Search This Blog

1259. ആടുജീവിതം

🔹ആടുജീവിതം

Gnr :-   Drama   
Lang :- മലയാളം

വരണ്ട് വിണ്ടുകീറിയ ഉള്ളും ഉയിരും എല്ലുകൊണ്ട് താങ്ങി നിർത്തി നജീബിലെ വൈകാരിക തലങ്ങളെ സസൂഷ്മം ദൃശ്യാഖ്യാനംകൊണ്ട് ഇന്നോളം കണ്ട മികച്ച പെർഫോമൻസുകളിലൊന്നാക്കി തീർക്കാൻ പൃഥ്വിരാജിനെകൊണ്ടാകുന്നതും, അതിനെ സ്ക്രീനിലൊരു കവിത പോലെ വരച്ചിടാനും മരുഭൂമിയിലെ വിഭിന്ന സാഹചര്യങ്ങളെ നജീബിന്നോണം കാണുന്ന പ്രേക്ഷകനും തന്റേതാക്കിയോർക്കാനും പാകത്തിൽ തന്നിലെ ഫിലിംമേക്കറെ പൊളിച്ചെഴുതി ബ്ലസി നടത്തിയ വർഷങ്ങളുടെ സമർപ്പണമാണ് ആടുജീവിതം.

ആടുജീവിതം എന്ന ബെന്യാമിൻ നോവലിൻ്റെ ഉയിരു തൊട്ടൊരു സൃഷ്ട്ടി ഒന്നുമല്ല എന്നെ സംബന്ധിച്ച് ഈ സിനിമ... കാരണം നജീബിന്റെ ജീവിതവും യാത്രയും പരിമിതികളില്ലാതെ  വായനക്കാരനെ തൊടാനും തലോടാനും ബെന്യാമിൻ തൊട്ടതലങ്ങൾ പലതും സിനിമാഖ്യാനത്തിലെത്തുമ്പോൾ പാടെ മാറി പുതിയതൊന്നായാണ് കാണാൻ പറ്റുന്നത്, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ മസറയിലേറ്റ ക്രൂരതകളിലടക്കം പലയിടത്തും നോവലിൽ നിന്ന് മാറി മൃദുസമീപനവും സിനിമയിൽ കാണാം...
ബെന്യാമിൻ എഴുതിയ പുസ്തകത്തിൻറെ സിനിമാവിഷ്കാരം എന്ന നിലയിൽ ബ്ലെസ്സിയുടെ ആടുജീവിതത്തിനെ സമീപിച്ചാൽ, വായിച്ചപ്പോളനുഭവപ്പെട്ട മരുഭൂമിയിലെ പൊള്ളുന്ന ചൂട് സിനിമയിലനുഭവപ്പെടുന്നില്ല എന്നതുതന്നെയാണ് എൻറെ പക്ഷം. കൂടാതെ ചിലയിടങ്ങളിലെ സംഭാഷണങ്ങളും ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലിന്റെ ചിലയിടങ്ങളിലെ പെർഫോമൻസും അമലപോളിന്റെ പാളിപ്പോകുന്ന മേക്കപ്പും പോരായ്മകളുടെ കോളത്തിൽ എനിക്കനുഭവപ്പെട്ടതാണ്..

മരുഭൂമിയിലകപ്പെടുന്ന നജീബ് ഉള്ളുകൊണ്ട് ജീവിക്കുന്ന നാടും വീടും പുഴയും മഴയുമൊക്കെ നോൺ ലീനിയറായ ആഖ്യാനത്തോടെ  ബ്ലെസ്സി രണ്ടേമുക്കാൽ മണിക്കൂറിൽ വിഷ്വലി വരച്ചിടുന്ന ആടുജീവിതം 
അതിജീവനവും അതിനുള്ള പോരാട്ടവും അത് നൽകുന്ന മണൽമണ്ണിലെ തിരിച്ചടികളും പ്രത്യാശയുമൊക്കെ വിഷ്വൽ കൊറിയോഗ്രാഫിയിലെ മാജിക് കൊണ്ട് അത്രമേൽ ഗംഭീരമായിയിട്ടുണ്ട്...

അതിനാക്കംകൂട്ടാനും അമ്പരപ്പിക്കാനും പടത്തെ പീക്കിലെത്തിക്കാൻ കയ്യുംമെയ്യും മറന്നു പരിമിതികളെ പറ്റി ചിന്തിക്കാതെ പിന്നണിയിൽ പ്രവർത്തിച്ച കെ എസ് സുനിൽ എന്ന സിനിമോട്ടോഗ്രാഫറും, 
 അതിജീവനവും മരണവെപ്രാളവുമൊക്കെ ബാഗ്രൗണ്ട് സ്കോർ കൊണ്ടും  'പെരിയോനെ...' എന്നടക്കമുള്ള ട്രാക്കുകൾകൊണ്ടും പടത്തെ ഒന്നാകെ ലിഫ്റ്റ് ചെയ്ത റഹ്മാൻ മാജിക്കും റസൂൽ പൂക്കുട്ടിയുടെ അത്യുഗ്രൻ സൗണ്ട് ഡിസൈനും ആർട്ടും എഡിറ്റിംങും കളറിംങ്ങുമെല്ലാമായ് ആടുജീവിതം ടെക്നിക്കലി മലയാളത്തിൽ ഇന്നോളം വന്നതിൽ ഏറ്റവും പീക് ലെവൽ സിനിമ തന്നെയാണ്...

കൂടാതെ പെർഫോമൻസുകളിൽ പൃഥ്വിരാജിനൊപ്പം  എടുത്തു പറയേണ്ട പേരാണ് ജിമ്മി ലൂയിസ് അവതരിപ്പിച്ച ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രം... ഇമോഷണലി ആ കഥാപാത്രം സിനിമയിലെന്ത് ചെയ്യണമോ അത് അതിമനോഹരമായി ഡെലിവർ ചെയ്യപ്പെടുന്നുണ്ട് എന്നതും മൊത്തം സിനിമയുടെ പോസിറ്റീവ് തന്നെയാണ്..

തന്നിലെ സംവിധായകനെ പുതുക്കിപ്പണിഞ്ഞ 16 വർഷങ്ങളും അതിനുള്ള അധ്വാനവും ഈ സിനിമയിലൂടെനീളം കണ്ടനുഭവപ്പെടുന്നുണ്ട്... 
തൻ്റെ വിഷനിൽ ബ്ലസ്സി സ്വപ്ന ചിത്രമൊരുക്കുബോൾ പുള്ളി കുറുക്കുവഴികളെ പിൻപറ്റിയല്ല ഈ സിനിമയെ സമീപിച്ചത്... അത് കയ്യടി അർഹിക്കുന്നുമുണ്ട്.
പൃഥ്വിരാജിലേക്ക് വരുമ്പോൾ മനസ്സും ശരീരവും ഒരുപോലെ പാകപ്പെടുത്തിയ വർഷങ്ങളുടെ പ്രയത്നം ഒന്നടിവരയിടുന്നുണ്ട്...

ഒരു നടൻ എന്ന നിലയിൽ പൃഥ്വി ഇതിനകം പ്രൂവ് ചെയ്യപ്പെട്ടെങ്കിലും, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ തൻറെ പേരിനിടം കാണാൻ മറ്റൊരു പെർഫോമൻസും സിനിമയും തിരഞ്ഞു പോകേണ്ടതില്ല എന്നത് കൂടി പ്രൂവ് ചെയ്യപ്പെടുകയാണ്.
#Aadujeevitham

 MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "A SHOP FOR KILLER'S"

No comments: