Search This Blog

1304. കൽക്കി 2898 AD

🔹 കൽക്കി 2898 AD

Gnr.      :- Sci-fi/Action
Lang.   :- തെലുഗു
Author :- Yadu EZr
പാണ്ഡവ പക്ഷത്തിന്റെ ഉന്മൂലനനാശമുറപ്പിക്കാനായ് അർജുന പുത്രനായ അഭിമന്യുവിൻറെ ഭാര്യ ഉത്തരയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ ബ്രഹ്മാസ്ത്രം ഉപയോഗിച്ച, 
മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന് കൊടിയ നഷ്ടങ്ങൾ ഉണ്ടാക്കിയ സപ്ത ചിരഞ്ജീവികളിൽ ഒരാളായ ദ്രോണ പുത്രൻ
 അശ്വത്ഥാമാവിൽ നിന്നാണ് കൽക്കി എന്ന സിനിമ കഥയാരംഭിക്കുന്നത്.....

ചെയ്തികളുടെ ഫലമെന്നോണം കൃഷ്ണനാൽ കൊടിയ ശാപമേറ്റ അശ്വത്ഥാമാവ് യുഗാന്ത്യത്തിൽ ദശാവതാരത്തിൻ്റെ പിറവിക്ക് സംരക്ഷണം നൽകാനും അതുവഴി ശിവമണി തിരിച്ചുപിടിക്കാനും നിയോഗിക്കപ്പെടുന്നു....

ഹിന്ദു പുരാണമനുസരിച്ച് നാല് യുഗങ്ങളുടെ കാലചക്രമുണ്ട്.... സത്യയുഗം , ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ വരുന്ന അവയിൽ വിഷ്ണുവിന്റെ ശ്രീകൃഷ്ണാവതാരത്തിൻ്റെ അവസാനത്തിന് ശേഷം കലിയുഗമാണ് ആരംഭിക്കുക....

 കലിയുഗമെന്നു പറയുമ്പോൾ ജനസംഖ്യ വിസ്ഫോടനവും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും, സത്യവും ധർമ്മവും ഉപേക്ഷിച്ച അധാർമിക ജീവിതങ്ങളും പണം മാത്രം ലക്ഷ്യം വെക്കുന്ന ഭരണാധികാരികളുമടക്കം സർവ്വനാശം തന്നെയായിരിക്കും വന്നു ചേരുക... 

ധർമ്മം ക്ഷയിച്ച അവിടെ കലിയുഗമൂർത്തി കലിയെ ഉന്മൂലനം ചെയ്ത് ധർമ്മം പുനസ്ഥാപിക്കാനും കാലചക്രം 'സത്യയുഗം' മുതൽ വീണ്ടുമാരംഭിക്കാനും കലിയുഗ നിഗ്രഹണത്തിന് വേണ്ടി 'കൽക്കി' അവതരിക്കുമെന്നാണ് എഴുതപ്പെട്ടിട്ടുള്ളത്...

സിനിമയിലേക്ക് വരുമ്പോൾ, കലിയുഗമാണ് പശ്ചാത്തലം.... 

"കാശി , കോംപ്ലക്സ്,  ശംബാല" എന്നിങ്ങനെ അപ്പോകാലിപ്റ്റിക് ഫ്യൂച്ചറിലെ മൂന്ന് ലോകങ്ങളിലാണ് പ്രധാന കഥയെത്രയും നടക്കുന്നത്...

കോംപ്ലക്സും കാശിയുമൊക്കെ ആക്രമിക്കാനെത്തുന്നവരെ  പണത്തിനു വേണ്ടി പിടിച്ചു കൊടുക്കുന്ന ബൗണ്ടി ഹണ്ടർ വിഭാഗത്തിൽപെടുന്ന ഭൈരവ എന്ന കഥാപാത്രമാണ് പ്രഭാസ് അവതരിപ്പിക്കുന്നത്...  കോംപ്ലക്സ് എന്ന സ്വർഗ്ഗതുല്യലോകത്തെത്താനുള്ള സമ്പാദ്യമാണ് അയാളുടെ ആവശ്യം...
ശംബാലായിൽ പിറവിയെടുക്കാൻ പോകുന്ന കൽക്കിയെ ഉന്മൂലനം ചെയ്യാൻ കലിക്കൊപ്പം നായകൻ കൂട്ടുനിൽക്കുന്നു... കൽക്കിയെ രക്ഷിക്കാൻ മറ്റൊരാളും...

MY RATING : 4.5/5

ലോകത്തെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിലൊന്നാണ് മഹാഭാരതം. ഏതവസ്ഥയിലേക്കും പുനരവതരിപ്പിക്കാനും എവിടേക്കും ചേർത്ത് വെക്കാനും മൂല്യമുള്ള ഇതിഹാസസൃഷ്ട്ടിയാണത്...  ബാലസാഹിത്യം മുതൽ രണ്ടാമൂഴം പോലൊരു ക്ലാസിക് വരെ മാത്രമല്ലാതെ ഇനിയും ഒരുപാട്  മഹാഭാരതം എക്സ്പ്ലോർ ചെയ്യപ്പെടും എന്നുറപ്പാണ്....

കൽക്കിയിലേക്ക് വരുമ്പോൾ മഹാഭാരതത്തിൻറെ ഓരം പറ്റി ഒരു സിനിമാറ്റിക് യൂണിവേഴ്സും അതിൻറെ വേൾഡ് ബിൽഡിങ്ങും അതിനെ ശക്തമാക്കുന്ന ക്യാരക്ടറൈസേഷനും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ആദ്യ ചിത്രത്തിലൂടെ...

അമിതാഭ് ബച്ചൻ , പ്രഭാസ്, ദീപിക പദ്കോൺ,  കമല്‍ഹാസൻ, അന്ന ബെൻ, ശോഭന, പശുപതി, വിജയ് ദേവർകൊണ്ട, ദുൽഖർ സൽമാൻ ,ദിശ പട്ടാണി എന്നിങ്ങനെ വലിയ താരനിരയിൽ 'മഹാനടി' സംവിധാനം ചെയ്ത നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്ത 'കൽക്കി 2898 AD' ഇന്ത്യൻ സിനിമയിലേക്ക് വലിയൊരു യൂണിവേഴ്സിനെ തുടക്കം തന്നെയാണ് നൽകുന്നത്...

ഏകദേശം 600 കോടിയോളം രൂപ ചിലവിട്ട് ഇതുപോലൊരു സിനിമ ചെയ്യാനൊരുങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന സകല റിസ്ക്കുകളും നല്ലൊരു സിനിമ ഒരുക്കാൻ വേണ്ടി തൽക്കാലം മാറ്റിവെച്ച C. Aswani Dutt , Swapna Dutt ,Priyanka Dutt എന്നീ നിർമ്മാതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ....

കൂടെ സൗണ്ട് വിഷ്വൽ ട്രീറ്റിനായി അഹോരാത്രം പണിയെടുത്ത എല്ലാ ഡിപ്പാർട്ട്മെന്റിനും അഭിനന്ദനങ്ങൾ... പെർഫോമൻസിൽ അമിതാഭ്ബച്ചൻ താനാരാണെന്നും ആരായിരുന്നു എന്നും ഈ കാലഘട്ടത്തിലെ പിള്ളേർക്കും അടിവരയിട്ട് പറഞ്ഞു കൊടുക്കുന്നുണ്ട്...  പേഴ്സണലി ഇതിലെ നായകനും പെർഫോമറും അമിതാഭ് ബച്ചൻ തന്നെയാണെന്നാണ് എൻ്റെ പക്ഷം. 

Post apocalyptic സിനാരിയോയിൽ പുതിയൊരു ലോകത്തെ കൺവിൻസ് ചെയ്യാനുള്ള സകല ചേരുവയുംചേർന്ന ഔട്ട്സ്റ്റാൻഡിംഗ് VFX, CGI വർക്ക് കൽക്കിയിൽ ഉടനീളം കാണാം...

സിനിമയുടെ പോരായ്മയുടെ സൈഡിലേക്ക് നോക്കുമ്പോൾ... ആദ്യപകുതിയിൽ വേൾഡ് ബിൽഡിങ്ങിന് മാറ്റിവച്ച വേഗത കുറഞ്ഞ ആഖ്യാനം സഹിക്കാമെങ്കിലും പ്രഭാസ് അണ്ണന്റേo പുള്ളിയുടെ 'Al'യുടെയും  കോമഡികൾ ബോറായിരുന്നു... പിന്നെ ആക്ഷൻ രംഗങ്ങളിൽ അടക്കം ഒരു ത്രസിപ്പിക്കുന്ന സൗണ്ടിംങ്ങോ ഗൂസ്ബംസ് ക്രിയേറ്റ് ചെയ്യുന്ന എലിവേഷൻ സീനുകളോ പലയിടത്തും മിസ്സിംഗ് ആയിരുന്നു...

എന്നാൽ ഭൈരവ ആരാണെന്ന് കാണിക്കുന്ന രംഗവും വിജയ് ദേവർകൊണ്ടയുടെ അർജുനനും കമൽഹാസനും സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സിൽ വരുന്ന 20 മിനിറ്റും അമിതാഭ്ബച്ചനോളം തന്നെ മികവ് സിനിമയിലൂടെ നീളം നൽകുന്നുണ്ട്.

Project K എന്ന വർക്കിംഗ് ടൈറ്റിലിലെത്തിയ കൽക്കി റിലീസിന് മുൻപ് യാതൊരു പ്രതീക്ഷയും എന്നിൽ ജനിപ്പിക്കാത്തൊരു സിനിമയായിരുന്നു .... എന്നാൽ എന്നിൽ കരുതിവെച്ച അത്തരമൊരു ചിന്തയെ പല്ലിളിച്ചു നോക്കി പരിഹസിച്ച കെട്ടിലും മട്ടിലും ലോകസിനിമയോട് കിടപിടിക്കുന്ന ഈ ചിത്രം നിങ്ങളിലെ സിനിമാസ്വാദകനെ ഉറപ്പായും തൃപ്തിപ്പെടുത്തും... 

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - "ഗഗനചാരി"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: