Search This Blog

1239. RDX

കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഏക ഓണച്ചിത്രം എന്നതു കൂടിയാണ് തിയേറ്ററുകളിൽ RDXനെ വിജയത്തിൽ നിന്ന് വമ്പൻ വിജയത്തിലേക്കെത്തിക്കുന്നത്...

🔹1239. RDX

Gnr :- ACTION
Lang :- മലയാളം 

ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ നിന്ന് സിനിമ കളറിലേക്കും ഡിജിറ്റലിലേക്കും വഴിമാറിയ കാലത്തും ത്രില്ലറിനും ആക്ഷനും ഹൊററിനുമൊക്കെ ചാർത്തി കൊടുത്ത ടെമ്പ്ലേറ്റ് ബാധ്യതയുടെ അറ്റം പേറി കേവലകോലാഹലങ്ങളിലെ പണംപാറ്റി ആണ്ടുനേർച്ച നിർത്തി പ്രതിഭാക്ഷയം മറികടന്ന് 
മലയാള സിനിമയും മേക്കേഴ്സും പ്രേക്ഷകനെ പരിഹസിക്കാത്ത സിനിമകളുമായി തീയറ്ററുകളിലെത്തണം. കൊത്തയും ബോസ്സും കളഞ്ഞ ഓണാഘോഷം തിരിച്ചുപിടിക്കുന്നത് പലവുരു കേട്ടൊരു പ്രമേയത്തെ നവാഗതനായ നഹാസ് ഹിദായത്തിൻ്റെ മിടുക്കുകൊണ്ട് തുന്നി വെച്ച നല്ലൊരടി പടം കൊണ്ടാണ്... 

തല്ലുമാലയും അജഗജാന്തരവും വെറുതെ കണ്ടു മറക്കുന്നിടത്ത് RDXലെ അടിയുടെ തുടക്കവും അതുകൊണ്ടെത്തിക്കുന്ന തലവും നായകരേക്കാൾ ആൾബല കരുത്തുകൊണ്ട് സ്ട്രോങ്ങാകുന്ന വില്ലന്മാരും നീറ്റായ് പറഞ്ഞു പോകുന്ന അവതരണവും കഥാപാത്രങ്ങളോടുള്ള കണക്റ്റും ഈ സിനിമയെ കൂടുതൽ ഇഷ്ട്ടപ്പെടുത്തുന്നുണ്ട്.

കേന്ദ്ര കഥയിലെ സാധാരണത്വവും അവതരണത്തിലെ അസാധാരണത്വവും തുടരെത്തുടരെ പ്രേക്ഷകനു മുന്നിലേക്ക് കൊടുക്കുന്ന ഹൈ മൊമെന്റ്സ് കൊണ്ട് പടമാരെയും ബോറടിപ്പിക്കില്ല... എൻഗേജിംഗ് ഫാക്ടർ കണക്കിലെടുത്താൽ ഈ വർഷം തിയേറ്ററിലെത്തിയ കൊള്ളാവുന്ന മലയാളസിനിമകളുടെ ആദ്യനിരയിൽ ഉറപ്പായും RDX ഉണ്ടാകും.

ഒരു പള്ളി പെരുന്നാൾ കാണിച്ചാണ് സിനിമ തുടങ്ങുന്നത്, അവിടെ നടക്കുന്ന ഒരു അടിയും അതിനുള്ള തിരിച്ചടിയും അതിലേക്ക് വഴിവെച്ചൊരു ഫ്ലാഷ് ബാക്കും നിറം നിറച്ചുള്ള ഫ്രെയിമുകൾ കൊണ്ട് ഒരാഘോഷ പടത്തിന്റെ സകലമൂഡും ആവാഹിച്ച് പവർപാക്ക് എന്റർടൈനർ കാറ്റഗറിയിൽ ചിത്രം രോമാഞ്ചമുണ്ടാക്കുന്നുണ്ട്...

നോട്ടങ്ങളിലും ചലനങ്ങളിലും ശരീരഭാഷയുടെ ഒതുക്കങ്ങളിലുമെല്ലാം ഉള്ളാഴ്ന്നുള്ള ആക്ഷനും പെർഫോമൻസും കൊണ്ട് സിനിമയൊന്നാകെ തകർത്താടുന്നത് റോബർട്ടാണ്.... ഷൈൻനിഗമാണ്, 
ഒരു സ്റ്റാർ മെറ്റീരിയൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബോഡി ലാംഗ്വേജും ഇമോഷനും 
ഇവിടെ പരിപൂർണ്ണതയിൽ വർക്കായിട്ടുണ്ട്... 
കൂടാതെ തൻറെ സേഫ്സോണിൽ മടങ്ങിയെത്തി കൈയടി വാങ്ങുന്ന ആൻറണി വർഗീസിൻ്റെ ഡോണിയും പുള്ളിയുടെ കിന്റൽ പഞ്ചും പടമൊന്നാകെ ആവർത്തനമാണെങ്കിലും കിടിലനായി വന്നിട്ടുണ്ട്...
സേവിയർ എന്ന നീരജ് മാധവിൻ്റെ കഥാപാത്രം നഞ്ചക് വെച്ചുള്ള ആക്ഷൻ കൊണ്ട് ചിത്രത്തിൽ ഉടനീളം കയ്യടി നേടുന്നുണ്ട്, മറ്റു രണ്ടുപേരെ അപേക്ഷിച്ചു സേവിയർ കുറെക്കൂടി ഇമോഷണലാണ്, നിരജ് അത് ഭംഗിയായ് അവതരിപ്പിച്ചിട്ടുമുണ്ട്....

പഞ്ചും കിക്കും നഞ്ചക്കും സമന്വയിപ്പിച്ച ആക്ഷൻ കൊറിയോഗ്രാഫി സിനിമയുടെ ഔട്ട്പുട്ടിനെ ഒന്നിലധികം കാഴ്ച തീയേറ്ററിൽ തന്നെ ഡിമാൻഡ് ചെയ്യിപ്പിക്കുന്ന തരത്തിൽ പാക്ക് ചെയ്തെടുത്തിട്ടുണ്ട്... 
കാർണിവൽ ഫൈറ്റും ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫൈറ്റും ബോട്ടിലെ ഫൈറ്റും ക്ലൈമാക്സിലെ ആംബുലൻസ് ഫൈറ്റും കോളനി സീനുകളുമൊക്കെ കാണുന്നവരെ ത്രസിപ്പിക്കാൻ
ബേസ് ലെയറിൽ പറഞ്ഞുപോയ വില്ലന്മാരുടെ ക്രൂരതയുടെ കഥ കൊണ്ടാകുന്നിടത്ത് എടുത്തു പറയേണ്ട മറ്റൊരു പെർഫോമൻസ് ആണ് വില്ലന്മാരുടേത്...

ടെറർ🔥 വിഷ്ണു അഗസ്ത്യയും ടീമും നയിച്ച വില്ലൻ സംഘം ഗംഭീരമാണ്... പടത്തിൽ ബൈജു സന്തോഷ് പറയുന്നത് പോലെ
വെട്ടിയിട്ടാൽ മുറികൂടി വരുന്ന സൈസ് ഐറ്റങ്ങൾ ഇതിലുണ്ട്... അവരുടെ ക്രൂരത ആദ്യ ആക്റ്റിൽ തന്നെ കാണിക്കുമ്പോൾ തിരിച്ചടിയിൽ ഒരു പഞ്ഞവും വേണ്ടെന്ന് പ്രേക്ഷകരാഗ്രഹിക്കും തരത്തിലാണ് കഥയുടെ പിന്നെപോക്ക്.

ലാൽ ,ബാബു ആൻറണി, മാല പാർവതി, ഐമ , മഹിമ നമ്പ്യാർ എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഒരുപറ്റം അഭിനേതാക്കൾ കഥാപാത്രങ്ങളായ ചിത്രം മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ ആണ് നിർമ്മിച്ചിട്ടുള്ളത്... 
സാമിന്റെ സൗണ്ടും അൻപറിവിൻ്റെ ആക്ഷൻ കൊറിയോഗ്രാഫിയും അഭിനേതാക്കളുടെ പെർഫോമൻസും എഡിറ്റിങ്ങും വിഷ്വലും എഴുത്തും ഇമോഷനും അവതരണവുമൊക്കെ സിനിമയുടെ എടുത്തു പറയേണ്ട മേന്മയുടെ വശങ്ങളാണ്...

പോരായ്മകളിലേക്ക് കണ്ണോടിച്ചാൽ, തുടക്കത്തിൽ സിനിമ കൈവരിക്കുന്ന ഹൈ മൊമെന്റ്സിൽ നിന്ന് ഫ്ലാഷ്ബാക്കിലേക്ക് പോകുമ്പോൾ ഇഴഞ്ഞും തെളിഞ്ഞും കരയിലെത്താൻ സ്വല്പം മെല്ലെ പോകുന്ന പടം ഒരുപക്ഷേ എൻഗേജിങ്ങിൽ വേരിയേഷൻസ് ഉണ്ടാക്കിയേക്കാം... അതൊരു പോരായ്മ അല്ലെങ്കിലും ഒരു ആക്ഷൻ പടത്തിന്റെ ആസ്വാദനം വെട്ടിക്കുറക്കാൻ ഇത്തരം കുത്തിക്കയറ്റിയ രംഗങ്ങൾ കൊണ്ട് സാധിക്കും.
ഓണത്തിന് പ്രേക്ഷകരെ പൂർണതയിൽ ആസ്വദിപ്പിക്കാൻ RDXന് സാധിക്കും.. വയലൻസിന്റെ അതിപ്രസരമോ കഥയിൽ നിന്ന് തെന്നിമാറുന്ന ബോറടിപ്പിക്കുന്ന രംഗങ്ങളോ ഇല്ലാതെ രണ്ടര മണിക്കൂർ കയ്യടിച്ചും മനസ്സു നിറഞ്ഞും ഒന്നിലധികം തവണ കണ്ട് ആസ്വദിക്കാൻ തക്ക ക്വാളിറ്റിയുള്ള ഒരു തീയേറ്റർ മെറ്റീരിയൽ... 
ധൈര്യമായി തന്നെ ടിക്കറ്റെടുക്കാം.

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ബോസ്സ് & Co.

No comments: