1240. കണ്ണൂർ സ്ക്വാഡ്
കണ്ണൂർ സ്ക്വാഡ്
Gnr :- ACTION
Lang :- മലയാളം
ക്ഷമ പരീക്ഷിക്കുന്ന കണ്ണൂർ സ്ക്വാഡ്......
ആദ്യദിനം കൊട്ടിഘോഷിച്ചാറാടി പിന്നെ കാറ്റുപോയി കയ്യാലപ്പുറത്തിരിക്കുന്ന സ്ഥിരം ഇക്കച്ചി തട്ടിക്കൂട്ട് സീരീസിലെ മറ്റൊരവരാതം...
നടപ്പിലും നടിപ്പിലും പ്രായം നിഴലു വീഴ്ത്തിയ രണ്ടേ മുക്കാൽ മണിക്കൂറും തലവേദനയും, എഴുപത്ക്കാരൻ്റെ വിളയാട്ടമെന്ന് ഫാൻസിലെ പാണന്മാർ പാടിയേക്കാം എന്നാൽ...............
കണ്ണൂർ സ്ക്വാഡിന് ഇതുപോലൊരഭിപ്രായം പ്രതീക്ഷിച്ചൊരു പ്രേക്ഷകനെന്ന നിലയ്ക്ക് കണ്ണൂർ സ്ക്വാഡ് ആദ്യാവസാനം നൽകിയത് ക്വാളിറ്റിയുള്ള കാഴ്ചയാണ്, സിനിമയാണ്, സമയമാണ്.
STORY WITH SPOILER ⏭️
കണ്ണൂർ എസ് പി യുടെ കീഴിൽ രൂപീകരിക്കപ്പെട്ട ഒരു സ്പെഷ്യൽ സ്ക്വാഡ്, കണ്ണൂർ സ്ക്വാഡ്.
നാലു പേരടങ്ങുന്ന രണ്ട് ടീമുകൾ, അതിലെ B ടീമും അവരുടെ അന്വേഷണ രീതികളും ക്യാരക്ടറൈസേഷനുകളും പരിചയപ്പെടുത്തി കൊണ്ടുള്ള ആദ്യപകുതിയുടെ മുക്കാൽ ഭാഗം സ്ലോ പേസ്ഡ് പോലീസ് ഡ്രാമ എന്ന നിലയിൽ തരക്കേടില്ലാത്ത അഭിപ്രായം സ്വന്തമാക്കി തുടങ്ങുമ്പോൾ...
പിന്നീട് കാസർഗോഡ് അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള ഒരാളുടെ മരണവും അതിൻറെ അന്വേഷണം സ്ക്വാഡ് ഏറ്റെടുക്കുന്നതും കാണിച്ച് പടം ട്രാക്കിൽ കയറുന്നു.
തുടർന്ന് പ്രതികളെ പിടിക്കാൻ ജില്ലയും സംസ്ഥാനവും കടന്നുള്ള ത്രില്ലും ഇമോഷനും ആകാംക്ഷയും ചേർന്ന യാത്ര നല്ലൊരു സ്ക്രിപ്റ്റിൽ അവതരണ മികവിൽ പെർഫോമൻസിൽ മനോഹരമായി സ്ക്രീനിൽ എത്തിക്കുകയാണ് കണ്ണൂർ സ്ക്വാഡ്.
'നൻപകൽ നേരത്തു മയക്കം, റോഷാക്ക്' എന്നീ മികച്ച സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച് നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി, റോണി, ദീപക്, കിഷോർ, അസീസ്, സണ്ണി വെയ്ൻ, വിജയരാഘവൻ, ശബരീഷ്, മനോജ് കെ യു എന്നിങ്ങനെ അഭിനേതാക്കളുടെ നിരയും
സുഷിൻ ശ്യാം, പ്രവീൺ പ്രഭാകർ എന്നിങ്ങനെ അണിയറയിലെ ശക്തമായ പേരുകളും കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്.
സിനിമയുടെ പോരായ്മകളിൽ പറഞ്ഞു തുടങ്ങാം....
ക്ലൈമാക്സ് രംഗങ്ങളിൽ അനാവശ്യമായി കയറിവരുന്ന ഓവർ ദി ടോപ്പ് ഹീറോയിസവും ഫൈറ്റും അതുവരെ കാണിച്ച ആഖ്യാനത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നില്ല...
ഒരു ക്രൂര കൊലപാതകം ചെയ്ത പ്രതികൾക്ക് ക്ലൈമാക്സിൽ നായകൻറെ വക നല്ല രണ്ടിടി കിട്ടണമെന്ന് പ്രേക്ഷകനെന്ന നിലയ്ക്ക് ആഗ്രഹിച്ചെങ്കിലും അതും സ്ക്രീനിൽ പോരായ്മയായി അവശേഷിക്കുന്നുണ്ട്... കൂടാതെ ഞങ്ങൾ മനുഷ്യന്മാർ മാത്രമല്ലല്ലോ പോലീസുകാർ കൂടിയല്ലേ... എന്ന് നായകനെ കൊണ്ട് പറയിപ്പിക്കുന്ന രംഗവും ആ കേസും ഇമോഷണലി പ്രേക്ഷകനെ ലോക്ക് ചെയ്യുമ്പോൾ ക്ലൈമാക്സിൽ കൈക്കൂലി വാങ്ങിയ പോലീസുകാരനെ ന്യായീകരിക്കുന്ന രംഗങ്ങൾ കൊണ്ട് ആദ്യത്തെ രംഗത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തുന്നുണ്ട്....
ഈ പോരായ്മകൾ ഒന്നും സിനിമയുടെ ആകെത്തുകയെ ബാധിക്കുന്നതല്ല...
മമ്മൂക്കയുടെ പ്രായം മറന്നുള്ള പ്രകടനവും അതിൻറെ ഭംഗിയും മാത്രം മതിയാകും സിനിമയ്ക്കായ് മാറ്റിവെക്കുന്ന സമയവും പണവും ഒരുപോലെ മുതലാകാൻ... ഇത്തരം കഥകൾ കേൾക്കാനും കഥയ്ക്ക് ആവശ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അത് നിർമ്മിക്കാനും പടം ആവശ്യപ്പെടുന്ന പ്രമോഷൻ കൊടുത്തു തിയേറ്ററിൽ എത്തിക്കാനും കാലത്തിനൊത്ത് മനസ്സിനെയും പ്രായത്തെയും പാകപ്പെടുത്തിയ ഒരു കലാകാരന് സാധിച്ചേക്കാം...
അതെ മമ്മൂട്ടിക്ക് സാധിക്കും.
മമ്മൂട്ടി കമ്പനി തങ്ങളുടെ മൂന്നാമത്തെ സിനിമയിൽ എത്തി നിൽക്കുമ്പോൾ വരും സിനിമകളിലേക്കുള്ള പ്രതീക്ഷ കൂടി മാറ്റിവയ്ക്കുന്നുണ്ട്, കോളിറ്റിയിൽ കോംപ്രമൈസ് ചെയ്യാത്ത മിനിമം ഗ്യാരണ്ടി നൽകുന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് സ്വന്തമാക്കുന്നുണ്ട്...
സുഷിൻ ശ്യാം ഒരുക്കിയ മ്യൂസിക് ഡിപ്പാർട്ട്മെൻറ് ഗംഭീരമാണ്, തുടക്കം മുതൽ തീരുന്ന വരെ പടത്തിനെ ഒരു പടി ഉയർത്താൻ മ്യൂസിക് കൊണ്ടാകുന്നു.. ഒരു സിനിമാട്ടോഗ്രാഫർ സംവിധായകൻ ആയാലുള്ള ഗുണം കണ്ണൂർ സ്ക്വാഡിൽ കാണാം.. തീരൻ അധികാരവുമായുള്ള പശ്ചാത്തലത്തിലെ സാമ്യം വേറിട്ടൊരാഖ്യാനം കൊണ്ടുതന്നെ സംവിധായകൻ മറികടക്കുന്നുണ്ട്...
Roundup സീക്വലുകൾ പോലെ കണ്ണൂർ സ്ക്വാഡും സീക്വലിന് ഒരുപാട് സാധ്യതകളുള്ള സിനിമയാണ്... സ്ക്വാഡും അവരുടെ പുതിയ ഉദ്യോഗസ്ഥരും അന്വേഷണങ്ങളും എല്ലാമായി കൂടുതൽ സിനിമകളെത്തട്ടെ...
മലയാള സിനിമയെ പ്രേക്ഷകർ മടുത്തിരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്ന ഈ സമയത്ത് ചുരുങ്ങിയ തിയേറ്ററുകളിൽ നിന്ന് മൂന്നാം ദിവസത്തിലെത്തുമ്പോൾ 300ൽ അധികം തിയേറ്ററുകളിലേക്ക് പടർന്നിരിക്കുന്ന സ്ക്വാഡിന് ടിക്കറ്റ് കിട്ടാനില്ല എന്നത് സന്തോഷം നൽകുന്ന കാര്യമാണ്...
നല്ലൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ധൈര്യമായ് ടിക്കറ്റെടുക്കാം...
MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ചാവേർ
No comments: