Search This Blog

Thoughts on ഒരു യമണ്ടൻ പ്രേമകഥ

🔹701. ഒരു യമണ്ടൻ പ്രേമകഥ

Gnr :- comedy
Lang :- മലയാളം

കണ്ടവരെല്ലാം ബോറാണെന്ന് പറഞ്ഞിട്ടും യമണ്ടന് ടിക്കറ്റെടുത്തു.


-Yadu EZr
https://www.facebook.com/yaduezr ]

അങ്ങിങ്ങായി കുറേ ചിരിപ്പിച്ചു. കുറച്ച് വെറുപ്പിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സിനിമയും തീർന്നു.
#നേരമ്പോക്കിന്_കണ്ടിരിക്കാം

''My Rating : 2/5"

ദുൽഖറിന്റെ സിനിമകൾ കാണാൻ ഇഷ്ടമാണ്. പുള്ളിയുടെ സ്ക്രീൻ പ്രസൻസ് എന്തോ വളരെ ഇഷ്ടമാണ്.

ദുൽഖർ - വിഷ്ണു - ബിപിൻ - BC നൗഫൽ ടീം അണിയിച്ചൊരുക്കിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കഥ പറയുന്നത്.
ദുൽഖറിനെ കൂടാതെ സലിംകുമാർ, സൗബിൻ, വിഷ്ണു ഉണ്ണികൃഷ്ണൻ , രഞ്ജി പണിക്കർ , സംയുക്ത മേനോൻ, നിഖില വിമൽ തുടങ്ങി ഒരു താരനിരയും ചിത്രത്തിലുണ്ട്.

പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു പ്രത്യേകതയുള്ള പ്രേമകഥയാണ് പറയുന്നത്.
വലിയ പണക്കാരനും നാട്ടിലെ പ്രമാണിയുമായ ഒരച്ഛന്റെ മകൻ ആയിട്ടും നാട്ടിലെ തല്ലിപ്പൊളി കൂട്ടുകാർക്കൊപ്പം കൂട്ടുകൂടി നടക്കുകയാണ് കഥാനായകൻ ലല്ലു.
കാണാൻ സുന്ദരനായതുകൊണ്ട് തന്നെ  പെൺകുട്ടികളുടെ ഹീറോയാണ് ലല്ലു.
എന്നാൽ ഇതുവരെ ആരോടും ലല്ലുവിന് പ്രേമം തോന്നുന്നില്ല. മാത്രമല്ല പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് ശബദമെടുത്ത ലല്ലുവിന് മനസ്സിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.
ലാലുവിനെ പെണ്ണുകെട്ടിക്കാൻ കൂട്ടുകാരും കുടുംബക്കാരും ഒന്നിച്ച് ഇറങ്ങിയിട്ടും വലിയ ഗുണം ഒന്നും ഉണ്ടാകുന്നില്ല.
ഇങ്ങനെ പോകുന്ന കഥയിൽ ഉണ്ടായേക്കാവുന്ന കോമഡികൾ എല്ലാം ഈ ചിത്രത്തിലുണ്ട്.
ആ കോമഡികൾക്കൊപ്പം  ഒരുപാട് ന്യൂനതകളും.

നല്ലൊരു കഥയോ, തിരക്കഥയോ, സംവിധാനമോ ചിത്രത്തിനില്ല എന്നതാണ് വലിയ പോരായ്മ.
എന്നാൽ കാണുമ്പോൾ ചിരി വരുന്ന കുറച്ച് സന്ദർഭങ്ങളുണ്ട് ഇതിൽ. അത് ഭംഗിയായി ദുൽഖറും കൂട്ടരും ചെയ്തു എന്നാണ് എനിക്ക് തോന്നിയത്.
ഇതിനൊപ്പം ചിത്രത്തിന്റെ ക്വാളിറ്റിയോട് അടുത്തുനിൽക്കുന്ന പശ്ചാത്തലസംഗീതവും ചായാഗ്രഹണവും കൊള്ളാമായിരുന്നു.

സലിംകുമാറിന്റെ പാഞ്ചിക്കുട്ടനും സൗബിനും വിഷ്ണുവും ദുൽഖറിനൊപ്പം വരുമ്പോൾ ആ രംഗങ്ങൾ കാണാൻ നല്ല രസമുണ്ടായിരുന്നു.
വിഷ്ണു അവതരിപ്പിച്ച കാഴ്ചയില്ലാത്ത കഥാപാത്രം വരുത്തുന്ന കോമഡികൾ നന്നായിരുന്നു.
വുമൺസ് കോളേജിൽ പെയിന്റിഗിന് പോകുന്നതും പാതിരാത്രിയിലെ ബർത്ത് ഡേ പാർട്ടിയും ഒക്കെ ഇതിനുദാഹരണങ്ങളാണ്.

അമർ അക്ബറിനും കട്ടപ്പനയ്ക്കും ശേഷം അതേ എഴുത്തുകാർ വീണ്ടും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളുടെ നിഴലിൽ ഒതുങ്ങി പോകുന്നതായാണ് യമണ്ടൻ കാണിച്ചുതരുന്നത്.
ബിബിൻ ചെയ്ത വില്ലൻ വേഷം വലിയ ഇംപാക്ട് ഉണ്ടാക്കുന്നില്ല. മികച്ച ഒരു വില്ലന്റെ അഭാവം കഥയെ മൊത്തമായി ബാധിക്കുന്നുമുണ്ട്.
കൂടാതെ ഹരീഷ് കണാരനും ധർമ്മജനും ഒക്കെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളെപ്പോലെ വന്നു പോകുന്നതും നിരാശയാണ് സമ്മാനിക്കുന്നത്.

ഒരുപാട് ബോറൻ രംഗങ്ങൾ ചിത്രത്തിലുണ്ട്.
ഫോൺ വിളിച്ചു കിട്ടാത്തതുകൊണ്ട് ഹോസ്റ്റലിൽ കയറുന്ന രംഗം ഒരുപാട് നേരം കാണിച്ചത് പ്രേക്ഷകനെ നന്നായി ബോറടിപ്പിക്കും. കൂടാതെ കട്ടപ്പനയിൽ നമ്മൾ ചിരിച്ച രതീഷ് കോമഡി വീണ്ടും കാണിക്കുന്നതും ആശയദാരിദ്ര്യത്തെ അടയാളപ്പെടുത്തുന്നു.
ഇതോടൊപ്പം ഒരു ലക്ഷം സാലറി വാങ്ങുന്ന അനിയൻ ജോലിയുടെ ബുദ്ധിമുട്ടുകൾ പറയുന്ന രംഗവും അതേ തുടർന്ന് കുറച്ചുനേരം കാണിക്കുന്ന  രംഗങ്ങളും അസ്സൽ ബോറായിരുന്നു.

ഓമനക്കുട്ടി (Oky) , അന്തസ്സ് തുടങ്ങിയ പ്രയോഗങ്ങൾ ഡയലോഗിന് ഒപ്പം വരുമ്പോൾ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
ചോട്ടാമുംബൈയും അതുപോലെ കൊച്ചി ഗ്യാംങ് ചിത്രങ്ങളും വെട്ടിത്തെളിച്ച പാതയിലൂടെയാണ് ഈ ചിത്രവും മുന്നോട്ടുപോകുന്നത്. പക്ഷേ കഥയില്ലായ്മകൊണ്ട്
 ഒരു വട്ടം കണ്ടു മറക്കാവുന്ന ശരാശരി ചിത്രം മാത്രമായി ഒരു യമണ്ടൻ പ്രേമകഥ ഒതുങ്ങിപ്പോകുന്നു.

മികച്ചത് എന്ന് പറയാൻ ഒരു രംഗം ഉണ്ടെങ്കിൽ മോശം എന്ന് പറയാൻ മൂന്നു രംഗങ്ങളുണ്ട് ഈ ചിത്രത്തിൽ.
ഇതേ റേഷ്യേ കീപ്പ് ചെയ്തുകൊണ്ടാണ് ചിത്രം കണ്ടു തീർക്കാൻ സാധിച്ചത്.
അതുകൊണ്ടുതന്നെ സ്വന്തം റിസ്കിൽ കണ്ടു വിലയിരുത്തുക.

Last word

ഒരുപക്ഷേ കഥപറയാൻ വന്നപ്പോൾ ദുൽഖറിനെ ഒരുപാട് സന്തോഷിപ്പിച്ചിരിക്കാം ഈ ചിത്രം.
കാരണം  നല്ലൊരു എന്റർടൈനർ ഒരുക്കാവുന്ന വൺലൈൻ ചിത്രത്തിനുണ്ട്.
രണ്ടരമണിക്കൂർ സിനിമയായ് വന്നപ്പോൾ വലിച്ചുനീട്ടലും വളിപ്പ് രംഗങ്ങളും ചിലരുടെ ബോറൻ പ്രകടനവും അവതരണത്തിലെ പോരായ്മയും എല്ലാം ആയപ്പോൾ ശരാശരി എന്ന് പോലും പറയാൻ പറ്റാത്ത ഒരു വട്ടം കണ്ടു മറക്കാവുന്ന ഒരു ചിത്രമായ് യമണ്ടൻ പ്രേമകഥ.

''My Rating : 2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Diary of June

No comments: