തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ
കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ സിനിമകളുടെ ബഡ്ജറ്റും തീയറ്റർ കളക്ഷനും പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...
അവരുടെ കണക്കുപ്രകാരം , 17 സിനിമകൾ റിലീസ് ചെയ്തിട്ട് അതിലൊന്നു പോലും ഈ ദിവസം വരെ മുടക്ക് മുതൽ തിരിച്ചു പിടിച്ചിട്ടില്ല...
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ജനങ്ങളുടെ നികുതി കാശെടുത്ത് നിർമ്മിച്ച രണ്ടു സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.. അതിലൊന്ന് ഒന്നരക്കോടി ചിലവിട്ടിട്ട് 55,000 രൂപ തിരിച്ചു കിട്ടി...
ഒന്നരക്കോടിക്ക് പടം എടുത്തിട്ട് 10,000 രൂപ കളക്ഷൻ കിട്ടിയ സിനിമ ഉൾപ്പെടെ നിർമാതാക്കളെ കൂത്തുപാളയെടുപ്പിച്ച ഇത്തരം പതിനേഴ് സിനിമകൾ...
ഈ റിപ്പോർട്ട് പ്രകാരം ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിലും, ഇതിലെ മറ്റൊരു വശമാണ് ചിന്തിക്കുന്നത്...
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിടുന്ന ഈ കണക്കുകൾ സിനിമയ്ക്ക് ഗുണമോ നാശമോ?
വലിയ നാശമാണെന്ന് ഞാൻ പറയും....
കാരണം ഈ കണക്കുകൾ വലിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.
ഇക്കാലത്ത് ഒരു സിനിമ എന്നാലതിൻ്റെ വാണിജ സാധ്യതകൾ ഒരുപാടാണ്...
കേരളത്തിലെ കളക്ഷൻ, മറ്റു സംസ്ഥാനങ്ങളിലെ കളക്ഷൻ, ഇന്ത്യക്ക് പുറത്തുള്ള കളക്ഷൻ, സാറ്റലൈറ്റും OTT യും അടക്കം വരുന്ന സിനിമയെ ഒന്നാകെ സേഫ് ആക്കാൻ പോലും കെൽപ്പുള്ള കളക്ഷൻ.... ഇങ്ങനെ ഒരുപാട് സ്രോതസ്സുകൾ.
അങ്ങനെ വരുമ്പോഴാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമയിറങ്ങി ദിവസങ്ങൾക്കകം കേരളത്തിലെ കളക്ഷൻ മാത്രം പുറത്തുവിട്ട് ആ സിനിമയെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ജഡ്ജ് ചെയ്യാൻ പ്രേക്ഷകരിലേക്ക് വിട്ടുകൊടുക്കുന്നത്...
ഇതുവഴി സംഭവിക്കുന്ന ആദ്യത്തെ പ്രശ്നം, ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വരുന്ന പുതിയ ആളുകളെ വല്ലാതെ പിറകോട്ട് വലിക്കും എന്നത് മാത്രമാണ്...
( കഴിഞ്ഞവർഷം വന്ന മാർക്കോ അടക്കമുള്ള പല വിജയ സിനിമകളും പുതിയ പ്രൊഡ്യൂസേഴ്സാണ് പ്രേക്ഷകരിലെത്തിച്ചത്... ഇത്തരം തെറ്റിദ്ധരിക്കപ്പെടുന്ന കണക്കുകൾ പുതിയ പ്രൊഡ്യൂസേഴ്സിനെ തന്നെ ഇല്ലാതെയാക്കും )
അഞ്ചരക്കോടി രൂപ ചിലവിട്ടു നിർമ്മിച്ച "നാരായണീൻ്റെ മൂന്നാണ്മക്കൾ" എന്ന സിനിമയ്ക്ക് നിർമ്മാതാക്കളുടെ ഈ കണക്കുപ്രകാരം 33 ലക്ഷം രൂപയാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്...
എന്നിരുന്നാൽ കൂടി മറ്റു ബിസിനസുകൾ വഴി ആ സിനിമ പ്രൊഡ്യൂസർക്ക് ലാഭമാണെന്ന് പറയുന്നു...
വലിയ സ്റ്റാർകാസ്റ്റ് ഇല്ലാത്ത അഞ്ചരക്കോടിക്ക് നിർമ്മിച്ച സിനിമയ്ക്ക് അഞ്ചു കോടിയിലധികം രൂപ മറ്റു ബിസിനസുകൾ വഴി പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതല്ലേ ഹൈലൈറ്റ്...
കണക്കുപുറത്ത് വിടുമ്പോൾ, ആ സിനിമയ്ക്ക് യഥാർത്ഥത്തിലുള്ള ബഡ്ജറ്റിനൊപ്പം ആഗോളതലത്തിൽ സകല ബിസിനസും ചേർത്ത് നിർമ്മാതാവിന് എത്ര രൂപ ഉണ്ടാക്കാൻ സാധിച്ചു എന്നതാകണം...
അപ്പോൾ മാത്രമല്ലേ, ആ പ്രോഡക്റ്റ് എത്ര രൂപ നിർമാതാവിന് തിരിച്ചുകൊടുത്തു എന്നു പറയാൻ സാധിക്കു.
അങ്ങനെ ഒരു കണക്കാണെങ്കിൽ, നഷ്ട്ടം വരുന്ന സിനിമകൾക്ക് സംഭവിച്ച പാളിച്ചയറിയാനും ലാഭമുണ്ടാക്കിയ സിനിമകൾ വഴി ഈ മേഖലയിലേക്ക് പുതിയ ഫണ്ടേഴ്സിനെയും ഉറപ്പായും ലഭിക്കും.
പിന്നെ പ്രിയപ്പെട്ട പ്രൊഡ്യൂസർമാരോട്, കേരളത്തിലെ കളക്ഷൻ കുറയുന്നതിന്....
ഒരു കുടുംബമായി തിയേറ്ററിൽ ചെന്ന് സിനിമ കണ്ടിറങ്ങണമെങ്കിൽ, 2000 രൂപയ്ക്കടുത്ത് ചെലവ് വരും...
തിയേറ്ററിലെ പോപ്കോൺ ചാർജിനെ കുറിച്ച് ഒന്നും പറയുന്നുമില്ല... സൊ, പ്രേക്ഷകർ സെലക്ടീവ് ആകും.
അവർക്ക് കാണാൻ ആഗ്രഹിക്കുന്ന ജോണറിൽ ഉള്ളൊരു സിനിമയാണെങ്കിൽ താരങ്ങളെ പോലും നോക്കാതെ അവർ തിയേറ്ററുകളിൽ എത്തുന്നുമുണ്ട്...
-തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ
No comments: