1278. നടികർ
🔹നടികർ
Gnr. :- Drama
Lang. :- മലയാളം
Author :- Yadu EZr
മോഹൻ നിങ്ങളൊരു നല്ല നടനാകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം,
നല്ല നിരീക്ഷണ ബോധം വേണം, നമുക്ക് ചുറ്റുമുള്ള ആളുകളെ സുഹൃത്തുക്കളെ ശത്രുക്കളെ പരിചയം പോലുമില്ലാത്ത ആളുകളെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസ്സുണ്ടാകണം...
ബെസ്റ്റ് ആക്ടർ സിനിമയിൽ അഭിനയമോഹിയായ മമ്മൂക്കയുടെ കഥാപാത്രത്തോട് സംവിധായകൻ രഞ്ജിത്ത് പറയുന്ന ഡയലോഗ് ആണിത്...
ജീൻപോൾ സംവിധാനം ചെയ്ത് ടോവിനോ, ഭാവന, ബാലു വർഗീസ് , സുരേഷ് കൃഷ്ണ, സൗബിൻ ഷാഹിർ എന്നിവരെ കഥാപാത്രങ്ങളാക്കി നടികൾ തിലകം എന്ന പേരിൽ അനൗൺസ് ചെയ്ത് പിന്നീട് നടികർ എന്ന പേരിൽ തീയറ്ററിൽ എത്തിയ ചിത്രം കഴിഞ്ഞദിവസം കണ്ടു...
ആദ്യത്തെ മൂന്നു സിനിമകൾ സൂപ്പർ ഹിറ്റായ അതിൻറെ മെച്ചത്തിൽ സൂപ്പർസ്റ്റാറായ ഡേവിഡ് പടിക്കൽ എന്നാലിപ്പോൾ പരാജയത്തിൻ്റെ പടുകുഴിയിലാണ്.
യാതൊരു ജീവിതാനുഭവങ്ങളും ഇല്ലാത്ത തയ്യാറെടുപ്പുകളും ഇല്ലാത്ത ഒരു പൊട്ട ചെക്കൻ എന്ന ലേബലിലാണ് സിനിമയിൽ ഉടനീളം ഡേവിഡ് പടിക്കലിനെ പരിചയപ്പെടുത്തുന്നത്... വിജയത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ തൻറെ അഹങ്കാരവും ദേഷ്യവും കോംപ്ലക്സുകളുമൊക്കെ കയറി വരുമ്പോൾ പുള്ളിക്കാരൻ കൂടുതൽ കുഴപ്പങ്ങളിലേക്കാണ് പോകുന്നത്...
ഇതൊന്നു മാറ്റിപ്പിടിക്കാൻ, തൻറെ അഭിനയം കൂടുതൽ മെച്ചപ്പെടുത്താൻ അയാൾ ഒരു ട്രെയിനറുടെ സഹായം തേടുന്നു...
തുടർന്നുള്ള കഥയാണ് നടികർ.
ഒരു കഥാപാത്രത്തിനോടും അയാളുടെ ഈമോഷൻസിനോടും പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആ സിനിമയിൽ എത്ര പോഷ് കാണിച്ചാലും ഏതൊക്കെ രാജ്യത്ത് പോയി ഷൂട്ട് ചെയ്താലും സാക്ഷാൽ ക്രിസ്റ്റഫർ നോളന്റെ പടമാണെങ്കിലും കാഴ്ചക്കാരന് ദഹിക്കില്ല... അത്തരം ദഹന പ്രശ്നങ്ങൾ എല്ലാമുള്ളൊരു സിനിമയാണ് നടികർ....
പ്ലാസ്റ്റിക് സന്ദർഭങ്ങൾ മാത്രമല്ല പ്ലാസ്റ്റിക് പെർഫോമൻസുകളും രണ്ടര മണിക്കൂറിൽ തലവേദന ഉണ്ടാക്കുന്ന നടികർ തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ ആദ്യപകുതിയാണ് ആകെയുള്ള കൊള്ളാവുന്നൊരു സംഗതി...
ഡേവിഡ് പടിക്കലിന്റെ ജീവിതവും അയാളുടെ അറൊഗൻസും ടോവിനോയും തരക്കേടില്ലാതെ ചെയ്തു വച്ചിട്ടുണ്ട്.. പക്ഷേ പടത്തിലേക്ക് സൗബിൻ കയറി വരുമ്പോൾ തന്നെ ഗ്രാഫ് താഴുന്നത് പ്രേക്ഷകനനുഭവപ്പെടും... പിന്നീട് രണ്ടാം പകുതിയിൽ യാതൊരു ഫ്ലോയുമില്ലാതെ കുറെ രംഗങ്ങൾ ഇങ്ങനെ കൊളാഷ് പോലെ വന്നു പോകുന്നു എന്നല്ലാതെ പ്രത്യേകിച്ചൊന്നും സിനിമ ഓഫർ ചെയ്യുന്നില്ല.
വിഷ്വലി വൻ റിച്ചാണ് നടികർ.. സൗണ്ട് വൈസ് ലൗഡ് ആവുമ്പോൾ സ്ക്രീനിൽ ഓടുന്ന വിഷ്വലിന് അത് മാച്ച് ആവാതെ പലപ്പോഴും മുഴച്ചു നിൽക്കുന്നുണ്ട്... രണ്ടാം പകുതിയിൽ വെട്ടി കളയാവുന്ന ഒരുപാട് സന്ദർഭങ്ങൾ എഡിറ്റർ ഉറങ്ങി പോയത് കൊണ്ടാകാം സ്ക്രീനിൽ കാണാൻ പറ്റിയത്...
പെർഫോമൻസിൽ സുരേഷ് കൃഷ്ണ നന്നായിരുന്നു, ആദ്യപകുതി ടോവിനോ തരക്കേടില്ലെങ്കിലും രണ്ടാം പകുതിയും നീട്ടി വലിപ്പിച്ച അറുബോറൻ ക്ലൈമാക്സും ടോവിനോ കൂടി കാരണം മോശപ്പെട്ടവയാണ്.. കൂടാതെ ചന്തു സലിംകുമാർ, സൗബിൻ ഷാഹിർ എന്നിവരുടെ പോഷനും എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിട്ടില്ല... ഭാവനയാണെങ്കിൽ കടുവയിലെ മാളവികയെക്കാൾ കൂടുതൽ നേരം സ്ക്രീനിലുണ്ട് എന്നതല്ലാതെ ആർക്കോവേണ്ടി തിളച്ച സാമ്പാറിലെ
മുരിങ്ങാക്കൊലുപോലൊരു കഥാപാത്രം, പെർഫോമൻസും മോശമായിരുന്നു.
പിന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രം സുമേഷ് മൂറിൻ്റേതാണ്, കളയിലെ പെർഫോമൻസിന് കിട്ടിയ കയ്യടി കാരണം പല സിനിമകളിലെയും തല്ലുകൊള്ളി കഥാപാത്രങ്ങൾ ഒഴിവാക്കിയ മൂർ ഈ പടത്തിൽ ചെന്ന് ചാടിയത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. അത്രയ്ക്ക് ഗംഭീരമായിരുന്നു അനാവശ്യമായ ആ രംഗങ്ങൾ.
ആകെതുകയിൽ പ്രത്യേകിച്ചൊന്നും എടുത്തു പറയാനില്ലാത്ത ഓർമ്മയിൽ നിൽക്കുന്ന ഒന്നും തന്നെ ഇല്ലാത്ത ശരാശരിക്കും ഏറെ താഴെ നിൽക്കുന്ന ഒരു സിനിമ... പ്രൊഡ്യൂസറുടെ കീശയിലെ കാശ് മാക്സിമം സ്ക്രീനിലെത്തിക്കാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരിക്കേണ്ട മികച്ചൊരു തിരക്കഥയോ ആദ്യാവസാനമോ നടികറിൽ മഷിയിട്ടുപോലും കാണാൻ പറ്റില്ല...
ഒരു മോശം നടന് കുറെ ജീവിതാനുഭവങ്ങൾ ലഭിച്ച് അയാളുടെ ക്യാരക്ടറും പെർഫോമൻസും ഇംപ്രൂവ് ആകുന്ന ഒരു പരിപാടിയാണ് നടികർ ഉദ്ദേശിച്ചതെങ്കിൽ, അതിൽ ആകെ മൊത്തം നിരാശപ്പെടുത്തുകയാണ് സിനിമ... ഉദ്ദേശിച്ച പരിപാടി വർക്കൗട്ട് ആയില്ല എന്ന് തന്നെ പറഞ്ഞുകൊണ്ട് നിർത്തുന്നു.
#Nadikar
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''EXHUMA"
No comments: