1363. തുടരും
🔹1363. തുടരും
Gnr. :- Family Drama
Lang. :- മലയാളം
ഒറ്റയാൻ വീണ്ടും കാട് കേറിയിട്ടുണ്ട്❤️🔥 അതതിൻ്റെ വന്യതയും വശ്യതയും അടിവരയിട്ടാഘോഷിച്ചേ കളം വിടുകയുള്ളു.....
തുടരും - തന്മാത്രയ്ക്ക് ശേഷം എൻ്റെ 'മോഹൻലാൽ' എന്ന ഇമോഷനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ സിനിമാനുഭവം💯
പലരും പരിശ്രമിച്ച് പരാജയപ്പെട്ട വിന്റേജ് മോഹൻലാലിൻ്റെ തിരിച്ചുവരവിലേക്കൊരു ശ്രമം നടത്താതെ,
കാലം കഴിഞ്ഞെന്ന് പഴിച്ചവരുടെ മുന്നിലേക്ക് മലയാളത്തിൻ്റെ മോഹൻലാലിനെ പകപ്പൊട്ടും കുറയ്ക്കാതെ പാകപ്പെടുത്തി
ഇടിച്ചു കുത്തി പെയ്യിക്കാൻ തരുണമൂർത്തിക്ക് സാധിച്ചിടത്താണ് 'തുടരും' ആഘോഷമാകുന്നത്....
ഒരു പെർഫോമറെന്ന നിലയിൽ കൊതിപ്പിക്കുന്ന ത്രസിപ്പിക്കുന്ന മെയ് വഴക്ക ചാരുതയുടെ, പ്രകടന വൈവിധ്യതയുടെ, ആഴ്ന്നിറങ്ങുന്ന പരകായതയുടെ നിറഞ്ഞാടുന്ന മോഹൻലാലത്തം.....
അത് കഴിഞ്ഞൊരൊന്നര പതിറ്റാണ്ടിനു ശേഷം കൺമനം നിറച്ച് ഉൾപ്പേറിയ കാഴ്ചയാണ് മോഹൻലാലിന്റെ, തരുൺ മൂർത്തിയുടെ, സുനിലിന്റെ, രജപുത്ര രഞ്ജിത്തിന്റെ ഈ സിനിമ പറയുന്നത്...
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറും അയാളുടെ സൗഹൃദവും കുടുംബവും പ്രതീക്ഷയും പ്രതികാരവും ഇടർച്ചയും ട്രെൻഡിങ് പോപ്പ്കൾച്ചർ ഡയലോഗുകളും ഒക്കെയായി റിലേറ്റബിളായൊരു കഥയിലേക്ക് ഇമോഷണൽ ബാഗേജിന്റെ സകല തരിപ്പും തീർത്ത് പറഞ്ഞുവെക്കുന്നതിൽ ഒരണുവിട പിഴച്ചിട്ടില്ല ചിത്രത്തിൽ .
ഷണ്മുഖവും അയാളുടെ കാറും കുടുംബവും സാധാരണത്വവും അസാധാരണത്വവുമൊക്കെ ,
അതിൻ്റെ പകിട്ടിൽ കിട്ടുന്ന 'ഹൈ' ലാലിലെ ആക്ടറെ സ്നേഹിക്കുന്ന, സിനിമയെന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസ്സുനിറയെ ഈ സിനിമയിൽ അനുഭവിച്ചറിയാൻ സാധിക്കും.
പെർഫോമൻസിൽ മോഹൻലാലിനെ കൂടാതെ എടുത്തു പറയേണ്ട പേരാണ് പ്രകാശ് വർമ്മയുടേത്... ആ കഥാപാത്രത്തെ തീർത്തും പുതുമുഖമായൊരാൾക്ക് നൽകാൻ കാണിച്ച തീരുമാനം തന്നെയാണ് സിനിമയുടെ ഇന്ന് കാണുന്ന ഈ ഔട്ട്പുട്ട്.
ഈ സിനിമയിൽ ശോഭനയ്ക്ക് പകരം മീനയെ ചിന്തിച്ചാൽ മാത്രം മതിയാകും ശോഭനയുടെ മികവറിയാൻ...
കൂടാതെ ബിനു പപ്പു, മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, ഹർഹാൻ എന്നിങ്ങനെയുള്ള ബാക്കിയുള്ളവരും കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
ജേക്കസ് ബിജോയുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് തുടരും... പുലിമുരുകന് ശേഷം ഷാജിയുടെ നോട്ടബിൾ സിനിമാട്ടോഗ്രാഫി... എഡിറ്റിങ്ങിലും കളറിങ്ങിലും കോസ്റ്റ്യൂംസിലും മറ്റു സാങ്കേതികതയിലും ടോപ് നോച്ച്...
ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് തുടരും, ഓൺലൈൻ സ്ട്രീമിംഗ് ചെയ്യുമ്പോൾ ചെറിയ സ്ക്രീനുകളിൽ അതെങ്ങനെ വർക്കാകുമെന്നറിയില്ല...
മലയാള സിനിമ ആസ്വദിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിർബന്ധമായും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് തുടരും.
പിള്ളേര് പറയുന്ന പോലെ, ഒരു പീക്ക്🔥 പടം.
MY RATING : 5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - തുടരും.....
No comments: