Search This Blog

1238. KING OF KOTHA

വിമർശിക്കാൻ ആയിരം പേര് കാണും..... അതിൽ ഞാനും കാണും 🥹

🔹1238. KING OF KOTHA

Gnr :- ACTION
Lang :- മലയാളം

സിനിമയുണ്ടായ കാലം മുതൽ പറഞ്ഞു പഴകിയ പഴഞ്ചേരുവയുടെ ചാരെ കെട്ടിയ നാട സൂപ്പർതാര പുത്രൻ്റെ കാശിന്റെ കഴപ്പിൽ പ്രമോഷനിൽ പൊതിഞ്ഞ് പ്രേക്ഷകനെ പറ്റിക്കാനെത്തിയ പന്ന പടമാണ് കിംഗ് ഓഫ് കൊത്ത.

കഥാന്തരീക്ഷം ഒരു ഉട്ടോപ്യൻ തദ്ദേശീയ പ്രതലമായതുകൊണ്ട് അതിനെ വിശ്വസനീയമായി പ്രതിഷ്ഠിച്ചടുക്കാൻ നേരത്തെ പറഞ്ഞ കാശിന്റെ കഴ കൊണ്ടാകുന്നുണ്ട് എന്നത് സിനിമയുടെ ഏക പോസിറ്റീവാണ്... ഏതൊരു ബിഗ് ബഡ്ജറ്റ് അവരാധം പോലെയും പ്രൊഡക്ഷൻ ഡിസൈനിലും സൗണ്ട് ഡിസൈനിലും മ്യൂസിക്കിലുമെല്ലാം മികവെത്തി  എന്നാൽ അതിൽ തന്നെ അതവസാനിക്കുന്ന കൊത്തയുടെ രാജാവിൻറെ കഥയിലേക്കും അഭിപ്രായത്തിലേക്കും വരാം...

കൊത്ത എന്നത് രാജ്യമാണോ നാട്ടുരാജ്യമാണോ സംസ്ഥാനമാണോ എന്നൊന്നും അറിയില്ല ഒരു സ്ഥലം... അവിടേക്ക് പുതുതായി ചാർജ് എടുക്കാൻ എത്തുന്ന ഒരു പോലീസുകാരൻ, കൊത്തയെ കുറിച്ചുള്ള ആദ്യ അന്വേഷണത്തിൽ ഭീകരനായ ഡ്രഗ് ഡീലർ കണ്ണൻ ഭായിയെ കുറിച്ച് അറിയുന്നു... പുള്ളിയെ പിടിക്കാൻ അങ്ങേരുടെ ഗുഹയിൽ എത്തുന്ന പോലീസുകാരന് പക്ഷേ നല്ലൊരനുഭവമല്ല അവിടുന്ന് കിട്ടുന്നത്... എതിർത്തുനിൽക്കാൻ തനിക്ക് പറ്റില്ല എന്ന് കണ്ട പോലീസുകാരൻ കൊത്ത ഭരിച്ചിരുന്ന രാജുവേട്ടനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതും തിരിച്ചുകൊണ്ടു വരുന്നതുമാണ് ബാക്കി കഥ...

രാജുവേട്ടന്റെ ഫ്ലാഷ്ബാക്ക് പറയുന്ന ഗോകുൽ സുരേഷിന് അമ്പലപ്പറമ്പിലെ ഭക്തി നാടകങ്ങളുടെ ലെവലിലുള്ള ഡയലോഗുകൾ എഴുതി കൊടുത്ത റൈറ്റർക്ക് ആദ്യം നമോവാകം പറഞ്ഞുതുടങ്ങാം... പക്ഷേ പോകെ പോകെ പ്രേക്ഷകന് ഒരു കാര്യം മനസ്സിലാകും, സിനിമ മൊത്തം അത്തരം ഡയലോഗുകളുടെ അയ്യര്കളിയാണെന്ന്....

കൊത്ത വിറപ്പിച്ച രാജാവിന്റെ മടക്കയാത്രയും തിരിച്ചടിയും പ്രതികാരവും പ്രണയവും പ്രതികരണങ്ങളും ഒക്കെയായി കിംഗ് ഓഫ് കൊത്ത ലൈവിലെത്താൻ ശ്രമിക്കുമ്പോൾ നാറിയ തിരക്കഥയും അറുബോറൻ പെർഫോമൻസുകളും നേരത്തെ പറഞ്ഞ പഴഞ്ചേരുവയുടെ സകലഭാരവും കൊണ്ട് ആസ്വാദനം ഒരു തലവേദനയാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

സൗബിൻ ഷാഹിർ, നൈല, ഐശ്വര്യ ലക്ഷ്മി, കണ്ണൻ ഭായ് ആൻഡ് K ടീം,  തങ്കച്ചി പാസം, പ്രണയം വിത്ത് അൺലിമിറ്റഡ് ക്രിഞ്ച് , സജിത മഠത്തിൽ ആൻഡ് പൂച്ച,
എന്നിങ്ങനെ മാസ്സും ഇമോഷനും കാണിക്കാൻ ശ്രമിച്ചു പ്രേക്ഷകനെ ചിരിപ്പിച്ച് ദയനീയമാക്കുന്ന ദുൽഖർ സൽമാൻ വരെ സിനിമയുടെ എടുത്തു പറയേണ്ട പോരായ്മകളാണ്... പെർഫോമൻസിൽ ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ് എന്നിവർ കൊള്ളാമായിരുന്നു...  

ജോൺ വിക്ക് മുതൽ റോളക്സിനെ വരെ നമുക്ക് കൊത്തയിൽ കാണാം , ഒരു സങ്കരയിനം പടം എന്നു വേണമെങ്കിൽ ഇതിനെ പറയാം... ഒരു പാൻ ഇന്ത്യൻ സ്പൂഫ് എന്ന് വേണമെങ്കിൽ ഭംഗിക്ക് പറയാം, തട്ടേൽ കയറ്റാൻ മാറ്റിവെച്ച ബാലയ്ക്കു എഴുതിയ സ്ക്രിപ്റ്റ് എന്ന് വേണമെങ്കിൽ തമാശയ്ക്കും പറയാം...
ഞാൻ ഇതിനെ മുകളിൽ പറഞ്ഞതുപോലെ കാശിന്റെ 'കഴപ്പ് എന്ന് തന്നെ പറഞ്ഞു നിർത്തുന്നു.

കൊത്തയിലെ രാജാവാണ്, കലിപൂണ്ട കാലനാണ്, വെട്ടൊന്ന് മുറി രണ്ടാണ് എന്നൊക്കെ പറഞ്ഞിട്ട്
കോക്രി കാണിക്കുന്ന നായകനെ ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം... 

മാസാണ് കൊലയാണ് എന്നൊക്കെ പറഞ്ഞു കഞ്ചാവ് അടിച്ച് കിറുങ്ങിയ കോലത്തിൽ തലങ്ങും വിലങ്ങും നടക്കുന്നത് മാസ് ആണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി തന്നെ ടിക്കറ്റ് എടുക്കാം...

പറച്ചിലിൽ ഒതുങ്ങി സ്ക്രീനിൽ തെളിയാത്ത കാഴ്ചകളുടെ കമനീയ ശേഖരം കൊത്തയിലുണ്ട്. 

കൊത്തയിലെ രാജാവിനെയല്ല   കാഴ്ചയെ മടുപ്പിക്കുന്ന കൊത്തയിലെ രാജു വാവയെ രണ്ടേമുക്കാൽ മണിക്കൂറിൽ ക്ഷമ പരീക്ഷിച്ചു കണ്ടു തീർക്കാം.

MY RATING : 1/5

ഡോൺ രഞ്ജിത്ത് ഭായ്
മദ്രാസി രാജു
കാളിക്കുട്ടിയേടത്തി
താര ചേച്ചി
Kടീം
ഡോൺ കണ്ണൻ ഭായ്
ബാലരമയിലെ കഥാപാത്രങ്ങളോ ഡോൺ ശ്യാമിന്റെ അനിയന്മാരോ ഒന്നുമല്ല, കിംഗ് ഓഫ് കൊത്തയിലെ ടെറർ ടീം ആണ്...
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - RDX

No comments: