Search This Blog

1347. പുഷ്പ 2

🔹1347. പുഷ്പ 2

Gnr.      :- ACTION
Lang.   :- തെലുഗു
കേരളത്തിലെ യുവ താരങ്ങളെ ഉത്തേജിപ്പിക്കാൻ ദുൽഖർ സൽമാന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കൊടുത്തതുപോലെ, പുഷ്പ പോലൊരു പാൻ മസാല പടത്തിലെ പെർഫോമൻസിന് അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് കൊടുത്തത് തെലുങ്കന്മാരെ ഉത്തേജിപ്പിക്കാനാണെന്നാണ് ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു വെക്കുന്നത്... 

പുഷ്പയുടെ രണ്ടാം  ഭാഗത്തിലെത്തുമ്പോൾ, 'എല്ലാമുണ്ട് പുഷ്പയ്ക്ക് പക്ഷേ ചിലത് ഇല്ലല്ലോ...' എന്ന ഹുക്ക് ലൈൻ പോലെ , 
കാന്താരയും KGFമടക്കം സമീപകാലത്തെ പല പടങ്ങളും റഫറൻസ് ആയെടുത്ത് എന്നാൽ കാഴ്ച്ചയിൽ കൊള്ളാവുന്നതൊന്നുമില്ലാതാക്കിയ ഭോജ്പുരി മോഡൽ  കളറഭിഷേകമാണ് പുഷ്പ 2.

തികഞ്ഞ ഗ്രാമീണ ചുറ്റുപാടിൽ ജീവിക്കുന്ന നേരിയ വൈകല്യമുള്ളൊരു തീർത്തും സാധാരണക്കാരനായ പുഷ്പരാജിൽ നിന്ന്, ചന്ദന കള്ളക്കടത്ത് സിൻഡിക്കേറ്റിൻ്റെ തലവനാകുന്നത് വരെയുള്ള സംഭവബഹുലത നിറഞ്ഞ ആദ്യ ഭാഗത്തിൽ നിന്നും അതിൻറെ തുടർച്ചയെന്നോണം ആരംഭിക്കുന്ന രണ്ടാം ഭാഗമാണിത്.

ഇവിടെ പോലീസ് സ്റ്റേഷൻ വിലയ്ക്ക് വാങ്ങാനും, 100 കോടിയുടെ ഹെലികോപ്റ്റർ വെറും വാക്കുകൊണ്ട് സ്വന്തമാക്കാനും മുതൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മാറ്റാനും നിശ്ചയിക്കാനും പോന്ന കഥാപാത്രമാണ് പുഷ്പരാജ്... എന്നാലും മുകളിൽ പറഞ്ഞതുപോലെ "ചിലതൊന്നും പുഷ്പയ്ക്ക് ഇല്ലല്ലോ"... 
ഇത്തവണ സുകുമാർ പിടിക്കാൻ നോക്കിയതും ആ ഒരു ഭാഗമാണ്..

പുഷ്പയുടെ കുടുംബവും കുടുംബ പേരും അതുവഴിയുള്ള ഇമോഷണൽ ഏരിയകളും പ്രധാന കഥയാക്കാൻ നോക്കുമ്പോൾ,  
ഒരു ആക്ഷൻ പടം കാണാൻ വന്നവനെ സംബന്ധിച്ച് കണ്ണീർ പരമ്പരകളുടെ നിലവാരത്തിലും താഴെയുള്ള മനോവ്യാപാരങ്ങളും വൈകാരിക വേലിയേറ്റങ്ങളും അറുബോറായ് എടുത്തു വച്ചിരിക്കുകയാണിവിടെ. 

സിനിമയുടെ പോസിറ്റീവിലേക്ക് വരുമ്പോൾ, 
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അല്ലു അർജുൻ്റെ നല്ല പെർഫോമൻസ് എടുത്തു പറയാം... 
സ്ഥിരം കാണുന്ന സ്റ്റൈലിഷ് ഇമേജിൽ നിന്ന് പുഷ്പയിലേക്കെത്തുമ്പോൾ As a performer പുള്ളി ഒത്തിരി മുകളിലേക്ക് പോകുന്നുണ്ട്.
കൂടാതെ വിഷ്വലും ലോജിക്ക്ലെസ് മസാല ആക്ഷനുമൊക്കെ ഒരു പരിധിവരെ തൃപ്തിയുമാകുന്നുണ്ട്...

ഇനി നിറഞ്ഞു തുളുമ്പുന്ന പോരായ്മകളുടെ കോളം നോക്കുമ്പോൾ...

നായകനൊത്ത വില്ലൻ വേണ്ടിടത്ത്, വരുന്നവനും പോകുന്നവനും ഊ-ക്കിപൊളിക്കുന്ന  ഫഹദ് ഫാസിലിന്റെ കഥാപാത്രം സിനിമയുടെ പ്രധാന പോരായ്മയാണ്... സഹിക്കാൻ പറ്റില്ല പുള്ളിയുടെ കോമാളിത്തരങ്ങൾ....
ഫഹദിൻറെ കരിയറിലെ ഏറ്റവും മോശം കഥാപാത്രവും പെർഫോമൻസുമാണ് ബൻവർ സിംങ് ഷിഗാവത്ത്... 

കൂടാതെ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന രശ്മികയുടെ അസഹനീയ പെർഫോമൻസും കണ്ടില്ലെന്ന് നടിക്കാനെ പറ്റില്ല... ( ക്ലൈമാക്സിനോടടുത്ത് അജയുടെ കഥാപാത്രവുമായുള്ള രശ്മികയുടെ നീണ്ട ഒരു സംഭാഷണമുണ്ട്, ഹോ), ഈ പടത്തിലെ പെർഫോമൻസിന് ഒരുപക്ഷേ നാഷണൽ അവാർഡ് കിട്ടിയേക്കാം എന്ന് രശ്മികയ്ക്ക് തോന്നാനുണ്ടായ കാരണം അല്ലു അർജുന് കിട്ടിയ നാഷണൽ അവാർഡ് തന്നെയായിരിക്കും...

പഞ്ചില്ലാത്ത ഇൻട്രോയും കണക്റ്റാകാത്ത മാസ്സും
ശ്രീലീലയുടെ ഏശാതെ പോയ ഐറ്റം നമ്പറും, ചടപ്പിക്കൽ പാട്ടും അതിൻ്റെ കൊറിയോഗ്രഫിയും മുതൽ ഒരാകാംക്ഷയും നൽകാത്ത അവസാന രംഗം വരെ പുഷ്പയെ കാട്ടവരാതമാക്കി മാറ്റുന്നുണ്ട്....

കാളി വേഷം കെട്ടിയതിനുശേഷമുള്ള അല്ലു അർജുന്റെ കാന്താര കളി കാണുമ്പോൾ വീണ്ടുമൊരു നാഷണൽ അവാർഡ് മോഹിച്ചതാണോന്ന് സംശയിച്ചാലും തെറ്റില്ല,  കേന്ദ്രത്തിനിപ്പോൾ ഇതൊക്കെയാണല്ലോ മികച്ച നടനുള്ള മാനദണ്ഡങ്ങൾ...

പ്രത്യേകിച്ചൊരു ഹാപ്പിനിംങ്സും സംഭവിക്കാത്ത മൂന്നര മണിക്കൂറും അതിലെ ക്ലൈമാക്സ് ഫൈറ്റും ചന്ദനക്കടത്തിൽ നിന്ന് ചന്ദനമഴയിലെത്തിയ അതിൻറെ ബാക്കിയും സുകുമാറിന്റെ എഴുത്തധപ്പതിച്ചതിന്റെ വലിയ സൂചന കൂടിയാണ് ബാക്കിയാക്കുന്നത്... 

ഈ സിനിമയുടെ സകല മേഖലയും പരാജയമാണ്,  പുഷ്പ 2 തിയേറ്ററിൽ വിജയിക്കുമ്പോഴും എന്നെ സംബന്ധിച്ച് ഒരു അസഹനീയ തിയേറ്റർ അനുഭവമാണ് ബാക്കിയാക്കുന്നത്. #Pushpa2

MY RATING : 1/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - VETERAN 2 - the Executioner

No comments: