Search This Blog

[2006] - ശതകത്തിലെ പരാജയങ്ങൾ EP-07

▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2006

1. ലങ്ക
ചിന്താമണി കൊലക്കേസ് നൽകിയ വലിയ വിജയം വീണ്ടുമാവർത്തിക്കാൻ എ കെ സാജൻ സുരേഷ് ഗോപിയ്ക്കൊപ്പം ഒരിക്കൽ കൂടി എത്തിയ ചിത്രമാണ് ലങ്ക...

സുരേഷ് ഗോപി,  മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം അക്കാലത്തെ സിനിമ കാഴ്ചകളിൽ വേറിട്ടൊരനുഭവം നൽകിയെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ തക്ക ഒന്നുമില്ലാത്ത എഴുത്തും മേക്കിങ്ങും പിന്നെ ദഹിക്കാത്തൊരു സുരേഷ് ഗോപി കഥാപാത്രവുമെല്ലാമായപ്പോൾ ലങ്ക ആ വർഷത്തെ വലിയൊരു പരാജയമായി.

2. ഭാർഗ്ഗവചരിതം മൂന്നാംഖണ്ഡം
മമ്മൂട്ടിക്ക് സാമ്രാജ്യം സമ്മാനിച്ച സംവിധായകൻ ശ്രീ ജോമോന് മലയാള സിനിമയോട് തന്നെ ഭായ് പറയാൻ ശ്രീനിവാസൻ എഴുതി കൊടുത്തൊരു തിരക്കഥ... കഥാപാശ്ചാത്തലവും ആഖ്യാനവും കേൾക്കുമ്പോൾ തന്നെ അസഹ്യമായി തോന്നിക്കുന്ന കറൻറ് ഭാർഗവന്റെ കോമാളിത്തരത്തിന് തിയേറ്ററിലും അർഹിച്ച പരാജയം തന്നെ ഏൽക്കേണ്ടിവന്നു...

മമ്മൂട്ടിയുടെ അറുബോറൻ പെർഫോമൻസും അതിനേക്കാൾ അസഹ്യമായ കഥയും സിനിമയെ പുള്ളിയുടെ കരിയറിലെ തന്നെ മോശം സിനിമകളിൽ ആദ്യ സ്ഥാനത്ത് എത്തിക്കുന്നുണ്ട്...

3. മഹാസമുദ്രം
മോഹൻലാൽ, ലൈല, ഇന്നസെൻറ്, റഹ്മാൻ തുടങ്ങി തരക്കേടില്ലാത്തൊരു താരനിരയിൽ എസ് ജനാർദ്ദനൻ എഴുതി സംവിധാനം  ചെയ്ത സിനിമയാണ് മഹാസമുദ്രം...
എം ജയചന്ദ്രന്റെ കുറച്ചു നല്ല പാട്ടുകൾ മാറ്റിനിർത്തിയാൽ ഈ സിനിമയും ഇതിലെ മോഹൻലാലിൻറെ പെർഫോമൻസും  കഥാസന്ദർഭങ്ങളും ഒക്കെ സീരിയസായി ചെയ്തതാണെങ്കിലും ബഹു കോമഡി ആയി മാറിയിട്ടുണ്ട്...
അർഹിച്ച പരാജയവും പ്രേക്ഷകരാൽ കളിയാക്കലുകളും നേരിട്ട മറ്റൊരു സിനിമ..

4.  കിലുക്കം കിലുകിലുക്കം
ഉദയകൃഷ്ണ സിബി കെ തോമസ് എഴുതി കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ് സന്ധ്യാ മോഹൻ സംവിധാനം ചെയ്ത സിനിമ.. മോഹൻലാലിൻറെ ഗസ്റ്റ് വേഷവും ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഇന്നസെൻറ് , സലിംകുമാർ തുടങ്ങി അക്കാലത്തെ കോമഡിയിൽ കയ്യടി നേടി കൊണ്ടിരുന്ന ഒരുപറ്റം അഭിനേതാക്കളും വേഷമിട്ട തട്ടിക്കൂട്ട് തല്ലിപ്പൊളി പടമാണ് കിലുക്കംകിലുകിലുക്കം... ഈ സിനിമയിലെ കാവ്യ മാധവന്റെ പെർഫോമൻസ് പുള്ളിക്കാരിയുടെ കരിയറിൽ എന്നും കൾട്ട് ക്ലാസിക് ആയ് നിലനിൽക്കും... ഓർക്കുമ്പോഴേ ഓർക്കാനം വരും.

കിലുക്കം പോലൊരു സിനിമയ്ക്ക് വഷളത്തരവുമായി തിയേറ്ററിൽ എത്താൻ അവർ കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ നൽകിയ മറുപടിയായിരുന്നു അർഹിച്ച പരാജയം.

5. ദി ഡോൺ
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്നതിന് ഷാജി കൈലാസ് കൊടുത്ത മറുപേരായിരുന്നു ''ദി ഡോൺ''. പുള്ളിയിവിടെ തുമ്പിയെക്കൊണ്ട് കരിങ്കല്ല് എടുപ്പിക്കുന്ന കാഴ്ച്ചയായിരുന്നു പടമൊന്നാകെ കാണാൻ സാധിച്ചത്.

മോഹൻലാൽ മീശപിരി പടങ്ങൾ നിരത്തിപൊട്ടിയ സാഹചര്യത്തിൽ മോഹൻലാലിന് വെച്ച ടെംപ്ലേറ്റ് ഫോം കഥാപാത്രം ദിലീപിനെ കൊണ്ട് ചെയ്തെടുപ്പിച്ചപ്പോൾ പാകമല്ലാത്ത കുപ്പായമിട്ട പ്രതീതിയായിരുന്നു ആദ്യാവസാനം..

J പള്ളശേരി എഴുതി ദിലീപ്, സായികുമാർ, ഗോപിക, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ സിനിമ എടുത്തുപറയത്തക്ക ഒന്നും തന്നെ നൽകിയിട്ടില്ല... ഇന്ന് പലർക്കും ചെറിയൊരു താൽപര്യമൊക്കെയുള്ള ഈ സിനിമ അന്നൊരു ബോക്സ്ഓഫീസ് ബോംബ് തന്നെയായിരുന്നു പൊട്ടിച്ചത്...

ഇവയെ കൂടാതെ ബൽറാം Vs താരാദാസ് , പ്രജാപതി, അശ്വാരൂഢൻ, മൂന്നാമതൊരാൾ , രാഷ്ട്രം , പതാക , അച്ഛനുറങ്ങാത്ത വീട്, യെസ് യുവർ ഹോണർ, ഫോട്ടോഗ്രാഫർ , കനകസിംഹാസനം തുടങ്ങി മുൻനിരയിലെ അഭിനേതാക്കൾ എല്ലാം തന്നെ ആവറേജിലും അതിൽ താഴെയും നിലവാരമുള്ള സിനിമകൾ കൊണ്ട് പരാജയം അടുത്തറിഞ്ഞിട്ടുണ്ട്.

📍ഇതേ വർഷം പുറത്തിറങ്ങിയ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇

🔹 വാസ്തവം

കീർത്തിചക്രയും ക്ലാസ്മേറ്റ്സും പുറത്തിറങ്ങിയ അതേ വർഷം തിയേറ്ററിൽ പരാജയമായ എന്നാൽ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് അടക്കം പ്രേക്ഷകപ്രീതിയും അംഗീകാരങ്ങളും സ്വന്തമാക്കിയ പത്മകുമാർ പൃഥ്വിരാജ് സിനിമയാണ് വാസ്തവം... ആ വർഷത്തെ എന്നുമാത്രമല്ല പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2007

No comments: