Search This Blog

Thoughts on മിഖായേൽ

🔹667. " മിഖായേൽ "

Gnr :- Action Thriller
Lang :- മലയാളം 2019

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ശരാശരി നിലവാരം പുലർത്തിയ ഗ്രേറ്റ്ഫാദർ അവതരണം കൊണ്ട് മാത്രം കയ്യടിപ്പിച്ച ചിത്രമാണ്. അതുകൊണ്ടുതന്നെ ഹനീഫ് അദേനിയിൽ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യചിത്രത്തിലെ പോരായ്മകൾ വരുംകാലത്ത് മാറ്റിയെടുക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.
അത് അസ്ഥാനത്താക്കി കൊണ്ടായിരുന്നു എബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൻറെ തിരക്കഥ. തുടർന്ന് മൂന്നാമത്തെ ചിത്രത്തിൽ എത്തിനിൽക്കുമ്പോൾ ഹനീഫ് അദേനിയുടെ വളർച്ച പടവലം പോലെ താഴേക്കാണ്..
#Disappointed
-Yadu EZr

ആര് ആരെയോ എന്തോ പറഞ്ഞു കളിയാക്കി അതിന് ആരോ മരിച്ചു. അതിന് ആരോ വന്ന് എന്തോ പറയുന്നു പിന്നീടങ്ങോട്ട് പ്രതികാരം കൊണ്ട് പ്രതികാരം....
സൈക്കോ വില്ലൻ, കോമഡി വില്ലൻ, കോമാളി വില്ലൻ, കാലില്ലാത്ത വില്ലൻ, കണ്ണെഴുതിയ വില്ലൻ, പോലീസ് വില്ലൻ, ഡോക്ടർ വില്ലൻ തുടങ്ങി നീണ്ടനിര വില്ലൻ തസ്തികകൾ ഓരോന്നായി പ്രേക്ഷകന്റെ കണ്ണിനിട്ട് കുത്തിയ ഒന്നേമുക്കാൽ മണിക്കൂർ അറുബോറൻ വധമാണ്.

ഹനീഫ് അദേനിയിൽ നിർമ്മാതാവും താരങ്ങളും വിശ്വസിച്ചതിൽ തെറ്റില്ല. കാരണം പുള്ളി അത്രയ്ക്ക് ഓവർ റേറ്റഡായിരുന്നു.
അതു മനസ്സിലാക്കി തരുന്നതാണ് ചിത്രത്തിന്റെ അവതരണരീതിയും കയ്യടക്കവും.
മുള്ളിതറച്ച ബന്ധം കൊണ്ടുണ്ടാക്കിയ ഒരു ഡസൻ അനാവശ്യ കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. ലോജിക്കിനോ പ്രേക്ഷകന്റെ അഭിരുചിക്കോ സ്ഥാനമില്ലാത്ത ആരാധകർ ഉറക്കെ പറയുന്ന മാസ് മാത്രം ലക്ഷ്യംവെച്ച് അതിനുവേണ്ടി മാത്രം അണിയിച്ചൊരുക്കുന്ന രംഗങ്ങളാൽ സമ്പുഷ്ടമാണി ചിത്രം. ഈ രംഗങ്ങൾ ഒന്നുംതന്നെ അതിൻറെ പൂർണതയിലെത്തുന്നില്ലതാനും.

പ്രതികാരം ചെയ്യാൻ തോക്കിനു മുൻപിൽ കിട്ടിയാലും ക്ലൈമാക്സ് വരെ വലിപ്പിച്ചു നീട്ടി കൊണ്ടുപോകുന്ന ക്ലീഷേകൾ അടക്കം പലകുറി കണ്ടു മറന്ന ഒട്ടനവധി രംഗങ്ങൾ ഒട്ടിച്ചുവച്ച മിഖായേൽ എന്നെ പൂർണ്ണമായും നിരാശപ്പെടുത്തി..

'' ഊലക്ക ജക്ക ജക്ക " എന്ന BGM ഉം രണ്ടുവരി കൗണ്ടർ ഡയലോഗുകളും നിശ്ചിതസമയം ഇടവിട്ട് കാണിച്ചുകൊണ്ടിരിക്കുന്നത് ഗേറ്റ് ഫാദറിലേയും എബ്രഹാമിലേയും പോലെ ഇത്തവണ വില പോകുന്നില്ല.
അതിനുള്ള പ്രധാന കാരണം പ്രധാന നായകൻറെ സൗണ്ട് മോഡുലേഷൻ ആണ്. മുൻ ചിത്രങ്ങളിൽ മമ്മൂട്ടി അദ്ദേഹത്തിന്റെ ഗംഭീര സൗണ്ട് മോഡുലേഷനിൽ പെർഫെക്റ്റായ് ചെയ്തപ്പോൾ മുക്കിയും മൂളിയും നിവിൻപോളി ഭംഗി നഷ്ടപ്പെടുത്തുന്നുണ്ട്.

ജീവനില്ലാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്, സിദ്ദിഖിന്റെ വേറിട്ട പ്രകടനവും ഉണ്ണിമുകുന്ദൻറെ ബോഡിയും മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം കല്ലുകടിയാണ്. സുദേവ് നായറും ശാന്തികൃഷ്ണയും കോമഡിയ്ക്കായ് കെട്ടിയുണ്ടാക്കിയ കഥാപാത്രങ്ങളമെല്ലാം വീക്ക് കാരക്ടറൈസേഷന്റെ ഇരകളാണ്. മെലോഡ്രാമാറ്റിക് സംഭാഷണങ്ങൾ കൊണ്ട് ശാന്തി കൃഷ്ണയുടെ പല രംഗങ്ങളും വെറുപ്പിച്ചു.

ഒട്ടനവധി ആക്ഷൻ രംഗങ്ങൾ ഉള്ള ഈ ചിത്രം നായകൻറെ ശരീരഘടനയാൽ ഭംഗി ചോർത്തുന്നു. എന്നിരുന്നാലും ക്ലൈമാക്സിലെ ഉണ്ണി മുകുന്ദൻ നിവിൻപോളി ഫൈറ്റ് കൊള്ളാമായിരുന്നു.
തടിച്ച് വീർത്ത നിവിൻ പോളി പ്രകടനത്തിലും പൊങ്ങുപോലെയായി.

മഹേഷ് നാരായണന്റെ എഡിറ്റിങ്ങും ഒത്തിരി പിഴവുകൾ എടുത്തുകാണിക്കുന്നുണ്ട്. ക്ലൈമാക്സ് ഫൈറ്റിൽ നിവിൻപോളി താഴേക്ക് വീണ് മുകളിലേക്ക് കയറുന്ന രംഗവും റെയിൽവേ ട്രാക്ക് രംഗവും എഡിറ്റിംഗിലെ അശ്രദ്ധ കാണിച്ച രംഗങ്ങളാണ്. ഇതുപോലെ എടുത്തുപറയത്തക്ക ഒന്നുമില്ലാത്ത ചായാഗ്രഹണവും ഗോപി സുന്ദറിന്റെ ബിജിഎം വെച്ച് മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഇതു പലപ്പോഴും വിജയം കാണുന്നുമുണ്ട്.

ചടുലത നിലനിർത്തിക്കൊണ്ട് കഥ പറയേണ്ട ഈ ചിത്രം പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച കാഴ്ചയാണ് സമ്മാനിച്ചത്. മോശം കാസ്റ്റിങ്ങും എഴുത്തിലെ പോരായ്മകളും അവതരണത്തിൽ കൂടി ബാധിച്ചപ്പോൾ മിഖായേൽ തിയേറ്ററിലെ ദുരനുഭവമാക്കി. ആരാധകർക്കും ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെട്ടേക്കാം....
കണ്ടു വിലയിരുത്തുക.

LastworD

മിഖായേൽ എന്ന ഈ ചിത്രം തിയേറ്ററിൽ നിന്നും തന്നെ കാണുക. ഇഷ്ടപ്പെടാം ഇഷ്ടപ്പെടില്ലായിരിക്കാം!
എനിക്ക് ഈ ചിത്രം പൂർണ്ണ നിരാശയാണ്.
Avoidable

 My Rating : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

No comments: