Search This Blog

1091. DOCTOR (2021)

🔹1091. " ഡോക്ടർ "

Gnr :- Comedy Action Drama
Lang :- തമിഴ്
[ A warning before you read : this review might have spoilers. So , Don't read this review now, just go watch the film and read it! ]

ഒരു സിനിമയുടെ സത്ത് അനുഭവിച്ചറിയാൻ , ആസ്വാദനതലം മുഴുവനായി ഉൾക്കൊള്ളാൻ തീയേറ്ററുകൾ അല്ലാതെ മറ്റൊരു ഓപ്ഷൻ നിലവിൽ ഉണ്ടോ? 
ആളും ആരവവും മാത്രമല്ല ഒരു സിനിമ അത് ആവശ്യപ്പെടുന്ന ക്വാളിറ്റിയിൽ പ്രേക്ഷകരിലെത്തിക്കാൻ സിനിമ തീയറ്ററുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ...
 
ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന വരുൺ ഒരു മിലിറ്ററി ഡോക്ടറാണ്, അധികം സംസാരിക്കാത്ത (റൊമാൻറിക് അല്ലാത്ത) വരുണിൻ്റെ സ്വഭാവരീതി ഇഷ്ടമില്ലാത്തതുകൊണ്ട് ഉറപ്പിച്ചു വെച്ച കല്യാണം മുടങ്ങുന്നു. ഇതേ ദിവസം തന്നെ കല്യാണ പെണ്ണിൻറെ അനിയത്തിയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടുപോവുകയും ശേഷമുള്ള അന്വേഷണങ്ങളും കാര്യങ്ങളുമാണ് സിനിമ പറയുന്നത്.

പോലീസിൽ നിന്ന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതുകൊണ്ട് ഡോക്ടറും നായികയുടെ കുടുംബവും തയ്യാറാക്കുന്ന പ്ലാനും അന്വേഷണങ്ങളും തുടർന്ന് തെറ്റില്ലാത്ത ത്രില്ലറായി/എൻ്റർടൈനറായ് മാറുന്ന കഥാഗതിയും ചിത്രത്തെ പ്രതീക്ഷിച്ചതിലും നല്ലൊരനുഭവമാക്കി മാറ്റുന്നു.

ആദ്യം സിനിമയുടെ പോരായ്മകളെ പറ്റി പറയാം, 'മരിക്കാൻ ഭയമില്ലാത്ത നായകൻ' എന്ന ഹീറോയിസം സിനിമയിൽ പലസ്ഥലത്തും ഉപയോഗിക്കുന്നുണ്ട്.. യഥാർത്ഥത്തിൽ ക്ലൈമാക്സിൽ അടക്കം അത് കാണുമ്പോൾ മരിക്കാൻ മുട്ടി നിൽക്കുന്ന കഥാപാത്രമാണോ എന്ന് തോന്നിപ്പോകും.
കൂടാതെ ലോജിക് തിരഞ്ഞാൽ സിനിമ തികഞ്ഞ പരാജയവും ആകും. 
പ്രകടനത്തിൽ ആരും മോശമായി തോന്നിയില്ല... ശിവയുടെ കൂടെയുള്ള പോലീസുകാരൻ പലയിടത്തും നന്നായി ചിരിപ്പിക്കുന്നത് കൊണ്ട്
വളിപ്പ് രംഗങ്ങൾ മറന്നു കൊടുക്കാം.

സിനിമയിൽ ഏറ്റവും മികച്ച വശം, എപ്പോഴത്തെയും പോലെ അനിരുദ്ധിൻ്റെ സൗണ്ട് ഡിപ്പാർട്ട്മെൻറ് തന്നെയാണ്, ചടുലം ഗംഭീരം.
കൂടാതെ ശിവയും യോഗി ബാബു, വിനയ് , പ്രിയങ്ക എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ കഥാപാത്രങ്ങളെല്ലാം  പ്രകടനം നന്നാക്കിയിട്ടുണ്ട്.
യോഗി ബാബു പോലീസ് സ്റ്റേഷനിലെ ആദ്യ സീൻ മുതൽ നന്നായി ചിരിപ്പിക്കുന്നുണ്ട്, പിന്നെ ആ റൊമാൻ്റിക് ഗുണ്ടയും. 

'കൊലമാവ് കോകില' ഒരുക്കിയ നെൽസൺ ആദ്യ ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ മികവിൽ രണ്ടാം ചിത്രം ഒരുക്കിയിട്ടുണ്ട്. 'ഹ്യൂമൻ ട്രാഫിക്കിങ്' പോലെ സീരിയസ് മൂഡിൽ മാത്രം കഥ പറഞ്ഞിരുന്ന ഒരു പശ്ചാത്തലത്തെ കോമിക് ആക്കാതെ സിറ്റുവേഷൻ കോമഡികളാക്കി ആസ്വദിച്ച് കാണാവുന്ന ചിത്രമാക്കുന്നു ഡോക്ടർ.

സിനിമയുടെ താളത്തെ ബാധിക്കുന്ന പാട്ടോ അനാവശ്യ രംഗങ്ങളോ വരുന്നില്ല, 'ഗ്യാങ് ലീഡർ' എന്ന ചിത്രം നൽകിയ ഒരു തൃപ്തി ഡോക്ടർ എവിടെയൊക്കെയോ പിന്തുടരുന്നു. കുടുംബത്തോടൊപ്പം കാണാവുന്ന റിപ്പീറ്റ് വാച്ചിലും ആസ്വാദനം നിലനിർത്താൻ തക്ക പാങ്ങുള്ള സിനിമയാണ് ഡോക്ടർ.

------My Rating : 4/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: