Search This Blog

Thoughts on വരത്തൻ

🔹626. വരത്തൻ

Gnr :- Thriller Drama
Lang :- മലയാളം 2018

പതിഞ്ഞതാളത്തിൽ തുടങ്ങി പിന്നീടത് കൊട്ടികയറി ഒടുക്കം തകർപ്പൻ പൂരലഹരി സമ്മാനിയ്ക്കുന്ന അമൽ നീരദ് ചിത്രമാണിത്.

#ഇഷ്ട്ടപ്പെടുത്തും_ഈ_വരത്തൻ

"My Rating :- 4/5"

[ https://www.facebook.com/yaduezr ]
-Yadu EZr

ഗൾഫിലെ ജോലി നഷ്ട്ടപ്പെട്ട് നിരാശനായ് ഫ്ലാറ്റിലെത്തിയ എബിയെ അന്ന് കാത്തിരുന്നത് മറ്റൊരു ദുഃഖ വാർത്ത കൂടിയാണ്. ശേഷം ഭാര്യ പ്രിയയ്ക്കൊപ്പം നാട്ടിലെത്തുന്ന എബി ഇവിടെ നേരിടേണ്ടി വരുന്ന കാര്യങ്ങളാണ് ബാക്കി കഥ പറയുന്നത്.
പ്രിയയുടെ അച്ഛന്റെ പഴയ വീട്ടിൽ ഇവർ താമസത്തിനെത്തുന്നതും ആ നാട്ടിലെ ഞെരമ്പ് സദാചാരക്കാരും അവർ വഴി നേരിടുന്ന അതിക്രമങ്ങളും തുടർന്നുള്ള പ്രതിരോധവുമായ് രണ്ട് മണിക്കൂർ ദൈർഘ്യത്തിൽ പറഞ്ഞെടുത്ത ഈ ചിത്രം പൂർണ തൃപ്ത്തി നൽകുന്ന വ്യത്യസ്ഥ കാഴ്ച്ചാനുഭവമാണ് നൽകുന്നത്.

ഫഹദ് ഫാസിൽ എന്ന നടനേയും താരത്തേയും ഒരുപോലെ കൊണ്ടാടുന്ന കഥാപാത്ര നിർമ്മിതിയാണ് എബി.
അനാവശ്യ രംഗങ്ങളോ സംഭാഷണമോ ഇല്ലാതെ കഥ പറഞ്ഞ രീതിയും ചിത്രത്തിന്റെ താളത്തിന് യോജിയ്ക്കും വിധമുള്ള ദൃശ്യഭംഗിയും പശ്ചാത്തലസംഗീതവും ഇവയുടെയെല്ലാം മാറ്റ് കൂട്ടുന്ന എഡിറ്റിംഗും കളറിംഗും ചേർന്നപ്പോൾ കാഴ്ച്ചയിൽ കേമനാകാൻ വരത്തന് സാധിച്ചു.

ഐശ്വര്യ അവതരിപ്പിച്ച പ്രിയ എന്ന വേഷം മികച്ചതായിരുന്നു. മായാനദിയ്ക്ക് ശേഷം ഈ നടിയുടെ മറ്റൊരു ഗംഭീര പ്രകടനമാണ് പ്രിയ നൽകുന്നത്.
റേപ്പ് രംഗം കാണിയ്ക്കാതെ ശേഷം പ്രിയയുടെ പ്രകടനത്താൽ അത് പ്രേക്ഷകനിലേക്കെത്തിക്കാൻ സാധിച്ചതും ഐശ്വര്യയുടെ വിജയമാണ്.

പ്രിയയുടെ നാട്ടിലേയ്ക്ക് ആദ്യമായ് വരുന്ന എബി ആ നാട്ടുക്കാർക്ക് വരത്തനാണ്. അവരുടെ സമീപനവും അത്തരത്തിലാകുമ്പോൾ "വരത്തൻ" എന്ന പേര് ചിത്രത്തിനോട് യോജിച്ച് കിടക്കുന്നു. കൂടാതെ എബി എന്ന കഥാപാത്രം പ്രേക്ഷകനും വരത്തനാകുന്നുണ്ട്. അയാൾ ആരാണെന്നോ എന്തായിരുന്നെന്നോ കൃത്യമായ് പറയുന്നില്ല.
അയാളുടെ ജോലി എന്തായിരുന്നു? എന്ന സംശയം പോലും ക്ലൈമാക്സ് രംഗങ്ങൾ കണ്ട പ്രേക്ഷകന് തോന്നിപ്പിയ്ക്കും വിധമാണ് കഥാപാത്ര പരിചരണം.

അങ്കിൾ എന്ന മെലോഡ്രാമ സാരോപദേശ നാടകം രണ്ട് മണിക്കൂർ കൊണ്ട് പറയാൻ ഉദ്ദേശിച്ചത് ഈ ചിത്രത്തിൽ വെറും ഒരു രംഗത്തിലൂടെ കാണിക്കുന്നുണ്ട്. ആ രംഗം കൈയ്യടി നേടുന്നുമുണ്ട്.
കാവി ഇട്ട സദാചാരക്കാരനെ ഇതിലും കാണാം. അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവരുടെ ദേശീയ വസ്ത്രമാണോ ഈ കാവി???

മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്ത് കഥ പറയുന്നതിനാൽ ഈ സ്ലോ പേസ്ഡ് ചിത്രം കാണിയെ മുഷിപ്പിയ്ക്കില്ല.
ഷറഫുദ്ദീൻ, അർജ്ജുൻ അശോക്, പോത്തേട്ടൻ, ഷോബി തിലകൻ തുടങ്ങി പേരറിയാത്ത കുറച്ച് അഭിനേതാക്കളും അടങ്ങുന്ന വരത്തനിൽ
 പ്രകടനത്തിൽ ഏവരും മികച്ച് നിന്നു.
ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ വൃത്തിയായ് പറഞ്ഞതും കൈയ്യടി നേടിക്കൊടുക്കുന്നു.

''അൻവറും ജാക്കിയും ബിലാലും അലോഷിയും" പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവരെ നിരാശപ്പെടുത്തുന്നതായിരിക്കാം വരത്തന്റെ ആദ്യ പകുതി, എന്നാൽ പരിഭവങ്ങൾ പാടേ മാറ്റുന്ന തകർപ്പൻ രണ്ടാം പാതിയും കൂടെ കൊലകൊല്ലി ക്ലൈമാക്സും ചേരുബോൾ ഏതൊരു പ്രേക്ഷകനെയും രസിപ്പിയ്ക്കാൻ വരത്തന് സാധിയ്ക്കും.
 
Last worD

മികച്ചൊരു മറുഭാഷ ചിത്രത്തേ മലയാളത്തിലേക്ക് പറിച്ച് നടാനും അത് പ്രേക്ഷകനുമായ് കണക്ട് ചെയ്യിപ്പിക്കാനും തനിക്ക് സാധിയ്ക്കുമെന്ന് അമൽ നീരദ് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചതാണ്. അതിനെ അടിവരയിട്ടുകൊണ്ടുള്ള സംവിധാനമികവാണ് വരത്തൻ.

"My Rating :- 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
                           - @YaduEzr
               next 》》കുട്ടനാടൻ ബ്ലോഗ്ഗ്

No comments: