1369. റോന്ത്
🔹1369. റോന്ത്
Gnr. :- Crime Drama
Lang. :- മലയാളം
🔰YADU EZR
ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക്ക് ശേഷം ഷാഹി കബീർ എഴുതി തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി പുറത്തിറക്കിയ ചിത്രമാണ് റോന്ത്.
ആക്ഷൻ ഹീറോ ബിജു ഒക്കെ പോലെ ഒരു പ്രോപ്പർ കഥയ്ക്കപ്പുറം കുറച്ച് ഇൻസിഡന്റുകളെ കോർത്തിണക്കി ഒരു രാത്രിയും പകലുമായി പറഞ്ഞുവെക്കുന്ന റോന്ത് റിയലിസ്റ്റിക് പോലീസ് സ്റ്റോറി ആരാധകർക്ക് ഒരുവട്ടം കണ്ടു നോക്കാവുന്നതാണ്.
ഒരു പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ബിജു കഥ പറഞ്ഞതെങ്കിൽ ഇവിടെ നൈറ്റ് പെട്രോളിന് ഇറങ്ങുന്ന രണ്ടു പോലീസുക്കാരുടെ ഒരു രാത്രിയാണ് കഥാപശ്ചാത്തലം...
സിനിമയുടെ അഭിപ്രായത്തിലേക്ക് വരുന്നതിനു മുൻപ്, ഷാഹി കബീർ എഴുതിവരുന്ന ഈ പോലീസ് സ്റ്റോറികളുടെ ഒരു രണ്ട് ലയറിനപ്പുറത്ത് കുറച്ചധികം അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്... അതാദ്യം ഒന്നു പറഞ്ഞുവെക്കണമെന്ന് തോന്നുന്നു.
പൊള്ളിനെ നല്ല വർണ്ണ കടലാസിൽ പൊതിഞ്ഞ് സത്യം എന്നപോലെ അവതരിപ്പിച്ചെടുക്കുന്ന ഷാഹി കബീർ സിനിമകൾ ഒരു യഥാർത്ഥ വിഷയത്തിന്റെ സത്ത് എടുത്ത് അതിനെ സിനിമാറ്റിക്കാക്കാൻ നോക്കുമ്പോൾ അത് മെജോറിറ്റി പ്രേക്ഷകനിലും ഉണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണയുണ്ട്... ജോസഫിന്റെ റിലീസിനു ശേഷം അവയവദാനം ചെയ്യാൻ ആളുകൾ മടിക്കുന്നുണ്ടെന്ന് ഒരു റിപ്പോർട്ട് കണ്ടിരുന്നു, നായാട്ടിൻ്റെ പൊളിറ്റിക്കൽ സൈഡ് പുനർവായനയ്ക്ക് വെച്ചാൽ കഥാന്തരീക്ഷം ഉട്ടോപ്പിയാണെന്ന് വരെ തോന്നിപ്പോകും... റോന്തിലെത്തുമ്പോൾ കെവിൻ - നീനു വിഷയം പോലെ തോന്നിപ്പിക്കുന്ന ഒരു ഇൻസിഡന്റ് കാണിച്ച്, അതിൽ പ്രതികൾ ആ പയ്യനെ കൊല്ലാതെ അവൻ ഇറങ്ങി ഓടിയപ്പോൾ സംഭവിച്ച ഒരു കാര്യമായി കാണിച്ചുവെച്ചതുമൊക്കെ ഒരുപക്ഷേ ഷാഹി കബീർ എക്സ്പോസ്ഡ് ആവുന്നൊരു കാലത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.
മറ്റെല്ലാം മാറ്റി നിർത്തി രണ്ടര മണിക്കൂറിലെ ഒരു സിനിമയായ് മാത്രം വിലയിരുത്തുമ്പോൾ, ടെക്നിക്കലി സൗണ്ടായ നല്ല മേക്കിങ്ങും ദിലീഷ് പോത്തൻ, റോഷൻ എന്നിവരടക്കം എല്ലാവരുടെയും മികച്ച പെർഫോമൻസുകളും ക്യാരക്ടറേഷനും ഒരു പക്കാ നൈറ്റ് പെട്രോളിങ്ങിലെ രണ്ട് പോലീസുകാരുടെ ജീവിതമെന്നോണം തോന്നിപ്പിക്കുന്ന സന്ദർഭങ്ങളും പടത്തിൽ ഗംഭീരമായി വന്നിട്ടുണ്ട്...
എന്നാൽ ഒടുക്കം ഇതെല്ലാം കൈവിട്ടൊരു ക്ലൈമാക്സ് പോർഷൻ തീർത്തും നിരാശപ്പെടുത്തുന്ന കാഴ്ച കൂടിയാണ് നൽകുന്നത്...
കഥാപാത്രങ്ങളെ കൊല്ലാൻ എളുപ്പമാണ്, ഫാമിലി ഡ്രാമ വെച്ച് പ്രധാന കഥാപാത്രങ്ങളുടെ മരണം പ്രേക്ഷകനൊരു ഷോക്ക് ആക്കാനും സാധിക്കും.... എന്നാൽ റോന്ത് ആവശ്യപ്പെട്ടത് ഈ സകലമാന പ്രശ്നങ്ങളിൽ നിന്നും അവർ സിസ്റ്റത്തിനോട് ഫൈറ്റ് ചെയ്യുന്ന ഒരു പര്യവസാനമായിരുന്നു... അല്ലെങ്കിൽ അതിനേക്കാൾ മികച്ചതൊന്ന്... ഒരുപക്ഷേ അങ്ങനെയായിരുന്നെങ്കിൽ റോന്തിൻ്റെ വിധി വേറൊന്നായേനെ..
എന്നാൽ ഇവിടെ ഷാഹി കബീർ സിനിമകളുടെ മുഖമുദ്രയായ ഡിസ്റ്റർബിംങ്ങ് ട്രാജഡി കുത്തിക്കയറ്റി പരിപാടി ഏൽക്കാതെ പോകുന്നു.
അനുഭവപ്പെടുത്തിയ പോരായ്മകളിലും റോന്ത് ഒരു മികച്ച സിനിമ തന്നെയാണ്, പക്കാ ഒരു റിയലിസ്റ്റിക് സിനിമ. താല്പര്യമുള്ളവർക്ക് തീയേറ്ററിൽ കണ്ടു നോക്കാം.
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - പടക്കളം
No comments: