Search This Blog

1293. ബാന്ദ്ര

🔹ബാന്ദ്ര

Gnr.      :- Action Drama
Lang.   :- മലയാളം
Author :- Yadu EZr
🛑 SPOILER ALERT 

നൂറോളം കൊലക്കേസിൽ പ്രതിയായ ബോംബെയിലെ റാഷിദ് ഖാനെ ഒറ്റരാത്രികൊണ്ട് തൂക്കി വണ്ടിയിലിട്ട് കേരളത്തിൽ എത്തിച്ചവനാണ് ആല.... 

ആലയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഗ്യാങ്സ്റ്റർ ലെവൽ സെറ്റപ്പാണ് ഉദ്ദേശിച്ചതെങ്കിലും വടക്കൻ സെൽഫി ഉമേഷ് ലെവലാണ് സ്ക്രീനിൽ കാണാൻ പറ്റുന്നത്... പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വീട്ടിൽ അമ്മയെ കുക്കിംങ്ങെല്ലാം സഹായിച്ച് ചുമ്മാ തെക്ക് വടക്ക് നടക്കുന്നൊരു കഥാപാത്രം.

അങ്ങനെ അവരുടെ നാട്ടിലേക്ക് ഒരു ബോളിവുഡ് ഷൂട്ടിംഗ് വരികയാണ് ( കഥ പോണ പോക്കേ...).
നടി താരാജാനകിയാണ് വരുന്നത് . ബോളിവുഡിന്റെ ഡ്രീം ഗേൾ....
ഇതിനോടകം താരയെ സ്ക്രീനിൽ കണ്ടിഷ്ട്ടപ്പെട്ട ആല ഷൂട്ടിംങിൻ്റെ എക്സൈറ്റ്മെന്റിലാണ്....  അങ്ങനെയിരിക്കെ ഒരു രാത്രി താരാ ജാനകി ആരോടും പറയാതെ ആലയുടെ വീട്ടിലെത്തുകയാണ്.

അവരെ പ്രൊഡ്യൂസർ കയറിപ്പിടിച്ചെന്ന്.. അവർക്ക് ആലയുടെ വീട്ടിൽ അഭയം വേണമെന്ന്.. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും ബൂസ്റ്റായതുകൊണ്ട് പിന്നെ ആലയുടെ ആലയിലാണ് താര ജാനകി.

ശേഷം ഷൂട്ടിംഗ് നിർത്തി താര ബോംബെയിലേക്ക് പോകുന്നു... പ്രണയപരവശനായ ആല താരയെ കാണാൻ ബോംബെയിലെത്തുന്നു. അവിടെവച്ച് താരയുടെ പുതിയ സിനിമ ആല നിർമ്മിക്കാം എന്നേൽക്കുന്നു. 
വലിയ മുതൽമുടക്കുള്ള ഒരു ഹിസ്റ്റോറിക്കൽ ചിത്രം. 

കയ്യിലെ കാശ് തീരുന്നതോടെ ആല ബോംബെയിലെ പ്രൊഫഷണൽ കില്ലർ ആലയാകുന്നു... കാശിനുവേണ്ടി ആളുകളെ തേടിപ്പിടിച്ച് കൊല്ലുന്നതിനിടെ ആല പിടിക്കപ്പെടുന്നു... 

താരാജാനകിയുടെ സിനിമ നിർത്തിവെക്കാനൊരുങ്ങുമ്പോൾ നാട്ടിൽ നിന്ന് വീടും സ്ഥലവും വിറ്റ് ആലയുടെ അമ്മ ഒരു പെട്ടി കാശുംകൊണ്ട് ബോംബെയിൽ എത്തുന്നു... ( ആ സീൻ കണ്ട് രോമാഞ്ചം തോന്നി ബോംബെയിലേക്ക് വണ്ടി കയറിയവരാകും സിനിമ കണ്ടവരിൽ ഭൂരിഭാഗവും).

താരയുടെ സിനിമ റിലീസാകുന്നു. Ofcourse അതൊരു ബംബർഹിറ്റാകുന്നു...
താരാജാനകി ആലയെ കാണാൻ ജയിലിലെത്തുന്നു... 

വില്ലൻ വരുന്നു എല്ലാവരെയും കൊല്ലുന്നു...

ശേഷം ഈ സംഭവങ്ങളെല്ലാം സാക്ഷിയെന്ന അപ്പ് കമിങ് ഡയറക്ടർ തേടിപ്പിടിച്ച് മനസ്സിലാക്കി ഒരു സിനിമയാക്കുന്നു... അതും വിജയമാകുന്നു.

നാശം കഴിഞ്ഞെന്ന് കരുതി കസേരയിൽ നിന്നെണീറ്റ പ്രേക്ഷകന് 'തീർന്നില്ല രാമാ ഒന്നുകൂടിയുണ്ട്...' എന്ന കണക്കിന് സംവിധായകൻ ഒരു ടെയിൽഎൻ്റ് കൂടി കരുതി വെച്ചിട്ടുണ്ട്... ( അതുംകൂടി സഹിക്കാൻ താല്പര്യമില്ലാത്തവർ വീട്ടിൽ ചെന്ന് ലൂസിഫർ ടെയിൽ എൻ്റ് കണ്ടാലും മതി )

➖➖➖➖➖➖➖➖➖➖➖

ഇത്തരമൊരു കഥ എഴുതിവെച്ചവനും (ഉദയകൃഷ്ണ) അതു വായിച്ച് ഇഷ്ടപ്പെട്ട് സിനിമയാക്കാൻ തുനിഞ്ഞവനും (അരുൺ ഗോപി)
അവൻറെ നട്ട ഭ്രാന്തിന് കുടപിടിക്കാൻ കാശെറിഞ്ഞവനും (അജിത്ത് വിനായക) ഇതെല്ലാം വിശ്വസിച്ച് കരിയറിന്റെ ഏറ്റവും മോശം ടൈമിൽ ഡേറ്റ് കൊടുത്തവനും ഒരുപോലെ കിട്ടിയ അണ്ണാക്കിലടിയാണ് ആഫ്റ്റർ റിലീസ് നമ്മൾ തിയേറ്ററിൽ കണ്ടത്.

ദിലീപ്, തമന്ന, മമ്ത, ഷാജോൺ, ഗണേശൻ, സിദ്ദിഖ് എന്നിങ്ങനെ ഒരു പറ്റം അഭിനേതാക്കൾ കഥാപാത്രങ്ങളായ ബാന്ദ്രയിൽ നല്ലൊരു സിനിമയാക്കാനുള്ള ശ്രമം പോലും എവിടെയും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

സിനിമയുടെ പോസിറ്റീവ്സ് നോക്കുമ്പോൾ... താരതമ്യേനെ തരക്കേടില്ലാത്ത ഒരു  ആദ്യപകുതിയും അഭിനേതാക്കളുടെ ഡീസൻ്റ് പെർഫോമൻസുമാണ് പറയണമെങ്കിൽ തന്നെ പറയാനുണ്ടാവുക.

മോളിവുഡ് വേർഷൻ ഓഫ് 'ഓം ശാന്തി ഓം' ആണ് ഉദ്ദേശിച്ചതെങ്കിൽ അതിൻ്റെ ഒരു സ്പൂഫ് പോലും സിനിമയിലെവിടേയും വന്നിട്ടില്ല. 

അതെ,എഴുത്താണ് ഏറ്റവും മോശം... 
ഫെസ്റ്റിവൽ മൂഡ് സിനിമകളൊരുക്കാൻ ഉദയ്കൃഷ്ണ ഇതിനോടകം കഴിവ് തെളിയിച്ചതാണ്... പക്ഷേ സമീപകാലത്ത് ആർക്കുവേണ്ടിയാണ് ഇത്തരം സിനിമകൾ എഴുതുന്നത് എന്നറിയില്ല. അത്രയ്ക്കും മോശം സ്ക്രിപ്റ്റാണ് ഈ സിനിമയ്ക്കുള്ളത്.

രണ്ടര മണിക്കൂർ എന്ന വലിയ ദൈർഘ്യവും യാതൊരു എൻഗേജിംങ്ങും നൽകാത്ത ആഖ്യാനവും ടെക്നിക്കലി പഞ്ചില്ലാത്ത ആകെമൊത്തവും സിനിമയുടെ അടുത്ത വില്ലന്മാരാണ്... 
ഇത്തരം സിനിമകൾ ഇന്നത്തെ കാലത്ത് കണ്ടു തീർക്കുക എന്നത് വലിയൊരു ദൗത്യം തന്നെയാണ്... 

അർഹിച്ച പരാജയം തിയേറ്ററിൽ നിന്ന് ഏറ്റുവാങ്ങിയ സിനിമ.... ഇതിൽ ഭാഗമായ എല്ലാവരും തന്നെ നല്ലൊരു സിനിമയുമായി തിരിച്ചു വരട്ടെ.

MY RATING : O.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "ONCE UPON A TIME IN KOCHI"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

1 comment: