1236. ജയിലർ
🔹1236. ജയിലർ
Gnr :- Action
Lang :- തമിഴ്
നടപ്പിലും എടുപ്പിലും തിരശ്ശീലയെ തീയാക്കുന്ന തലൈവരാട്ടം, ആകാശത്തേക്കെറിഞ്ഞ ചുരുട്ട് ചുണ്ടുകൊണ്ട് പിടിച്ച് സ്വാഗ്ഗ് കാണിക്കുന്ന രജനിയാട്ടം.. ഇതിനെയെല്ലാം ആളിക്കത്തിക്കാനും ഇരിപ്പിടംവിട്ടാഘോഷിക്കാനും മലയാളത്തിൻറെ മോഹൻലാലും ശിവരാജ് കുമാറും.
#ജയിച്ചിട്നെൽസാ... ഹാഷ്ടാഗിലും അപ്പുറം തിയേറ്ററിൽ തളം കെട്ടിനിൽക്കുന്ന നിരാശയുടെ കഥയുണ്ട് ജയിലറിന്..
അതിലേക്കാണ് എന്റെ റിവ്യൂ.... കൊട്ടിഘോഷിക്കുന്നതും തലയിലേറ്റി ആറാടുന്നതും പരിധിക്കപ്പുറം എനിക്കനുഭവപ്പെടുത്താത്ത ജയിലർ.
നമ്മൾ ഒരു രജനി പടത്തിന് ടിക്കറ്റെടുക്കുമ്പോൾ എന്താണ് ആഗ്രഹിക്കുന്നത്? നട ഉടൽ ചിരിയഴക് എന്നാണുത്തരമെങ്കിൽ അത്തരക്കാർക്കുള്ളതാണ് ജയിലർ. സ്ഥിരം റൂട്ടിലോടുന്ന അന്തിക്കാടിനും ചുണ്ടും നാവും വെച്ച് ഒരായിരം ആവർത്തി ക്യൂട്ടാവുന്ന ദളപതി സ്റ്റൈലും രക്ഷകൻ ഇമേജും പോലെ മടുപ്പാണ് സാറേ....
മനസ്സിലായോ.
ACP അർജുൻ പാണ്ഡ്യൻ സത്യസന്ധനായ പോലീസുകാരനാണ്... അയാൾ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അതിക്രൂരന്മാരായ വിഗ്രഹകടത്തിൻ്റെ മാഫിയകളെ കുറിച്ചും... ആ അന്വേഷണത്തിനിടെ ACP അർജുനെ കാണാതാകുകയും, ആ മിസ്സിംഗ് കേസ് പോലീസ് സൂയിസൈടായി റിപ്പോർട്ട് ചെയ്യാൻ വ്യഗ്രത കൂട്ടുകയും ചെയ്യുന്നു...
എന്നാൽ ഇത് അർജുൻ പാണ്ഡ്യൻ്റെ അച്ഛൻ മുത്തുവേൽ പാണ്ഡ്യൻ്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തുകയും മകൻറെ തിരോധാനം അന്വേഷിച്ച് ആ അച്ഛൻ തെരുവിലേക്കിറങ്ങുകയും ചെയ്യുന്നിടത്ത് ജയിലർ പ്രധാന കഥയാരംഭിക്കുകയാണ്... മുത്തുവേൽ പാണ്ഡ്യനും അയാളുടെ ടൈഗർ ഫ്ലാഷ് ബാക്കും
അയാളുടെ പ്രതിസന്ധിഘട്ടത്തിൽ അയാൾക്ക് തുണയാകുന്ന രണ്ടുപേരും അവരുടെ സ്വാഗ്ഗും മാസ്സും ആറ്റിറ്റ്യൂടും.... ട്വിസ്റ്റിനും ക്ലൈമാക്സിനും തൊട്ടുമുൻപേ കാണിക്കുന്ന ഒരു ലോഡിലധികം മണ്ടത്തരങ്ങളും...
തരക്കേടില്ല എന്ന് തോന്നിപ്പിച്ചു തുടങ്ങിയ ആദ്യപകുതി ഒരു മെന്റൽ ഹോസ്പിറ്റൽ സീനോടുകൂടി ട്രാക്കിൽനിന്ന് ട്രാക്റ്ററിൽ കയറിയ പോലെ നായകനേയും വില്ലനെയും ഒരുപോലെ കോമഡിയാക്കുന്നുണ്ട്..
തുടർന്ന് വില്ലൻ നായകന് കൊടുക്കുന്ന ഒരു മിഷൻ...
ഇന്ത്യൻ പ്രസിഡൻറ്, പ്രധാനമന്ത്രി, അമിതാബ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, ബ്ലാസ്റ്റ് മോഹൻ....
ഹൊ കൊടൂരം,
ഈ ഐറ്റം ഒരു മലയാള സിനിമയിലാണ് കാണുന്നതെങ്കിൽ മുഖം ചുളിച്ച് ഷിറ്റ് ഗ്രൂപ്പിലേക്ക് അഡ്മിഷൻ കൊടുക്കുന്നവർ ഇന്ന് കയ്യടിക്കുന്നുണ്ട്....
മാത്രമല്ല വിഗ്ഗ് വെച്ച കോമഡി കേശുവിൽ പൊളിറ്റിക്കലി കറക്റ്റ് ആകാത്ത യുവാവിന് ജയിലറിൽ അതൊരു പ്രശ്നവുമില്ല....
ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ ഫ്ലാഷ് ബാക്ക് സിനിമയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അരോചകവുമാണ്, കൂടാതെ സിനിമയിലെ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും നായകൻ രക്ഷ തേടിയെത്തുന്ന മോഹൻലാലിൻറെ മാത്യുവും തമ്മിൽ എന്തു വ്യത്യാസമാണ് ഉള്ളത് രണ്ടും ക്രിമിനലുകൾ തന്നെ...
രജനികാന്തും മോഹൻലാലും ശിവരാജ് കുമാറും ഒരുമിച്ചുണ്ടാക്കുന്ന സഖ്യത്തിന് വിനായകനെ പോലൊരു വില്ലനെ നിഷ്പ്രയാസം നേരിടാൻ പറ്റും എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാക്കുന്നിടത്ത് നായകൻ - വില്ലൻ പ്ലേയും പൂർണ്ണതയിൽ വർക്കാകുന്നില്ല.
ഒരു ശരാശരി സിനിമയാണ് ജയിലർ, ഏറെക്കാലത്തിനുശേഷം രജനീകാന്തിന് കിട്ടിയ ആശ്വസിക്കാവുന്ന സിനിമ, അഞ്ചു മിനിറ്റിൽ മോഹൻലാൽ പൂണ്ട് വിളയാടിയ സിനിമ, വിനായകന്റെ നല്ല പെർഫോമൻസ് (*) ഉള്ള സിനിമ, ശിവരാജ് കുമാർ എപ്പോഴത്തെയും പോലെ ആറ്റിറ്റ്യൂഡ് കൊണ്ട് മാസ്സാക്കുന്ന സിനിമ,
ഇവയെല്ലാം അനിരുദ്ധീന്റെ മ്യൂസിക് കൊണ്ട് ഒരു പടി മുകളിലെത്തിക്കുന്ന ഔട്ട്പുട്ട് സ്വന്തമാക്കുന്ന സിനിമ.......
രണ്ടേമുക്കാൽ മണിക്കൂർ കണ്ടുതീർത്തിറങ്ങുമ്പോൾ എനിക്ക് തൃപ്തിയല്ല ജയിലർ...
ശരാശരിക്ക് മുകളിലെത്താൻ മേക്കിങ് കൊണ്ട് നെൽസന് സാധിക്കും, എഴുത്തുകൊണ്ട് പറ്റില്ല.
MY RATING : 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - വോയിസ് ഓഫ് സത്യനാഥൻ
No comments: