1318. അജയന്റെ രണ്ടാം മോഷണം
അജയന്റെ രണ്ടാം മോഷണം
Gnr. :- Fantasy / Action
Lang. :- മലയാളം
നക്ഷത്ര കല്ലുകൾ കൊണ്ട് എടയ്ക്കൽ രാജാവ് നിർമ്മിച്ചെടുത്ത ഒരു ദേവീ ശിൽപം.... തന്നെ ഒരു പ്രതിസന്ധിഘട്ടത്തിൽ സഹായിച്ച
കുഞ്ഞിക്കേളുവിന് രാജാവ് അത് നൽകേണ്ടി വരുന്നതും
അതുവഴി 'ചിയോതിവിളക്ക്' എന്നറിയപ്പെടുന്ന ആ ശില്പം ചിയോതികാവിലെത്തുന്നതും തലമുറകൾക്ക് ശേഷം അത് മോഷ്ടിക്കുന്ന മണിയൻ എന്ന വീരനായ കള്ളനും അയാളുടെ കൊച്ചുമകൻ അജയനുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ...
കുഞ്ഞിക്കേളുവിൻ്റെ പിന്മുറക്കാരായ മണിയനേയും അജയനേയും ഉൾപ്പെടെ മൂന്ന് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത് ടോവിനോ തോമസ് ആണ്... ഈ സിനിമയിൽ പുള്ളിയുടെ പെർഫോമൻസ് ഗംഭീരമായിരുന്നു...
അതിൽ തന്നെ മണിയൻ എന്ന കഥാപാത്രം ടോവിനോയുടെ മികച്ച പെർഫോമൻസ് എന്ന പേരിൽ വരുംകാലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടേക്കാം...
'മുത്തശ്ശികഥ' എന്നും പറഞ്ഞ് മനുഷ്യനെ വെറുപ്പിച്ചു കൊന്ന വാലിബനോർമ്മയുള്ളത് കൊണ്ട് ആദ്യമേ പറയാം, അജയന്റെ രണ്ടാം മോഷണം ഒരു മുത്തശ്ശി കഥ വായിക്കുന്ന ലാഘവത്തിലും സൗന്ദര്യത്തിലും കണ്ടവസാനിപ്പിക്കാൻ സാധിക്കുന്ന സിനിമയാണ്...
മുകളിൽ പറഞ്ഞതുപോലെ സിനിമയുടെ പ്രധാന കഥ 3 കഥാപാത്രങ്ങളിലൂടെയാണ് പറയുന്നത്, അതിൽ തന്നെ കുഞ്ഞിക്കേളു എന്ന കഥാപാത്രം ആദ്യത്തെ കുറച്ചു രംഗങ്ങൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കുമ്പോൾ പിന്നീട് കള്ളൻ മണിയനും അയാളുടെ ഭാര്യ മാണിക്യവും ഒക്കെ പെർഫോമൻസ് കൊണ്ട് കഥയെ മികച്ചതാക്കുന്നുണ്ട്... അതും താണ്ടി അടുത്ത തലമുറയിൽ എത്തി അജയനിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ ഒപ്പം എത്തുന്ന കൃതിഷെട്ടിയും ബേസിൽ ജോസഫും ഹരീഷ് ഉത്തമന്റെ കഥാപാത്രവുമൊക്കെ അനുഭവപ്പെടുത്തുന്ന തൃപ്ത്തി കുറവാണ് സിനിമയുടെ ആദ്യ പോരായ്മ....
ഗംഭീര പ്രൊഡക്ഷൻ ഡിസൈനിൽ ഒരുങ്ങിയ സിനിമയാണിത്, പറയുന്ന അസാധാരണ കഥയെ അതിന്റെ സത്ത് ഒട്ടും ചോരാതെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്, ജിതിൻ ലാൽ എന്ന സംവിധായകന്റെ ആദ്യ സിനിമ കൂടിയാണ് ഇതെന്നറിയുമ്പോൾ സന്തോഷം ഇരട്ടിക്കും...
സൗണ്ട് വിഷ്വൽ ട്രീറ്റ് എന്ന് പറയുമ്പോൾ , 2Dയിൽ ഷൂട്ട് ചെയ്തു ത്രീഡിയിലേക്ക് കൺവേർട്ട് ചെയ്ത വിഷ്വൽസ് പേഴ്സണലി എനിക്കൊരു നെഗറ്റീവ് അനുഭവമാണ് ഉണ്ടാക്കിയത്... കാരണം നല്ല ക്വാളിറ്റി വിഷ്വലുകളെ ഇരുട്ടുമൂടിയ അവസ്ഥയിലാണ് സ്ക്രീനിൽ കാണാൻ സാധിച്ചത്.
സിനിമയുടെ സൗണ്ട് ഡിപ്പാർട്ട്മെൻറ് ഗംഭീരമായിരുന്നു.. അതിൽ തന്നെ ക്ലൈമാക്സിലെ പാട്ട് അടക്കം പ്ലേസ് ചെയ്തതൊക്കെ പേഴ്സണലി നന്നായി വർക്ക് ആയിട്ടുണ്ട്...
അഭിനേതാക്കളിൽ മുകളിൽ പറഞ്ഞവരെ കൂടാതെ സുരഭി, രോഹിണി, അജു വർഗീസ്, ജഗദീഷ്, സന്തോഷ് കീഴാറ്റൂർ, ഐശ്വര്യ രാജേഷ് എന്നിങ്ങനെ പല ഭാഷകളിലായി വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്... എന്നാൽ പലപ്പോഴും സിനിമയുടെ പോരായ്മയാകുന്നത് ക്യാരക്ടറൈസേഷനിലെ ബലമില്ലായ്മയാണ്... അതുകൊണ്ടുതന്നെ ഒരു ഇമോഷണൽ ബോണ്ട് സിനിമയ്ക്ക് ഉണ്ടാക്കാൻ സാധിക്കാതെ പോകുന്നുണ്ട്...
വലിയൊരു ദൈർഘ്യത്തിൽ വലിയൊരു സിനിമ.. അതിനെ കെട്ടിലും മട്ടിലും ഗംഭീരമാക്കിയെടുക്കാൻ കൈ മെയ് മറന്ന് ഒരു കൂട്ടം ആളുകൾ പ്രവർത്തിച്ചതിന്റെ ഔട്ട്പുട്ട് സിനിമയിലൂടെനീളം കാണാൻ സാധിക്കുന്നുണ്ട്... വർക്ക് ആവുന്നതും ആകാതെ പോകുന്നതുമായ ഒരുപാട് രംഗങ്ങൾ ഉള്ള സിനിമയാണ്.. എന്നിരുന്നാലും ഈ സിനിമ നിരാശപ്പെടുത്തില്ല.
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-Yadu EZr
NEXT - വാഴ
No comments: