Search This Blog

1184. മലയൻകുഞ്ഞ്

🔹" മലയൻകുഞ്ഞ് ''

Gnr :- Survival Thriller / Drama
Lang :- മലയാളം

ആദ്യപകുതി മുഴുവൻ പല്ലുതേപ്പും കുളിയും ബാക്കിയിലെത്തുമ്പോൾ പൊന്നീന്നും പറഞ്ഞുള്ള കാറിച്ചയും!
ഇതായിരുന്നു മലയൻകുഞ്ഞിനെ കുറിച്ചുള്ള ഒരു സുഹൃത്തിൻറെ റിവ്യൂ, ഏകദേശം ഇതേ അർത്ഥത്തിൽ വരുന്ന ഒരുപാട് അഭിപ്രായങ്ങൾ ഓൺലൈനിലും കണ്ടിരുന്നു, എന്നാൽ അത്ര മോശം സിനിമയായൊന്നും തോന്നിയില്ല, ടൈറ്റിലിൽ ഫഹദും ARഉം മഹേഷുമൊക്കെ ഉണ്ടെങ്കിലും ആ പേരുകളിൽ വരുന്ന ഹൈപ്പിനോളം സിനിമ ഉയരുന്നുമില്ല... 
അതെ, ഒരുവട്ടം എക്സ്പീരിയൻസ് ചെയ്യാവുന്ന തരക്കേടില്ലാത്ത ചിത്രം.

അനികുട്ടൻറെ ഇന്നുകളിൽ അയാൾ ജീവിക്കുന്നത് ഇന്നലെകൾ നൽകിയ ട്രോമയിലൂടെയാണ്, അയാളെ അടുത്തറിയാവുന്നവർ ആ പരിഗണന അയാൾക്ക് കൊടുക്കുന്നതും കഥയിൽ കാണാം... അപ്പന്റെ മരണത്തിന് കാരണക്കാരിയായ അനിയത്തിയും അവളോടുള്ള വൈരാഗ്യവും അതുകൊണ്ടെത്തിക്കുന്ന ജാതി ചിന്തകളും അനിക്കുട്ടനെ ഒരുപാട് മാറ്റിയിട്ടുണ്ട്, 
ആ ചിന്തകൾക്ക് തിരിച്ചറിവ് നൽകുന്നത് മരണം മുന്നിൽ കണ്ടപ്പോഴും ജീവിതത്തിലേക്ക് വഴികാട്ടിയായ താൻ ഏറെ വെറുത്തൊരു ശബ്ദമാണ്, പൊന്നീ
എന്ന പേര് അനിക്കുട്ടന് നൽകിയ തിരിച്ചറിവുകൾ സിനിമയുടെ രണ്ടാം പകുതിയിൽ പ്രേക്ഷകനുമായി എത്രത്തോളം കണക്റ്റ് ആകുന്നുണ്ടെന്നത് കണക്കാക്കിയാകും സിനിമ നിങ്ങൾക്ക് അനുഭവപ്പെടുത്തുക. 

മലയാള സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലുള്ള ചിത്രമാണ് ട്രാൻസ്, വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ആ സിനിമയെക്കാൾ കാശുമുടക്കിയെടുത്ത ചിത്രമാണ് മലയൻകുഞ്ഞ് എന്നാണ് ഫഹദ് ഫാസിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്, എന്നാൽ അത്തരമൊരു ബഡ്ജറ്റ് പ്രൊഡക്ഷൻ ഡിസൈനിൽ എവിടേയും കാണാനുമില്ല, സിനിമയുടെ പോരായ്മകളിലേക്ക് വന്നാൽ നല്ലൊരു ആദ്യപകുതി കഴിഞ്ഞാൽ ബാക്കി മുഴുവൻ വിരസമാണ്, കഥയിൽ പ്രത്യേകിച്ചൊന്നും നടക്കാത്ത ഫ്ലോ നശിപ്പിക്കുന്ന രണ്ടാം പകുതി പറയുന്നത് നായകൻറെ സർവ്വൈവലും മാനസികാവസ്ഥകളുമാകുബോൾ സിനിമ അതുവരെ കാണിച്ച കയ്യൊതുക്കം നഷ്ടപ്പെടുകയും ചെറുതല്ലാത്ത രീതിയിൽ ബോറടിപ്പിക്കുകയും ചെയ്യുന്നു.

ഫഹദ് ഫാസിൽ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, രജിഷ വിജയൻ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ഒത്തിരി അഭിനേതാക്കൾ ചിത്രത്തിലുണ്ട്, പെർഫോമൻസിൽ ആരും മോശമല്ല. 
30 വർഷങ്ങൾക്ക് ശേഷമുള്ള എആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് അടയാളപ്പെടുത്തുന്ന സിനിമയൊന്നുമല്ലെങ്കിലും മലയൻകുഞ്ഞിൻറെ മൂഡ് സിനിമയിലൂടെനീളം വൃത്തിക്ക് പിടിച്ചിട്ടുണ്ട്. 

മഹേഷ് നാരായണൻ എഴുതി ഫാസിൽ നിർമ്മിച്ച് സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് മുന്നേ നൽകിയ പ്രതീക്ഷകളോട് നീതിപുലർത്താൻ ഔട്ട്പുട്ടിന് സാധിക്കുന്നില്ല, ഒരുവട്ടം കണ്ടു മറക്കാവുന്ന തരക്കേടില്ലാത്ത ചിത്രം എന്ന ലേബലിൽ ആകെതുകയിലെത്തുന്ന മലയിൻ കുഞ്ഞ് കണ്ട് അഭിപ്രായം വിലയിരുത്തുക.
 
My Rating - 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " ബ്രേക്കിംഗ് ബാഡ് ''

No comments: