1370. സ്താനാർത്തി ശ്രീക്കുട്ടൻ
🔹1370. സ്താനാർത്തി ശ്രീക്കുട്ടൻ
Gnr. :- Drama
Lang. :- മലയാളം
_OFF-TOPIC_
"നിങ്ങൾ രാത്രിയെന്ന് എഴുതിക്കോളൂ, നിലാവെന്ന് ഞങ്ങൾ തിരുത്തും....."
നിലമ്പൂരിലെ ജനവിധി മറ്റെന്തിനെ ബാധിച്ചാലും എം സുരാജ് എന്ന വ്യക്തിയെയോ അയാൾ ഭാഗമാകുന്ന അയാളുടെ കർമ്മമണ്ഡലത്തിലെ രാഷ്ട്രീയ പൊതു പ്രവർത്തനങ്ങളെയോ ഒരണുവിട മാറ്റില്ല എന്നുറപ്പുണ്ട്.....
പിന്നെ ജനാധിപത്യ പ്രക്രിയയിൽ ജയവും തോൽവിയുമുണ്ടാകും, നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ കോൺഗ്രസിന്റെ വിജയം മഹത്തരമാകുന്നത് എങ്ങനെയെന്നും മനസ്സിലാകുന്നില്ല...
അല്ലെങ്കിലും, മതം വിറ്റ് തിന്നുന്ന നാട്ടിൽ മാനവികത പറഞ്ഞിട്ട് കാര്യമില്ലല്ലോ... എന്നിരുന്നാൽ പോലും അതിനു ശ്രമിച്ച സ്വരാജിനും ഇടതുപക്ഷത്തിനും അഭിവാദ്യങ്ങൾ🚩
🔰YADU EZR
സ്ഥാനാർത്ഥി ശ്രീക്കുട്ടനിലേക്ക് വരാം....
തിയേറ്റർ റിലീസ് സമയത്ത് മലയാളത്തിലെ പ്രമുഖ റിവ്യൂവേഴ്സ് എല്ലാവരും തന്നെ നല്ലത് പറഞ്ഞ ഒരു ചിത്രം... എന്നാൽ കാണാനാഗ്രഹിച്ച് തിയേറ്ററിലെത്തിയപ്പോൾ നിരാശയായിരുന്നു ഫലം... ആളില്ലാത്തതുകൊണ്ട് ഷോ ക്യാൻസൽ ചെയ്തെന്ന്,
എന്നാൽ കഴിഞ്ഞദിവസം ഓൺലൈനിൽ സ്ട്രീം ചെയ്ത സ്ഥാനാർത്ഥി ശ്രീക്കുട്ടൻ കണ്ടു.
എന്തൊരു മനോഹരമായ സിനിമയാണിത്... ❤️
നായകനെയോ നായികയേയോ അറിയാതെ, സംവിധായകന്റേയോ വമ്പൻ പ്രൊഡക്ഷൻ ഹൗസുകളുടെ പേരുകളോ നോക്കാതെ അഭിപ്രായം നോക്കി മലയാളി സിനിമ കാണുക മലയാളത്തിനപ്പുറത്തുള്ള മറ്റേതു ഭാഷയിലേയും സിനിമകളേയാണ്... പെരുസും ലബർ പന്തും ടൂറിസ്റ്റ് ഫാമിലിയും എലവനും അടക്കം എത്ര കണക്കിന് ഉദാഹരണങ്ങൾ...
എന്നാൽ ഇവയ്ക്കൊപ്പം ചർച്ച ചെയ്യേണ്ട, കയ്യടിക്കേണ്ട, ചേർത്തു പിടിക്കേണ്ട സിനിമയാണ് സ്താനാർത്തി ശ്രീക്കുട്ടൻ.
K R നാരായണൻ യുപി സ്കൂളിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ടീച്ചേഴ്സും സ്കൂളുമായി ബന്ധപ്പെട്ട ഒന്ന് രണ്ട് പേരുമാണ് കഥാപാത്രങ്ങൾ... ആ കഥാപാത്രങ്ങളിലൂടെ പറയുന്ന കഥയ്ക്ക് റെലവെന്റായ രാഷ്ട്രീയമുണ്ട്, സിനിമാറ്റിക്കായ ഗംഭീര മേക്കിങ് അപ്രോച്ചുണ്ട്, അടയാളപ്പെടുത്തുന്ന പെർഫോമൻസുകളുണ്ട് , ആദ്യാവസാനം മികച്ചതാക്കുന്ന സിനിമാനുനുഭവമുണ്ട്.
രാഷ്ട്രീയം തുടങ്ങുന്നത് ക്ലാസ് റൂമുകളിൽ നിന്നാണ്, അല്ലെങ്കിൽ വിദ്യാലയങ്ങളിൽ നിന്നാണ്..
സമത്വമില്ലാത്ത ക്ലാസ് റൂമുകൾ ജനാധിപത്യവൽക്കരിക്കപ്പെടണമെന്ന് അന്നെന്ന പോലെ ഇന്നും ഘോരമായി വാദിക്കുമ്പോഴും അത് സംഭവിക്കുന്നില്ല എന്ന് മാത്രം... കാരണം വേർതിരിവുകൾ സമൂഹത്തിലെ മറ്റേത് കോണിലെയും പോലെ വിദ്യാലയങ്ങളിലുമുണ്ട്... അതനുഭവിച്ചിട്ടുമുണ്ട് കാണുന്നുമുണ്ട്..
മാറ്റമില്ലാത്ത ആ പ്രക്രിയയ്ക്ക് നേരെ വിരൽ ചൂണ്ടുന്ന, വ്യക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സ്താനാർത്തി ശ്രീക്കുട്ടൻ സ്കൂൾ ജീവിതത്തിൻ്റെ കൃത്യമായ റെപ്രസന്റേഷനാണെന്ന് ഒറ്റവാക്കിൽ പറയാം.
ശ്രീക്കുട്ടനും അവൻറെ സൗഹൃദവും ക്ലാസ്സ് റൂമും ചുറ്റുപാടും പറഞ്ഞു തുടങ്ങുന്ന ഈ ചിത്രം പിന്നീട് ലീവിന് പോയൊരു അധ്യാപകൻ തിരിച്ചെത്തുന്നതും ശേഷം നടക്കുന സ്കൂൾ ഇലക്ഷനും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് പ്രേക്ഷകനോട് പറയുന്നത്...
ശ്രീക്കുട്ടൻ ആയ് എത്തിയ "ശ്രീരംഗ് ഷൈൻ'' ഇതിനു മുൻപും കുറച്ചു സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായ് എത്തിയിട്ടുണ്ട്... എന്നാൽ ടൈറ്റിൽ കഥാപാത്രമായ ഒരു മുഴുനീള വേഷം പയ്യൻ അങ്ങേയറ്റം അടിപൊളിയാക്കിയിട്ടുണ്ട്... പടത്തിൻ്റെ നട്ടെല്ല് എന്ന് പറയാവുന്നതും മേക്കിങ്ങിനൊപ്പം ശ്രീക്കുട്ടന്റെ പെർഫോമൻസാണ്...
സിനിമയുടെ തുടക്കത്തിലെ പേസും തമാശകളും വിഷ്വൽസും ക്യാരക്ടറൈസേഷനുകളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകൻ്റെ മുന്നിലേക്ക് വെക്കുമ്പോൾ ഇതെല്ലാം സ്വിച്ചിട്ട പോലെ മാറ്റി അജു വർഗീസിൻ്റെ കഥാപാത്രമെത്തുന്നു, സിനിമയിലൂടെനീളം പുള്ളി ഗംഭീരമായിരുന്നു, ഒരുപാട് സാധ്യതകളുള്ള അഭിനേതാവാണ് അജു എന്ന് മുൻപും അനുഭവപ്പെട്ടിട്ടുണ്ട് , അതൊരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ് സ്ഥാനാർത്ഥി ശ്രീകുട്ടൻ.
കൂടാതെ ഭസ്മം ടീം, ക്രിക്കറ്റ് കളി, പ്രണയം, ശ്രീക്കുട്ടന്റെ ഗ്യാങ് , കമന്ററി പറഞ്ഞ പയ്യൻ, ടീച്ചേഴ്സ്, പൃഥ്വിരാജ്, ഭായിജാൻ, അമ്പാടി, ഇൻറർവെൽ സമയത്ത് വന്ന VFX വർക്ക്, ഡെയിഞ്ചർ കപ്പിൾസ്, ഡിനോസർ ഡിറ്റക്ടർ എന്നിങ്ങനെ വന്ന് ഇലക്ഷൻ ചൂടും റിസൾട്ടും മാറ്റങ്ങളും ഒക്കെയായി സിനിമ പേഴ്സണലി പൂർണമായും ആസ്വദിക്കാൻ സാധിച്ചു.
പോരായ്മകൾ ഇല്ലാത്ത ഒരു സിനിമ എന്നല്ല, ചേർത്തുപിടിക്കേണ്ട ഒരു സിനിമയായി സ്ഥാനാർത്ഥി ശ്രീക്കുട്ടനെ അനുഭവപ്പെടുത്തിയിട്ടുണ്ട്..
ഒടുക്കം ഒരു പേര് കൂടി പറഞ്ഞ് ഈ എഴുത്ത് അവസാനിപ്പിക്കുകയാണ്...
വിനീഷ് വിശ്വനാഥ്,
ഈ സിനിമയുടെ സംവിധായകൻ.. പ്രിയപ്പെട്ട സുഹൃത്തേ സ്ഥാനാർത്ഥി ശ്രീകുട്ടന്റെ തിയേറ്റർ വെർഡിക്റ്റ് നിങ്ങളെ നിരാശപ്പെടുത്തി കാണുമായിരിക്കും... പക്ഷേ തളരരുത് , നാളെ ഇതിലും നല്ലൊരു സിനിമയായി ഇതിനേക്കാൾ മികച്ച റിലീസുമായി നിങ്ങൾ എത്തണം. സംശയഭേദമന്യേ ആദ്യ ദിവസം ടിക്കറ്റെടുക്കാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ മാത്രം മതി കാരണമായിട്ട്.
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - Sitaare Zameen Par
No comments: