന്നുണ്ടാവുക.

Anger Issues ഉള്ള നായകൻ, ചെറുപ്പത്തിൽ മരിച്ചുപോയ അമ്മയുടെ വാക്കുകേട്ട് ജീവിതത്തിൽ എടുക്കുന്ന ഒരു തീരുമാനം... 
ആഴ്ചയിൽ ആറു ദിവസവും തൻറെ ദേഷ്യം കടിച്ചമർത്തി ആറു ദിവസങ്ങൾക്കപ്പുറവും ദേഷ്യം വിട്ടു മാറുന്നില്ലെങ്കിൽ അത് തീർപ്പാക്കാൻ ശനിയാഴ്ച ഇറങ്ങുന്നു... അതായത് ആഴ്ചയിലെ ആറു ദിവസം പാവത്താനും ശനിയാഴ്ചകളിൽ മാസ്സ് ഹീറോയും ആകുന്ന നായകന്റെ കഥ...

കേൾക്കാൻ രസമുള്ള ഒരു കഥാതന്തുവിനെ ആയിരം കുറി പറഞ്ഞു മടുത്ത ഈ ജോണറിൻ്റെ സകല പൊട്ടും പൊടിയും അടങ്ങിയ ടെംപ്ലേറ്റ് ഫോർമാറ്റിൽ കെട്ടിതൂക്കിയ തെലുങ്ക് ചിത്രമാണ് Saripodhaa Sanivaaram.

ഒരു ആക്ഷൻ സീനിന്റെ ബിൽഡപ്പും അത് കാണുന്ന പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ഇമോഷനും അടി പൊട്ടണമെന്നാഗ്രഹിക്കുന്ന മൊമെൻ്റുണ്ടാകുന്നതും നായകന്റെ എലവേഷനും ഹീറോയിസവും ഒത്ത വില്ലനുമടക്കം വൃത്തിക്കെത്തുമ്പോഴാണ് ഇത്തരം സിനിമകൾ എനിക്ക് ദഹിക്കാറ്.

ഒരു മാസ് സിനിമയ്ക്ക് പുതുമയുള്ള കഥയ്ക്കപ്പുറം അത്യാവശ്യമായി വേണ്ടതും ഇവയൊക്കെയാണ്...  അതുകൊണ്ടുതന്നെ,
നാച്ചുറൽ സ്റ്റാർ എന്ന വിളിപ്പേരുള്ള നാനിയുടെ ഒരു മാസ് അവതാർ എന്ന കണക്കിനാണ് ഈ സിനിമ സംവിധായകൻ കുക്ക് ചെയ്യാൻ ശ്രമിച്ചിട്ടുള്ളതും ഞാനത് കാണാനിരുന്നതും.

നാനിയുടെ ഇൻട്രോ മുതൽ ക്ലൈമാക്സ് ഫൈറ്റ് വരെ ആറ്റിറ്റ്യൂഡിലും ഡയലോഗ് ഡെലിവറിലും നടിപ്പിലും ഇരുപ്പിലും വെള്ളം കയറിയ പടക്കം പോലെ ചീറ്റിപ്പോയ കാഴ്ചയാണ് എനിക്കനുഭവപ്പെട്ടത്.. പുള്ളിയുടെ തന്നെ ഗ്യാംഗ് ലീഡർ അടക്കം പരാജയപ്പെട്ട പല സിനിമകളും എനിക്കിഷ്ടപ്പെട്ടതാണ്... എന്നാൽ ഇവിടെ നാനിയും നിരാശപ്പെടുത്തി.

ജേക്സ് ബിജോയുടെ കിടിലൻ സൗണ്ട് പല ഏരിയകളിലും രക്ഷകൻ ആകുന്നുണ്ട്, പക്ഷേ സിനിമയെ ആകെത്തുക രക്ഷിച്ചെടുക്കാൻ അതും പോരല്ലോ.

ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ, കഥ പറയാൻ എടുത്ത സമയമാണ്. ഒന്നേ മുക്കാൽ മണിക്കൂറിലോ രണ്ടു മണിക്കൂറിലോ പറഞ്ഞു തീർക്കാവുന്ന ഫാസ്റ്റ് പേസ് ആയി പോകേണ്ട ഒരു സിനിമ മുക്കിയും മൂളിയും മൂന്നു മണിക്കൂറിൽ എത്തിച്ച സംവിധായക ബ്രില്യൻസ് പടത്തിൽ കിട്ടാത്ത ഒരു ഇമോഷൻ പ്രേക്ഷകനിൽ എത്തിക്കുന്നുണ്ട്. 

നായകനോളം സ്കോർ ചെയ്യുന്ന പെർഫോമറാണ് എസ്ജെ സൂര്യ... മാന്നാടിലെ കഥാപാത്രത്തിന്റെ ഒരു എക്സ്ട്രീം വേർഷൻ എന്ന കണക്കിന് ഓവറാക്കി ചളമാക്കുന്ന അവസാനം അപരാതത്തിൽ എത്തിച്ച ഒരു യൂഷ്യൽ കോമാളി പീസ്.. സിനിമയിൽ അതും രക്ഷയാകുന്നില്ല. നായികയുടെ കാര്യം പിന്നെ പറയേണ്ട കാര്യവുമില്ല. പ്രിയങ്ക ക്യൂട്ടിൽ ശ്രദ്ധിച്ചപ്പോൾ അതും ഒരടഞ്ഞ ഏടായി.

സംവിധായകനെ സംബന്ധിച്ച് മുൻ സിനിമകളുടെ ഏഴയലത്ത് എത്താൻ സാധിക്കാത്ത ഒരു മസാല ശ്രമം, ചുവപ്പ് ടോണും ചുവപ്പുപൊടിയും കണ്ടാൽ പടം പീക്കാണെന്ന് പറഞ്ഞറാടുന്ന ചിലർക്ക് ഈ സിനിമയും പീക്ക് തന്നെയായിരിക്കും.

Saripodhaa Sanivaaram പുതിയതായി ഒന്നും തന്നെ ഓഫർ ചെയ്യാത്ത ആക്ഷൻ മസാലകളുടെ കണ്ടുമടുത്ത ഫോർമാറ്റ് ആണ്, ഈ ജോണറിന് ദാരിദ്ര്യമുള്ള ഒരുകാലത്ത് ഒരുവട്ടം കണ്ടു മറക്കാനും കടുത്ത മസാല പ്രേമികൾക്ക് ഒരുപക്ഷേ കയ്യടിച്ച് ആസ്വദിക്കാനും സാധിക്കുന്ന ഒരു തെലുങ്ക് സിനിമ. #Saripodhaa_Sanivaaram

MY RATING : 1/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - അമരൻ

No comments: